കടന്നുപോയത് ഏറ്റവും ചൂടേറിയ വര്‍ഷം: നാസ

താപനില വര്‍ധനവ് കാട്ടുതീകള്‍ ക്കും മറ്റ് പ്രകൃതിക്ഷോഭങ്ങള്‍ക്കും കാരണമായിമാറുകയും ചെയ്യുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കടന്നുപോയത് ഏറ്റവും ചൂടേറിയ വര്‍ഷം: നാസ

ഭൂമിയിലെ ആഗോളതാപനില രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷം ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയ നാലാമത്തെ വര്‍ഷമാണ് 2018. നാസയും നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനുമാണ് (എന്‍ഓഎഎ) ഈ കണക്കുകള്‍ പുറത്തുവിട്ടത്.

ഇരുപതാം നൂറ്റാണ്ടില്‍ അടയാളപ്പെടുത്തിയ ശരാശരി താപനിലയേക്കാള്‍ .79 ഡിഗ്രീ സെല്‍ഷ്യസ് താപനിലവര്‍ധനവാണ് കഴിഞ്ഞവര്‍ഷം ഉണ്ടായതെന്ന് എന്‍ഓഎഎ വ്യക്തമാക്കി. 1951 നും 1980 നും ഇടയില്‍ ഉള്ളതിനേക്കാള്‍ .83 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ താപനിലയാണ് 2018 ല്‍ ഉണ്ടായതെന്ന് നാസയുടെ ഗോഡാര്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്‌പേയ്‌സ് സ്റ്റഡീസ് (ജിഐഎസ്എസ്) പറഞ്ഞു.  

പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ ഭൂമിയില്‍ നന്നായി ചൂട് അനുഭവപ്പെട്ടിട്ടുണ്ട്. ഈ ചൂട് മനുഷ്യനിര്‍മ്മിതമാണെന്നും ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യന്റെ വിവിധ പ്രവര്‍ത്തികള്‍ മൂലം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നതിന്റെ വര്‍ധനവും മറ്റ് ഹരിതഗൃഹവാതകങ്ങളുമാണ് ഈ താപനില വര്‍ധനവിന് കാരണമായതെന്നാണ് ഗവേഷകര്‍ പറയുന്നത്. 

എന്നാല്‍ പ്രാദേശിക താപനിയലുടെ കാര്യത്തില്‍ ഈ കണക്കുകള്‍ ബാധകമല്ല. ഭൂമിയുടെ എല്ലാ പ്രദേശങ്ങളിലും ചൂട് അനുഭവപ്പെടുന്നില്ല എന്ന് സാരം.   താപനില വര്‍ധനവ് ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത് ആര്‍ട്ടിക് മേഖലയിലാണ്. വന്‍ തോതിലുള്ള മഞ്ഞുരുകലാണ് 2018ലും ഇവിടെ ഉണ്ടായത്. ഗ്രീന്‍ലാന്‍ഡിലെയും അന്റാര്‍ട്ടിക് മേഖലയിലേയും മഞ്ഞുപാളികള്‍ കൂടിയ അളവില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. 

മഞ്ഞ്പാളികള്‍ ഉരുകുന്നതിലൂടെ സമുദ്രനിരപ്പ് ഉയരുന്നതിന് കാരണമാകും. മാത്രമല്ല, താപനില വര്‍ധനവ് കാട്ടുതീകള്‍ ക്കും മറ്റ് പ്രകൃതിക്ഷോഭങ്ങള്‍ക്കും കാരണമായിമാറുകയും ചെയ്യുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഭൂമിയില്‍  അനുഭവപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. കടല്‍ കയറ്റവും  ഉഷ്ണതരംഗവും ജൈവവ്യവസ്ഥിലുള്ള മാറ്റവും ഇതിന്റെ ഭാഗമാണ്. 

6,300 ഓളം കാലാവസ്ഥാ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍, സമുദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ സംവിധാനങ്ങള്‍, അന്റാര്‍ട്ടിക് മേഖലയിലുള്ള ഗവേഷണ കേന്ദ്രങ്ങളില്‍ നിന്നുമുള്ള താപനില കണക്കുകള്‍ എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലാണ് നാസ പോ.വര്‍ഷത്തെ താപനില വിശകലനം ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com