ആദ്യം കാറിന് മുകളില്‍ കയറി ഇരുന്നു, ഞെരുക്കി അമര്‍ത്തി; ആനയുടെ പരാക്രമത്തില്‍ ഭയന്ന് സഞ്ചാരികള്‍, നടുക്കുന്ന വീഡിയോ

ദേശീയോദ്യാനത്തിലൂടെ സഞ്ചരിക്കുകയായിരുന്ന വിനോസഞ്ചാരികളുടെ കാറ് കാട്ടാന തകര്‍ക്കുകയായിരുന്നു.
ആദ്യം കാറിന് മുകളില്‍ കയറി ഇരുന്നു, ഞെരുക്കി അമര്‍ത്തി; ആനയുടെ പരാക്രമത്തില്‍ ഭയന്ന് സഞ്ചാരികള്‍, നടുക്കുന്ന വീഡിയോ

വിനോദയാത്രകള്‍ എപ്പോഴും സന്തോഷത്തില്‍ മാത്രം അവസാനിക്കണമെന്നില്ല. ചില യാത്രകളില്‍ സഞ്ചാരികള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളും നേരിടേണ്ടി വരാറുണ്ട്. തായ്‌ലാന്‍ഡിലെ കഹു യായ് ദേശീയോദ്യാനത്തിലൂടെ സഞ്ചരിച്ച വിനോദസഞ്ചാരികള്‍ക്കാണ് അപ്രതീക്ഷിതമായി നടുക്കുന്ന അനുഭവമുണ്ടായത്. 

ദേശീയോദ്യാനത്തിലൂടെ സഞ്ചരിക്കുകയായിരുന്ന വിനോസഞ്ചാരികളുടെ കാറ് കാട്ടാന തകര്‍ക്കുകയായിരുന്നു. ആനയെ കണ്ടതിനാല്‍ ഡ്രൈവര്‍ കാര്‍ നിര്‍ത്തിയിട്ടതായിരുന്നു. തുടര്‍ന്ന് കാറിന് സമീപമെത്തിയ ആന അതിന് മുകളില്‍ കയറി ഇരുന്ന് കാര്‍ ഞെരിച്ച് അമര്‍ത്താന്‍ തുടങ്ങി. പിന്നീട് ആന എഴുന്നേറ്റപ്പോള്‍ മാത്രമാണ് ഡ്രൈവര്‍ക്ക് കാറുമായി മുന്നോട്ട് പോകാനായത്. ബ്ലാക്ക് സ്വഡാന്‍ കാറിലായിരുന്നു വിനോദസഞ്ചാരികള്‍ യാത്ര ചെയ്തിരുന്നത്. 

ആന കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ആനയുടെ ആക്രമണത്തില്‍ പെട്ട കാറിന് മുന്നില്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലെ സ്ത്രീയാണ് സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ പകര്‍ത്തിയത്. തനിക്ക് ഹൃദയാഘാതം സംഭവിക്കുമെന്ന് യുവതി പറയുന്നതായും വീഡിയോയില്‍ കേള്‍ക്കാം. 

കഹു യായ് ദേശീയോദ്യാനത്തിലെ പി ഡ്യുര്‍ എന്ന് പേരുള്ള 35കാരനായ കൊമ്പനാനയാണ് ആക്രണമുണ്ടാക്കിയത്. തണുപ്പുള്ള സമയങ്ങളില്‍ ഈ ആന ഇത്തരത്തില്‍ വനത്തിനുള്ളില്‍ നിന്ന് റോഡിലേക്ക് വരികയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യാറുണ്ടെന്നാണ് വനപാലകര്‍ പറയുന്നത്. 

വന്യജീവികള്‍ ആക്രമിക്കാന്‍ വരുമ്പോള്‍ സഞ്ചാരികള്‍ക്ക് വേണ്ട നിര്‍ദേശങ്ങളെല്ലാം തങ്ങള്‍ നല്‍കിവരാറുണ്ടെന്നും വനപാലകര്‍ പറഞ്ഞു. വഴിയില്‍ മൃഗങ്ങളെ കണ്ടാല്‍ കുറഞ്ഞത് 30 മീറ്റര്‍ എങ്കിലും ദൂരെ കാര്‍ നിര്‍ത്തിയിടണമെന്നും മൃഗങ്ങളുടെ ഫോട്ടോ എടുക്കരുതെന്നും വനപാലകര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com