'വാട്ട് ദ ഫാര്‍ട്ട്..!': ഏറ്റവും വലിയ ശബ്ദത്തില്‍ ആര് കീഴ്ശ്വാസം വിടും; ഗുജറാത്തില്‍ ദേശീയ അധോവായു മത്സരം

ഏറ്റവും ദൈര്‍ഘ്യമേറിയ കീഴ്ശ്വാസം, ഏറ്റവും ഉച്ചത്തിലുള്ള കീഴ്ശ്വാസം, ഏറ്റവും സംഗീതാത്മകമായ കീഴ്ശ്വാസം എന്നീ മൂന്ന് വിഭാഗങ്ങളായാണ് മത്സരം നടക്കുക.
'വാട്ട് ദ ഫാര്‍ട്ട്..!': ഏറ്റവും വലിയ ശബ്ദത്തില്‍ ആര് കീഴ്ശ്വാസം വിടും; ഗുജറാത്തില്‍ ദേശീയ അധോവായു മത്സരം

ലതരം മത്സരങ്ങളും കണ്ടിട്ടുണ്ട്, എന്നാല്‍ ഇങ്ങനെയൊരു മത്സരത്തെക്കുറിച്ച് ഒരു പക്ഷേ ഇന്ത്യക്കാര്‍ കേള്‍ക്കുന്നത് തന്നെ ആദ്യമായിട്ടായിരിക്കും. ഗുജറാത്തില്‍ നടത്താന്‍ പ്ലാനിട്ടിരിക്കുന്ന ഈ മത്സരത്തിന് സംഘാടകര്‍ നല്‍കിയിരിക്കുന്ന പേര് 'വാട്ട് ദ ഫാര്‍ട്ട്' എന്നാണ്. ഏറ്റവും ഉറക്കെയുള്ള ശബ്ദത്തില്‍ ആര് കീഴ്ശ്വാസം വിടും എന്നതാണ് മത്സരം.

ഗുജറാത്തിലെ സൂറത്തില്‍ ഈ മാസം 22ന് ഇതിനായി മത്സരം സംഘടിപ്പിക്കുകയാണ്. ഗായകനായ യതിന്‍ സംഗോയ് ആണ് കീഴ്ശ്വാസ മത്സരം സംഘടിപ്പിക്കുന്നത്. 2001ല്‍ നടന്ന ഒരു സംഗീതമത്സരത്തിലെ വിജയി കൂടിയാണ് അദ്ദേഹം. ഇന്ത്യയില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു കീഴ്ശ്വാസ മത്സരം നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്തെ ആദ്യ കീഴ്ശ്വാസ മത്സരം നടത്തിയ നാടെന്ന പ്രസിദ്ധി ചിലപ്പോള്‍ ഗുജറാത്തിന് ലഭിച്ചേക്കും.

ഏറ്റവും ദൈര്‍ഘ്യമേറിയ കീഴ്ശ്വാസം, ഏറ്റവും ഉച്ചത്തിലുള്ള കീഴ്ശ്വാസം, ഏറ്റവും സംഗീതാത്മകമായ കീഴ്ശ്വാസം എന്നീ മൂന്ന് വിഭാഗങ്ങളായാണ് മത്സരം നടക്കുക. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 15000, 10000, 5000 എന്നീ തുകകളും ട്രോഫികളും നല്‍കാനാണ് തീരുമാനം. 

100 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഇതുവരെ 30 പേര്‍ പ്രവേശനത്തിനായി അപേക്ഷിച്ചിട്ടുണ്ട്. കൊല്‍ക്കത്തയില്‍ നിന്ന് വരെ കീഴ്ശ്വാസ മത്സരത്തെക്കുറിച്ച് അന്വേഷിച്ച് സംഘാടകര്‍ക്ക് വിളിയെത്തിയെന്നാണ് വിവരം. ഗുജറാത്തിന് പുറമേ അഹമ്മദാബാദിലും മുംബൈയിലും കൊല്‍ക്കത്തയിലും സമാനമായ മത്സരം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് യതിന്‍ സംഗോയ്.

'കുടുംബത്തോടൊപ്പം ഒരു സിനിമ കണ്ടുകൊണ്ടിരിക്കെ ഞാന്‍ അറിയാതെ ഉറക്കെ ഒരു കീഴ്ശ്വാസം വിട്ടുപോയി. അപ്പോള്‍ എല്ലാവരും എന്നെ കളിയാക്കി. 'നാട്ടില്‍ ഇതിനൊരു മത്സരമുണ്ടെങ്കില്‍ നിനക്കായിരിക്കും ഒന്നാം സ്ഥാനം' എന്ന് പരിഹസിച്ചു. അങ്ങനെയാണെങ്കില്‍ ഇനി ഇതിനൊരു മത്സരം തന്നെ സംഘടിപ്പിച്ചേക്കാം എന്ന് കരുതി. അങ്ങനെയാണ് ഈ ഐഡിയ വന്നത്. 

ഇതേക്കുറിച്ച് സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ അവര്‍ കളിയാക്കി പൊട്ടിച്ചിരിച്ചു. എന്നാല്‍ ഞാന്‍ ഈ പരിപാടിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. 10 പേര്‍ മാത്രമേ ഉള്ളെങ്കില്‍ പോലും മത്സരം നടത്തണം എന്ന് തീരുമാനിച്ചു. ബിസിനസൊക്കെ ഡള്‍ ആയ നിലവിലേത് പോലുള്ള സാഹചര്യത്തില്‍ രസകരമായ ഒരു പരിപാടി ഒരുക്കുകയായിരുന്നു ലക്ഷ്യം'- യതിന്‍ പറയുന്നു.

കീഴ്ശ്വാസം വിടുന്നത് തീര്‍ത്തും ആരോഗ്യമുള്ള ഒരു ശരീരമാണെന്നാണ് യതിന്‍ പറയുന്നത്. പത്തിരുപതു വര്‍ഷം മുന്‍പ് വരെ ആളുകള്‍ പരസ്യമായി കീഴ്ശ്വാസം വിട്ടിരുന്നു. അന്നൊന്നും ഇതിന്റെ പേരില്‍ ആരെയും ആരും പരിഹസിച്ചിരുന്നില്ല. ഇപ്പോള്‍ പരിഷ്‌കാരം വര്‍ധിച്ചു വന്നപ്പോഴാണ് ഇത് അപമര്യാദയായിപ്പോലും ജനം കണ്ടുതുടങ്ങിയത്. ആ അവസ്ഥ മാറണമെന്നും യതിന്‍ പറഞ്ഞു. 

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com