ലക്നൗ: അബോധാവസ്ഥയില്‍ കിടക്കുന്ന യുവാവിന്റെ പാന്റിനുളളില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പുറത്തേയ്ക്ക് കൊണ്ടുവരുന്നതിന്റെ വീഡിയോ വൈറലാകുന്നു. ഉത്തര്‍പ്രദേശിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
ഉത്തര്‍പ്രദേശിലെ ഝാന്‍സി ജില്ലയിലാണ് സംഭവം. കിണറ്റില്‍ വീണ് അബോധാവസ്ഥയിലായ മുകേഷ് കുശ്വാഹ എന്ന യുവാവിന്റെ പാന്റിനുളളിലാണ് പാമ്പിനെ കണ്ടെത്തിയത്. കണ്ടുനിന്ന നാട്ടുകാര്‍ ഒരുനിമിഷം എന്തു ചെയ്യണമെന്നറിയാതെ നിന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് വടി ഉപയോഗിച്ച് കുത്തിയാണ് പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് യുവാവിനെ രക്ഷിച്ചത്. പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ട യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിണറ്റില്‍ വീണത് മൂലം തലയ്ക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നാട്ടുകാര്‍ ഒത്തുചേര്‍ന്ന് കിണറ്റില്‍ വീണ യുവാവിനെ പുറത്തെടുത്തപ്പോഴാണ് പാന്റിനുള്ളില്‍ നിന്നും ഒരു മൂര്‍ഖന്‍ പാമ്പ് പുറത്തേക്ക് വന്നത്. ഏതായാലും പെട്ടെന്നുണ്ടായ ഈ സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് മുകേഷ് ഇതുവരെയും കര കയറിയിട്ടില്ല.
കൃഷിസ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങിവരുന്ന വഴിയാണ് മുകേഷ് രാത്രിയില്‍ കിണറ്റില്‍ വീണത്. നിറയെ പാമ്പുകളുള്ള കിണറായിരുന്നു അത്. മുകേഷിനെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് ഗ്രാമീണര്‍ രാവിലെ അദ്ദേഹത്തെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍, പാമ്പുകള്‍ക്ക് നടുവില്‍ കിടക്കുന്ന മുകേഷിനെ കണ്ട് നാട്ടുകാരും ഞെട്ടി.
പക്ഷേ, ധൈര്യം വീണ്ടെടുത്ത് മുകേഷിനെ നാട്ടുകാര്‍ കിണറ്റിനു പുറത്ത് എത്തിച്ചു. അപ്പോഴാണ് മുകേഷിന്റെ പാന്റില്‍ നിന്ന് പാമ്പ് പുറത്തേക്ക് വരുന്നത് കണ്ടത്. പാമ്പുകളില്‍ നിന്ന് മോചിപ്പിച്ച് മുകേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടി ഉപയോഗിച്ച കുത്തിയാണ് പാന്റിനുളളില്‍ നിന്ന് പാമ്പിനെ പുറത്ത് എത്തിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