ഭര്‍ത്താവ് എപ്പോഴും തടിച്ചിയെന്ന് വിളിച്ച് അവഹേളിക്കുന്നു; വിവാഹമോചനം തേടി യുവതി കോടതിയില്‍ 

പാര്‍ട്ടികളിലും മറ്റും പങ്കെടുത്തു തുടങ്ങിയ ഭര്‍ത്താവ് തടികൂടുതലാണെന്ന് പറഞ്ഞ് ഭാര്യയെ കൂടെക്കൂട്ടാന്‍ തയാറായില്ല.
ഭര്‍ത്താവ് എപ്പോഴും തടിച്ചിയെന്ന് വിളിച്ച് അവഹേളിക്കുന്നു; വിവാഹമോചനം തേടി യുവതി കോടതിയില്‍ 

ബോഡി ഷേമിങ്ങിനെക്കുറിച്ച് നിരവധി ചര്‍ച്ചകളും മറ്റും നടക്കുമ്പോഴും ഇപ്പോഴും മിക്കവരും ഇതിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. ശിക്ഷ ലഭിക്കാന്‍ വകുപ്പില്ലെങ്കിലും ഇതൊരു ഗുരുതരമായ കുറ്റകൃത്യമാണെന്ന് പലരും മനസിലാക്കുന്നില്ല. ബോഡി ഷെയ്മിങ് സഹിക്കാനാകാതെ ഇവിടെയൊരു യുവതി വിവാഹമോചനം തേടിയിരിക്കുകയാണ്. 

ഭര്‍ത്താവ് തന്നെ 'തടിച്ചി' എന്ന് വിളിച്ച് നിരന്തരം അവഹേളിക്കുന്നുവെന്നും ഇത് മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അതിനാല്‍ ഇനിയും ബന്ധത്തില്‍ തുടരാന്‍ സാധിക്കില്ല എന്നും കാണിച്ചാണ് യുവതി കുടുംബകോടതിയെ സമീപിച്ചത്. 27കാരിയായ യുവതിയാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് കോടതിയെ സമീപിച്ചത്. 

ഉത്തര്‍പ്രദേശിലെ ബിജ്‌നൂര്‍ സ്വദേശിനിയായ യുവതിയാണ് മീററ്റ് സ്വദേശിയായ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുന്നത്. പരാതി സ്വീകരിച്ച ഗാസിയാബാദ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉടന്‍ തന്നെ ഇരുവരുടേയും മൊഴി രേഖപ്പെടുത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

2014ലായിരുന്നു ഇവര്‍ വിവാഹിതരാകുന്നത്. നോയ്ഡയിലെ ഒരു സ്വകാര്യ യൂണിവേഴ്‌സിറ്റിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ യുവാവ് നോയ്ഡയിലെ ഒരു ഇന്റര്‍നാഷ്ണല്‍ കംപനിയിലാണ് ജോലി ചെയ്യുന്നത്. വിവാഹം കഴിഞ്ഞശേഷം യുവാവിന്റെ വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. 2016ല്‍ ഗാസിയാബാദിനടുത്തുള്ള ഇന്ദിരാപുരത്തുള്ള ഫ്‌ലാറ്റിലേക്ക് താമസം മാറി.

തുടക്കത്തില്‍ ഭര്‍ത്താവിന്റെ ഭാഗത്ത് അവളേഹനപരമായ സംസാരമൊന്നും ഉണ്ടായിരുന്നില്ലെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍ ഗാസിയാബാദിലേക്ക് താമസം മാറ്റിയതിനു ശേഷം ഭര്‍ത്താവ് പാര്‍ട്ടികളിലും മറ്റും പങ്കെടുത്തു തുടങ്ങിയെന്നും തടിച്ച ശരീരം എന്നു ചൂണ്ടിക്കാട്ടി യുവതിയെ കൂടെക്കൂട്ടാന്‍ തയ്യാറായില്ലെന്നും പരാതിയില്‍ പറയുന്നു. അതോടൊപ്പം, യുവതിയെ ഇത്തരം പാര്‍ട്ടികളില്‍ നിന്നും പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും നിരുത്സാഹപ്പെടുത്താന്‍ തുടങ്ങി.

യുവതിയുടെ ശരീരത്തെ കുറിച്ച് മറ്റാളുകളുടെ മുന്നില്‍ വെച്ചും അവഹേളനപരമായി സംസാരിക്കാന്‍ തുടങ്ങിയതോടെ ഇത് അസഹനീയമായി തുടങ്ങിയെന്നും പരാതിയില്‍ പറയുന്നു. ഭര്‍ത്താവ് മദ്യപിക്കാന്‍ നിര്‍ബന്ധിച്ചിരുന്നതായും ഇതിനു വിസമ്മതിക്കുമ്പോള്‍ മര്‍ദ്ദിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com