കറുത്തവന്റെ ജീവനെടുക്കുന്ന കോവിഡ്; മഹാമാരിക്കൊപ്പം ഭീഷണിയായി വര്‍ണ്ണവിവേചനവും 

കോവിഡ് വ്യാപനം സ്വാഭാവിക പ്രതിഭാസമാണെങ്കില്‍ പല സ്ഥലങ്ങളില്‍ ഒരു പ്രത്യേക വിഭാഗത്തില്‍പെട്ടവര്‍ മാത്രം എന്തുകൊണ്ട് ആനുപാതികമായ സന്തുലിതാവസ്ഥയില്‍ നിന്നും വളരെ ഉയര്‍ന്ന തോതില്‍ മരണപ്പെടുന്നു?
കറുത്തവന്റെ ജീവനെടുക്കുന്ന കോവിഡ്; മഹാമാരിക്കൊപ്പം ഭീഷണിയായി വര്‍ണ്ണവിവേചനവും 

യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ നാടുകളില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ കോവിഡ് വ്യാപന കാലത്ത് വര്‍ണ്ണവിവേചനം കൂടുതല്‍ ശക്തിപ്രാപിക്കുന്നുവെന്നാണ്. ലഭ്യമാകുന്ന അവസരങ്ങളിലെല്ലാം തന്റെ വെള്ളത്തൊലിക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന പ്രാകൃതമായ വിവേചനമുഖം വര്‍ണ്ണവിവേചനവാദികള്‍ പുറത്തിറക്കാറുള്ളതുകൊണ്ട് കോവിഡ് വ്യാപനക്കാലത്തും അവര്‍ സംശയത്തിന്റെ നിഴലിലാണ്. വര്‍ണവിവേചനത്തെ കോവിഡ് മരണങ്ങളുമായി ബന്ധപ്പെടുത്തുന്ന ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതും.

വെളുത്ത വര്‍ഗ്ഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള പാശ്ചാത്യരാജ്യങ്ങളില്‍ കോവിഡ് പകര്‍ച്ചവ്യാധി ബാധിച്ച് മരിക്കുന്നവരില്‍ ഏറിയപങ്കും കറുത്ത വര്‍ഗ്ഗക്കാരും ഏഷ്യന്‍ വംശജരും ആണെന്നുള്ള ചില പുതിയ പഠനങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മഹാമാരിയുമായി നിലനില്‍പ്പിന് വേണ്ടി നടത്തുന്ന യുദ്ധത്തില്‍ വൃദ്ധജനങ്ങള്‍ ഒഴിവാക്കപ്പെടുന്നു എന്ന ആരോപണമാണ് കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടങ്ങളില്‍ ഉയര്‍ന്നു വന്നിരുന്നതെങ്കില്‍  നിലവില്‍ പുറത്തുവന്നിരിക്കുന്ന പഠന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്  ചികിത്സ കിട്ടാതെ ഏറ്റവുമധികം  മരിക്കുന്നത്  കറുത്തവര്‍ഗ്ഗക്കാരാണ്. ന്യൂയോര്‍ക്ക് ടൈംസ്  പുറത്തു വിട്ടിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം യുഎസിലെ ഷിക്കാഗോയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരില്‍ 70 ശതമാനവും കറുത്ത വംശജരാണ്. എന്നാല്‍ ഇവിടുത്തെ മൊത്തം ജനസംഖ്യയില്‍ 30 ശതമാനം മാത്രമേ കറുത്തവര്‍ഗ്ഗക്കാര്‍ ഉള്ളൂ. യുഎസിലെ മില്‍വാക്കിയില്‍ ജനസംഖ്യയുടെ 25 ശതമാനം മാത്രമാണ് ആഫ്രിക്കന്‍ വംശജര്‍. എന്നാല്‍ ഇവിടെ കോവിഡ് ബാധിച്ച് മരിച്ചവരില്‍ 81 ശതമാനവും ഈ  വംശീയ വിഭാഗക്കാരാണ്. മറ്റ് അമേരിക്കന്‍ സംസ്ഥാനങ്ങളിലും ഈ ആനുപാതിക അന്തരം ഉണ്ടാകാം എന്നാണ് വൈറസ് വ്യാപനത്തിന്റെ കണക്കുകള്‍ ശേഖരിക്കുന്ന ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്. ഫിലാഡല്‍ഫിയ, ഡിട്രോയിറ്റ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കറുത്ത വര്‍ഗ്ഗക്കാരുടെ മരണ സംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുന്നത് ആനുപാതിക അന്തരത്തിന്റെ സൂചനയാകുവാനാണ് സാധ്യത.

