ജീവന്‍ നഷ്ടപ്പെട്ട അമ്മക്കുറുക്കന്റെ വയര്‍ കീറി കുഞ്ഞുങ്ങളെ പുറത്തെടുത്തു: കര്‍ഷകന് കയ്യടി

വഴിയരികില്‍ ഏതോ വണ്ടിയിടിച്ച് ജീവന്‍ നഷ്ടപ്പെട്ട അവസ്ഥയില്‍ കിടക്കുന്ന അമ്മക്കുറുക്കന് സമീപം ക്രിസ് റോള്‍ഫ് എന്ന 24കാരന്‍ വണ്ടി നിര്‍ത്തുകയായിരുന്നു.
ജീവന്‍ നഷ്ടപ്പെട്ട അമ്മക്കുറുക്കന്റെ വയര്‍ കീറി കുഞ്ഞുങ്ങളെ പുറത്തെടുത്തു: കര്‍ഷകന് കയ്യടി

നുഷ്യനും മൃഗങ്ങളും തമ്മില്‍ എല്ലാകാലത്തും അടുപ്പം ഉണ്ടായിരുന്നതാണ്. പക്ഷേ സ്വന്തം വളര്‍ത്തുമൃഗങ്ങള്‍ക്കപ്പുറത്തേക്ക് ആ സ്‌നേഹം നീണ്ടുപോകുമോ എന്നതാണ് നോക്കേണ്ടത്. അത് ചുരുക്കം ചിര്‍ക്കേ കാണു. അങ്ങനൊരു കര്‍ഷകനെ കുറിച്ചാണ് ഇപ്പോള്‍ സൈബര്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. 

വഴിയരികില്‍ ഏതോ വണ്ടിയിടിച്ച് ജീവന്‍ നഷ്ടപ്പെട്ട അവസ്ഥയില്‍ കിടക്കുന്ന അമ്മക്കുറുക്കന് സമീപം ക്രിസ് റോള്‍ഫ് എന്ന 24കാരന്‍ വണ്ടി നിര്‍ത്തുകയായിരുന്നു. ഇംഗ്ലണ്ടിലെ സസെക്‌സ് കൗണ്ടിയിലാണ് സംഭവം. അടുത്തെത്തിയപ്പോള്‍ മാത്രമാണ് അതൊരു കുറുക്കനാണെന്നും ഗര്‍ഭിണിയാണെന്നും ക്രിസ് തിരിച്ചറിയുന്നത്. 

അയാള്‍ ഡോക്ടറോ നഴ്‌സോ ഒന്നും അല്ലാതെ തന്നെ ആ റിസ്‌ക് ഏറ്റെടുക്കാന്‍ തയാറായി. ആ നിറവയറിനുള്ളിലെ ജീവന്റെ തുടിപ്പുകള്‍ ചെറുപ്പക്കാരനായ കൃഷിക്കാരനെ ഒരു പക്ഷെ അസ്വസ്ഥപ്പെടുത്തിക്കാണും. വേഗം എന്തെങ്കിലും ചെയ്തില്ലെങ്കില്‍ അമ്മയുടെ വയറ്റില്‍ കിടന്ന് ആ കുഞ്ഞുങ്ങള്‍ മരിക്കുമെന്ന് അയാള്‍ക്ക് ഉറപ്പായിരുന്നു.

കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന കത്തി എടുത്തു കൊണ്ടു വന്ന് മരിച്ചു കിടന്ന ആ കുറുക്കന്റെ വയറ്റില്‍  ക്രിസ്  എമര്‍ജന്‍സി 'സര്‍ജറി' ചെയ്യുകയായിരുന്നു. വയറിനുള്ളില്‍ വീര്‍പ്പുമുട്ടി കിടന്ന നാലു കുറുക്കന്‍ കുഞ്ഞുങ്ങളെ വയറുകീറി പുറത്തെടുത്തു. നാലാമത്തെ കുറുക്കന്‍ കുഞ്ഞും പുറത്തു വന്നപ്പോഴേക്കും നേരം പാതിരാത്രി ആയിരുന്നു. 

ആശുപത്രികളുമായി പോലും യാതൊരു ബന്ധവുമില്ലാതിരുന്ന ക്രിസ് ഇത് ചെയ്തത് മനസാന്നിദ്ധ്യം ഒന്നു കൊണ്ട് മാത്രമാണ്. ധാരാളം വളര്‍ത്തുമൃഗങ്ങളുണ്ടായിരുന്നു, ക്രിസിന്. മുന്‍പ് തന്റെ ഫാമിലെ ആടുകളില്‍ ഇതുപോലെ സിസേറിയന്‍ ചെയ്യുന്നത് അയാള്‍ നേരില്‍ കണ്ടിരുന്നു. ആ  ധൈര്യത്തിലാകാം ക്രിസ് ഇതൊക്കെ ചെയ്തത്.

ക്രിസ് ആ കുഞ്ഞുങ്ങളെ കോട്ടിന്റെ പോക്കറ്റിലാക്കി തന്റെ അമ്മയുടെ വീട്ടിലേക്ക് കാറോടിച്ചു പോയി. അയാളുടെ സമയോചിതമായ ഇടപെടല്‍ രക്ഷിച്ചത് നാല് ജീവനുകളെയാണ്.

ഇപ്പോള്‍ ആ കുറുക്കന്‍ കുഞ്ഞുങ്ങള്‍ക്ക് ഏഴാഴ്ച പ്രായമുണ്ട്. കുഞ്ഞുങ്ങളുമൊത്തുള്ള ചിത്രങ്ങള്‍ ക്രിസ് സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ അനുഭവകഥയോടൊപ്പം പങ്കുവെച്ചിരുന്നു. രാത്രി ഏറെ വൈകിയിട്ടും ആ കാടിനുള്ളില്‍ വണ്ടി നിര്‍ത്തി കുഞ്ഞുങ്ങളെ വയറുകീറി രക്ഷിക്കാന്‍ റോള്‍ഫ് കാണിച്ച മനസ്സാന്നിദ്ധ്യത്തെ വാഴ്ത്തുകയാണ് സൈബര്‍ ലോകം.

പ്രദേശത്തെ കുറുക്കന്മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന 'ദി ഫോക്‌സ് പ്രോജക്ട്' എന്ന എന്‍ജിഒയുടെ സഹായം ക്രിസിന് ലഭ്യമാവുന്നുണ്ട്. ജിഞ്ചര്‍, ബിസ്‌ക്കറ്റ്, ബിഗ് ടിപ്പ് , ലിറ്റില്‍ ടിപ്പ് എന്നിങ്ങനെ കുറുക്കന്‍കുഞ്ഞുങ്ങള്‍ക്ക് പേരുമിട്ടു ക്രിസ്. 

പലരും കുറുക്കന്മാരെ ഇണക്കി വളര്‍ത്തുന്നതിനെ കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും റോള്‍ഫ് ആ ആശയത്തിന് എതിരാണ്. കുറുക്കന്മാര്‍ പൂര്‍ണ്ണമായും വന്യജീവികളാണെന്നും, അവരെ നാട്ടില്‍ വളര്‍ത്താന്‍ പാടില്ലെന്നുമാണ് അയാളുടെ വിശ്വാസം. കുറുക്കന്‍ കുഞ്ഞുങ്ങള്‍ ആറുമാസത്തോളം വളര്‍ച്ചയെത്തിയ ശേഷം അവയെ കാടിനുള്ളില്‍ വിടാനാണ് ക്രിസിന്റെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com