ഒരിക്കല്‍ പോലും വഴക്കിട്ടിട്ടില്ല; വീട്ടു ജോലിയിലും സഹായിക്കും; ഇതല്ല വേണ്ടത്; വിവാഹമോചനത്തിന് ഒരുങ്ങി ഭാര്യ

ഇത്തരമൊരു റൊമാന്റിക്ക് ഭര്‍ത്താവിനെയല്ല തനിക്ക് വേണ്ടതെന്നാണ് ഭാര്യയുടെ വാദം
ഒരിക്കല്‍ പോലും വഴക്കിട്ടിട്ടില്ല; വീട്ടു ജോലിയിലും സഹായിക്കും; ഇതല്ല വേണ്ടത്; വിവാഹമോചനത്തിന് ഒരുങ്ങി ഭാര്യ

യുഎഇ:  ഭാര്യഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള പിണക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമാണ് പലപ്പോഴും വിവാഹമോചനത്തില്‍ കലാശിക്കുന്നത്. എന്നാല്‍ ഭര്‍ത്താവ് വിവാഹജീവിതത്തില്‍ ഒരിക്കല്‍പ്പോലും വഴക്കുണ്ടാക്കാത്തതിന്റെ പേരില്‍ വിവാഹമോചനത്തിന് ഒരുങ്ങിയിരിക്കുകയാണ് ഒരു ഭാര്യ. യുഎഇയിലാണ് സംഭവം. 

ഒരു വര്‍ഷം നീണ്ട ദാമ്പത്യത്തില്‍ ഒരിക്കല്‍പ്പോലും ഭര്‍ത്താവ് വഴക്കിട്ടിട്ടില്ല എന്നുള്ളതാണ് ഭാര്യയുടെ പരാതി. അതുപോരാത്തതിന് ഭര്‍ത്താവ് തന്നെ എല്ലാ വീട്ടുജോലിയിലും സഹായിക്കുന്നതും കാരണമായി ഭാര്യ ചൂണ്ടികാണിക്കുന്നു. ചില നേരങ്ങളില്‍ തനിക്കുള്ള ഭക്ഷണം കൂടി ഭര്‍ത്താവ് പാചകം ചെയ്ത് തരാറുണ്ട്. ഇത്തരമൊരു റൊമാന്റിക്ക് ഭര്‍ത്താവിനെയല്ല തനിക്ക് വേണ്ടതെന്നാണ് ഭാര്യയുടെ വാദം.

ഒരു ദിവസമെങ്കിലും നീളുന്ന വഴക്ക് വേണമെന്ന് താന്‍ എപ്പോഴും ആഗ്രഹിക്കാറുണ്ടെന്നും എന്നാല്‍ പലപ്പോഴും ഭര്‍ത്താവ് തന്നെ സമ്മാനങ്ങള്‍ തന്ന് സന്തോഷിപ്പിക്കുകയാണ് പതിവെന്നും ഭാര്യ കോടതിയോട് പറഞ്ഞു. താന്‍ എപ്പോഴും ആരോഗ്യപരമായ ചര്‍ച്ചയ്ക്കും തര്‍ക്കത്തിനുമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ജീവിതത്തില്‍ അങ്ങനെ യാതൊന്നും സംഭവിക്കുന്നില്ല. ഒരു വര്‍ഷത്തെ ജീവിതം നരകമായെന്നും ഇവര്‍ പറയുന്നു. ഭര്‍ത്താവ് സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കുകയാണെന്ന് ഇവര്‍ കോടതിയെ ബോധിപ്പിച്ചു. 

വഴക്കുണ്ടാക്കാന്‍ വേണ്ടി താന്‍ ഒരിക്കല്‍ ഭര്‍ത്താവിന് തടി കൂടുതലാണെന്ന് പറഞ്ഞു. എന്നാല്‍ അദ്ദേഹം ദേഷ്യപ്പെടാതെ അന്നുമുതല്‍ ചിട്ടയായി വ്യായാമം ചെയ്യുകയും ഡയറ്റ് പാലിക്കുകയുമാണ് ചെയ്തത്. വ്യായാമം ചെയ്യുന്നതിന്റെ ഇടയ്ക്ക് കാല്‍ ഒടിഞ്ഞിട്ട് പോലും വഴക്കിട്ടില്ലെന്നാണ് ഭാര്യയുടെ പരാതി. 

ഇത്രയൊക്കെ പരാതികള്‍ കേട്ടിട്ടും ഭാര്യയില്‍ നിന്നും വിവാഹമോചനം വേണ്ടെന്നാണ് ഭര്‍ത്താവിന്റെ നിലപാട്. താന്‍ ഉത്തമ ഭര്‍ത്താവാകാനാണ് ശ്രമിച്ചതെന്നും തന്റെ തെറ്റ് തിരുത്താന്‍ ഒരു അവസരം കൂടി തരണമെന്നും ഭര്‍ത്താവ് ആവശ്യപ്പെട്ടു. കോടതി ഭര്‍ത്താവിന്റെ അപേക്ഷ പരിഗണിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com