യു എസ്സിലെ ആഫ്രിക്കന്‍ വംശജര്‍ക്കിടയില്‍ കോവിഡ് ക്രമാതീതമായി പടര്‍ന്നുപിടിക്കുന്ന കാര്യം യുഎസ് പ്രസിഡന്റ് തന്നെ സമ്മതിച്ചു കഴിഞ്ഞ കാര്യമാണ്. കോവിഡ് വ്യാപനം സ്വാഭാവിക പ്രതിഭാസമാണെങ്കില്‍ പല സ്ഥലങ്ങളില്‍ ഒരു പ്രത്യേക വിഭാഗത്തില്‍പെട്ടവര്‍ മാത്രം എന്തുകൊണ്ട് ആനുപാതികമായ സന്തുലിതാവസ്ഥയില്‍ നിന്നും വളരെ ഉയര്‍ന്ന തോതില്‍ മരണപ്പെടുന്നു? യുഎസ് ഹോം ഡിപ്പാര്‍ട്ട്‌മെന്റ് ഇക്കാര്യത്തില്‍ പഠനം നടത്തി കൊണ്ടിരിക്കുന്നു. പക്ഷേ ലഭ്യമായ വിവരങ്ങള്‍ പുറത്തുവിടാന്‍ ഇവര്‍ തയ്യാറാകുന്നില്ല എന്നതും സംശയങ്ങള്‍ നിറഞ്ഞ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇക്കാര്യത്തില്‍ വ്യക്തമായ പഠനറിപ്പോര്‍ട്ടുകളും ഔദ്യോഗിക നിര്‍ദ്ദേശങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ലഭിക്കാത്തതു  കാരണം ഈ വിഭാഗത്തില്‍പ്പെട്ടവരില്‍  പ്രത്യേക ശ്രദ്ധ ചെലുത്താന്‍ കഴിയുന്നില്ലെന്നാണ് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായം.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും ശരിയാണെങ്കില്‍ ആശങ്കാജനകമാണ് യുഎസിലെ കറുത്തവര്‍ഗ്ഗക്കാരുടെയും വംശീയ ന്യൂനപക്ഷങ്ങളുടെയും നിലവിലെ അവസ്ഥ.76.5 ശതമാനമുള്ള വെളുത്ത വര്‍ഗ്ഗക്കാരും 13.4 ശതമാനം കറുത്ത വര്‍ഗ്ഗക്കാരും 5.9 ശതമാനം ഏഷ്യന്‍ വംശജരും 1.3 ശതമാനം തദ്ദേശീയ അമേരിക്കന്‍ വംശജരും മറ്റു വിഭാഗങ്ങളും ചേര്‍ന്ന ഈ ജനാധിപത്യ രാജ്യത്ത് ഒരു വിഭാഗം ജനതയുടെ ഉന്മൂലനമാണോ  കോവിഡ് വ്യാപനത്തിത്തിന്റെ  മറവില്‍ നടപ്പില്‍ വരുത്തുന്നത് എന്ന സംശയം പല നിരീക്ഷകരും  ഇപ്പോഴേ  ഉന്നയിച്ചു കഴിഞ്ഞു. ഒരു രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യമായി ചികിത്സ കൊടുക്കുക എന്നത് ആ രാജ്യത്തിലെ  ഭരണകൂടത്തിന്റെ  ധര്‍മ്മമാണ്. ആ ധര്‍മ്മത്തിനു ച്യുതി  സംഭവിക്കുമ്പോള്‍ ഏതെങ്കിലും ഒരു വിഭാഗം ജയിക്കുകയല്ല മറിച്ച് ആ രാജ്യം പൂര്‍ണ്ണമായും ദുര്‍ബലമാക്കുകയാണ് ചെയ്യുന്നത്. യു എസ്് എന്ന രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും ആ രാജ്യത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും  ഗണ്യമായ പങ്കുണ്ട് എന്ന കാര്യം വെളുത്ത ചര്‍മ്മത്തിനുള്ളില്‍ കറുത്ത മന സുള്ളവര്‍ ഈ അവസരത്തില്‍ മനസിലാക്കുന്നത് നന്നായിരിക്കും.
