പതിവായി വീടുകളില്‍ നിന്ന് ചെരുപ്പ് മോഷണം, ഭീതിയോടെ നാട്ടുകാര്‍; കളളനെ കണ്ട് അമ്പരപ്പ്, കുറുക്കന്റെ കൈവശം പാദരക്ഷകളുടെ വിപുല ശേഖരം

ജര്‍മ്മനിയുടെ തലസ്ഥാനമായ ബെര്‍ലിന്‍ നഗരത്തിലെ പ്രാന്തപ്രദേശമായ സെലെണ്ടോര്‍ഫിലാണ് സംഭവം
പതിവായി വീടുകളില്‍ നിന്ന് ചെരുപ്പ് മോഷണം, ഭീതിയോടെ നാട്ടുകാര്‍; കളളനെ കണ്ട് അമ്പരപ്പ്, കുറുക്കന്റെ കൈവശം പാദരക്ഷകളുടെ വിപുല ശേഖരം

ബെര്‍ലിന്‍: ആഴ്ചകളോളം ഒരു പ്രദേശത്ത് വീടുകള്‍ക്ക് പുറത്ത് ഊരിയിടുന്ന ചെരുപ്പുകള്‍ മോഷ്ടിക്കുന്ന കളളനെ തിരിച്ചറിഞ്ഞ നാട്ടുകാര്‍ ആദ്യം അമ്പരന്നു. പിന്നീട് അത് തമാശയായി മാറി. കുറുക്കനാണ് ചെരുപ്പുകളും ഷൂവുമൊക്കെ അടിച്ചുമാറ്റിയത്. ഇതോടെ ദിവസങ്ങള്‍ നീണ്ട പരിഭ്രാന്തിക്കും ഭയപ്പാടിനുമാണ് വിരാമമായത്.

ജര്‍മ്മനിയുടെ തലസ്ഥാനമായ ബെര്‍ലിന്‍ നഗരത്തിലെ പ്രാന്തപ്രദേശമായ സെലെണ്ടോര്‍ഫിലാണ് സംഭവം. വീടിന് പുറത്ത് ഊരിയിടുന്ന ചെരുപ്പുകള്‍ പതിവായി മോഷണം പോയതോടെ ഒരു നാട് മുഴുവന്‍ പരിഭ്രാന്തിയിലാകുകയായിരുന്നു.മിക്കവാറും എല്ലാത്തരം പാദരക്ഷകളും മോഷണം പോയതോടെ ആളുകള്‍ കള്ളനെത്തേടി നടന്നു.

ഒടുക്കം അവര്‍ ആ കള്ളനെ തിരിച്ചറിയുകയായിരുന്നു. കുറുക്കനാണെന്ന് കണ്ടുപിടിച്ചതോടെ ദേഷ്യമെല്ലാം അമ്പരപ്പിലേക്കും പിന്നീട് തമാശയിലേക്കും മാറിപ്പോയി. ഒടുവില്‍ കുറുക്കനെ വെറുതെ വിട്ടു.പ്രദേശവാസിയായ ക്രിസ്റ്റ്യന്‍ മെയര്‍ ജര്‍മനിയിലെ പ്രമുഖ സമൂഹമാധ്യമങ്ങളിലൊന്നില്‍ വിവരം പോസ്റ്റ് ചെയ്തതോടെയാണ് കുറുക്കനെ കണ്ടെത്തുന്നതിലേക്ക് എത്തിയത്. ഏകദേശം 100 ഓളം ആളുകളുടെ ചെരുപ്പുകളാണ് നഷ്ടമായത്. 

 ഈ കുറുക്കനെ പിന്തുടര്‍ന്ന് എത്തിയപ്പോള്‍ കണ്ടത് പാദരക്ഷകളുടെ വിപുലമായ ശേഖരമാണ്. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ അവര്‍ ട്വിറ്ററില്‍ പങ്കുവെച്ചു.കുറുക്കന്റെ പ്രവൃത്തിയെ പലരും അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com