തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരയിലേക്ക്: രക്ഷിക്കാന്‍ ശ്രമിച്ച് ആളുകള്‍, വീഡിയോ

ജോര്‍ജിയയിലെ സെന്റ് സൈമണ്‍സ് ദ്വീപിന് അടുത്തുളള കടല്‍ തീരത്താണ് സംഭവം.
തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരയിലേക്ക്: രക്ഷിക്കാന്‍ ശ്രമിച്ച് ആളുകള്‍, വീഡിയോ

തിമിംഗലങ്ങള്‍ കൂട്ടത്തോടെ തീരത്തേക്കെത്തിയപ്പോള്‍ അത് പെന്‍ഗ്വിനുകളാണെന്നായിരുന്നു ആളുകള്‍ ആദ്യം കരുതിയത്. അത് കണ്ട് അടുത്തേക്ക് ചെന്നവര്‍ അമ്പരന്ന് പോയി. ഒരു കൂട്ടം പൈലറ്റ് തിമിംഗലങ്ങള്‍ എങ്ങനെയോ തീരത്തേക്കെത്തി തിരിച്ച് പോകാനാകാതെ കിടക്കുകയായിരുന്നു. ഇവയെ കഷ്ടപ്പെട്ട് കടലിലേക്ക് ആയച്ച ആളുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കയ്യടി നേടുന്നത്. 

ജോര്‍ജിയയിലെ സെന്റ് സൈമണ്‍സ് ദ്വീപിന് അടുത്തുളള കടല്‍ തീരത്താണ് സംഭവം. 20 ഓളം പൈലറ്റ് തിമിംഗലങ്ങളാണ് തിരമാലയില്‍പ്പെട്ട് തീരത്തേക്ക് എത്തിയത്. ഇതു കണ്ടതും ബീച്ചിലുണ്ടായിരുന്നവര്‍ അവയെ തിരികെ കടലിലേക്ക് വിടുന്നതിനുളള ശ്രമങ്ങള്‍ തുടരുകയായിരുന്നു. 

ഡിക്‌സി മാക്കോയ് ആണ് ഇതിന്റെ ലൈവ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചത്. 'ബീച്ചില്‍ ഞങ്ങള്‍ എത്തിയപ്പോള്‍ കുറേ പേര്‍ വെളളത്തില്‍ നില്‍ക്കുന്നതാണ് കണ്ടത്. ആദ്യം ഞങ്ങള്‍ കരുതിയത് ഡോള്‍ഫിനുകളാണെന്നാണ്. പക്ഷേ അടുത്തേക്ക് ചെന്നപ്പോള്‍ ഞങ്ങള്‍ക്ക് വിശ്വസിക്കാനായില്ല. തീരത്ത് തിമിംഗലങ്ങള്‍ കിടക്കുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി. അവയെ തിരികെ കടലിലേക്ക് വിടാനായി അവിടെയുണ്ടായിരുന്നവരെല്ലാം ശ്രമിക്കുന്നുണ്ടായിരുന്നു,' മാക്കോയ് സിഎന്‍എന്നിനോട് പറഞ്ഞു.

തിമിംഗലങ്ങള്‍ തീരത്തേക്ക് എത്തിയ വിവരം അറിഞ്ഞ് ജോര്‍ജിയ ഡിപ്പാര്‍ട്‌മെന്റ് ഓഫ് നാച്യുറല്‍ റിസോഴ്‌സസ് (ഡിഎന്‍ആര്‍), വൈള്‍ഡ്‌ലൈഫ് റിസോഴ്‌സസ് ഡിവിഷന്‍, ഡിഎന്‍ആര്‍ കോസ്റ്റല്‍ റിസോഴ്‌സസ് ഡിവിഷന്‍, ജോര്‍ജിയ സീ ടര്‍ട്ടില്‍ സെന്റര്‍, നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അഡ്‌മോസ്ഫറിക് അസോസിയേഷന്‍, ഗ്ലെയ്ന്‍ കൗണ്ടി എമര്‍ജന്‍സി മാനേജ്‌മെന്റിലെ അടക്കമുളളവര്‍ എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ തിമിംഗലങ്ങളെ കടലിലേക്ക് വിടുകയും ചെയ്തു.

'തിമിംഗലങ്ങള്‍ തീരത്തേക്ക് എത്തുന്നത് സ്വാഭാവികമാണ്. അവയെ തിരികെ കടലിലേക്ക് വിടാന്‍ സഹായിക്കുക മാത്രമേ നമുക്ക് ചെയ്യാനാവൂ,' ഡിഎന്‍ആര്‍ സീനിയര്‍ വൈള്‍ഡ്‌ലൈഫ് ക്ലേ ജോര്‍ജ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com