യു എസ്സിന്റെ പ്രിതൃത്വം വെളുത്ത വര്‍ഗ്ഗക്കാര്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല. കറുത്തവര്‍ഗ്ഗക്കാരന് ചികിത്സ നിഷേധിക്കാനുള്ള അവകാശം യുഎസിലെ വെളുത്ത വര്‍ഗ്ഗക്കാര്‍ക്കില്ല.  യു എസ്സ് പൂര്‍ണമായും ഒരു കുടിയേറ്റ ഭൂമിയാണ്. സഹസ്രാബ്ദങ്ങളുടെ  സാംസ്‌കാരിക പാരമ്പര്യം ഉണ്ടായിരുന്ന  തദ്ദേശീയ ജനതയെ  ആയുധങ്ങളുടെ കൈക്കരുത്തില്‍ കൊന്നൊടുക്കി അവരുടെ ഭൂമി സ്വന്തമാക്കിയ വെളുത്ത വര്‍ഗ്ഗക്കാര്‍   തങ്ങളുടെ ഭൗതിക വളര്‍ച്ചക്കായി ആഫ്രിക്കയില്‍നിന്നും കറുത്തവര്‍ഗ്ഗക്കാരെ നിര്‍ബന്ധമായി കൊണ്ടുവന്ന്  അടിമകളാക്കുകയായിരുന്നു. സ്വന്തമായ സാംസ്‌കാരികത്തനിമയില്‍ സ്വസ്ഥമായി ജീവിച്ചുപോന്നവരാണവര്‍. ആധുനിക ആയുധശേഷിക്കുമുന്നില്‍  അടിമകളാകുവാന്‍ വിധിക്കപ്പെട്ട കറുത്ത വര്‍ഗ്ഗക്കാരുടെ കായികശേഷിയില്‍ നിന്നും ഉല്‍പ്പാദിപ്പിച്ച അന്നം ഭക്ഷിച്ചും ഉത്പാദകരായ കറുത്തവര്‍ഗ്ഗക്കാരെ   പട്ടിണിക്കിട്ടും തദ്ദേശീയ ജനതയുടെ  രക്തം ചീന്തിയ മണ്ണില്‍ നിരായുധരായി നില്‍ക്കുന്ന കറുത്ത വര്‍ഗ്ഗക്കാരന്റെ മുതുകില്‍ കയറിനിന്നുകൊണ്ടുമാണ് തങ്ങളുടേതെന്ന് അവകാശപ്പെടുന്ന സാമ്രാജ്യം അമേരിക്കയുടെ മണ്ണില്‍  വെളുത്ത വര്‍ഗ്ഗക്കാര്‍ പടുത്തുയര്‍ത്തിയത്. അമേരിക്ക വെളുത്തവന്റെ മണ്ണാണെന്ന് ബോധം നൂറ്റാണ്ടുകളോളം വെളുത്തവരുടെ മനസ്സിലും കറുത്തവരുടെ മനസ്സിലും നിലനിര്‍ത്താന്‍  വെളുത്ത വംശനേതാക്കന്മാര്‍ക്ക് കഴിഞ്ഞുവെന്നതാണ് ചരിത്രത്തിലെ ഏറ്റവും വലിയ അപരാധം. അവസാനം  ആ തെറ്റ് തിരുത്തി കൊണ്ട് അടിമത്തം അവസാനിപ്പിക്കുവാന്‍ വിശപ്പിന്റെ വേദന നന്നായി അറിഞ്ഞ എബ്രഹാം ലിങ്കന്‍ എന്ന മനുഷ്യസ്‌നേഹി രാഷ്ട്രീയത്തില്‍ ഉയരുന്നത് വരെ കാത്തിരിക്കേണ്ടിവന്നു. ആ നല്ലമനസിന് അദ്ദേഹം വലിയ വിലയും കൊടുത്തു. അമേരിക്കയില്‍ അടിമത്തം അവസാനിപ്പിച്ചു എന്ന് ഉറക്കെ വിളിച്ച് പറയുവാന്‍ ധൈര്യം കാണിച്ച എബ്രഹാംലിങ്കന്‍ എന്ന് പ്രസിഡന്റ്  പകമൂത്ത വര്‍ണവെറിയന്റെ വെടിയേറ്റ് മരിക്കുകയാണുണ്ടായത്.

അടിമത്തം നിയമപരമായി അവസാനിച്ചുവെങ്കിലും ഒരു കറുത്ത വര്‍ഗക്കാരന്‍ പ്രസിഡണ്ട് ആകുന്നതിനു ബാരാക് ഒബാമ പ്രസിഡന്റാകുന്നതുവരെ അമേരിക്ക കാത്തിരിക്കേണ്ടിവന്നു. നിയമംമൂലം അടിമത്തം നിരോധിക്കപ്പെട്ടു എങ്കിലും ആ രാജ്യത്തു ജീവിക്കുന്ന ആഫ്രോ അമേരിക്കന്‍ വംശജരോടുള്ള വെറുപ്പ് വെളുത്തവരുടെ മനസ്സില്‍ നിന്നും ഒരിക്കലും മാഞ്ഞിരുന്നില്ല. ഓരോ പ്രതിസന്ധിഘട്ടങ്ങളിലും അവര്‍ കറുത്തവര്‍ഗ്ഗക്കാരെ അവഗണിക്കുകയോ ഒറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.അത് തലമുറകളായി തുടര്‍ന്നുകൊണ്ടിരിക്കുന്നു. പുറത്തുവന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകളെ വിശ്വസിക്കാമെങ്കില്‍ അതിന്റെ ഒരു തുടര്‍ക്കഥ തന്നെയാകാം ഈ കോവിഡ് വ്യാപനക്കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്നത്.

പകര്‍ച്ചവ്യാധി വ്യാപനത്തിന്റെ ഈ കാലത്ത് ആഫ്രോ അമേരിക്കന്‍ വംശജരോട് യുഎസില്‍ വംശീയ വിവേചനത്തിന്റെ പേരില്‍ ചികിത്സ നിഷേധിച്ചുകൊണ്ടിരിക്കുന്നവെങ്കില്‍ അത് വൈവിധ്യ വിഭാഗങ്ങളുടെ കൂട്ടായ്മയായ യുഎസ് എന്ന രാജ്യത്തിന് തികച്ചും അപമാനകരമാണ്. വൈവിധ്യവും ജനാധിപത്യവുമാണ് ആ രാജ്യത്തിന്റെ ശക്തി. അങ്ങനെയുള്ള ഒരു സുസ്ഥിര ജനാധിപത്യ രാജ്യത്തില്‍ ഒരു പ്രത്യേക വംശീയ വിഭാഗത്തിന് ചികിത്സ നിഷേധിക്കു ന്നു എങ്കില്‍ അത് തികച്ചും ജനാധിപത്യവിരുദ്ധമായ ആസൂത്രിതമായ പിഴവാണ. ആ പിഴവ് തിരുത്താന്‍ അധികൃതര്‍ തയ്യാറാകണം. വെളുത്തവനും കറുത്തവനും ശ്വസിക്കുന്നത് ഒരേ വായുവാണ്. ജീവിക്കുന്നത് ഒരു രാജ്യത്തും. അത് തിരിച്ചറിയണമെങ്കില്‍ വെളുത്ത ശരീരത്തിനുള്ളിലെ കറുത്ത മനസ്സിനെ ഉപേക്ഷിക്കണം. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ കറുത്തവരെ  മരണക്കിണറിലേക്കു തള്ളിവിടുന്ന വംശീയതയുടെ 'മരണവ്യാപാരികള്‍' ഇനി എന്നാണ് കണ്ണുതുറക്കുക? യു എസ്സിന്റെ മണ്ണില്‍ കറുത്തവര്‍ എക്കാലവും അന്യരാണോ? കറുത്തവരുടെ വിമോചകനായ മാര്‍ട്ടിന്‍ ലൂദര്‍ കിംഗ്  പറഞ്ഞ ''എനിക്കൊരു സ്വപ്നമുണ്ട്'' എന്ന വാചകം സ്വപ്നമായിത്തന്നെ അവശേഷിക്കുമോ?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com