ബാഗും പുസ്തകങ്ങളും മദ്യപനായ അച്ഛന്‍ കത്തിച്ചുകളഞ്ഞു; വീടുവിട്ടിറങ്ങിയ ഓട്ടിസം ബാധിച്ച ബാലന് സ്‌നേഹ തണലൊരുക്കി പൊലീസ്, കുറിപ്പ്

അവനത് വാങ്ങി കൊടുത്ത കാക്കിക്കുള്ളിലെ ആ സ്‌നേഹത്തിന് എന്നും കടപ്പെട്ടിരിക്കും...
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ദ്യപനായ അച്ഛന്‍ പുസ്തകങ്ങളും ബാഗും കത്തിച്ച വിഷമത്തില്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ ഓട്ടിസം ബാധിച്ച കുട്ടിക്ക് ബാഗും ചെരിപ്പുമെല്ലാം വാങ്ങിക്കൊടുത്ത പൊലീസ് ഉദ്യോഗസ്ഥരെപ്പറ്റിയുള്ള കുറിപ്പാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്ന്. 

അമ്മ വരുന്നതുവരെ അവനെ സ്‌നേഹത്തോടെ പരിപാലിച്ച പൊലീസുകാരെക്കുറിച്ചുള്ള കുറിപ്പ് അപര്‍ണ നായര്‍ എന്ന പ്രൊഫൈലാണ് പങ്കുവച്ചിരിക്കുന്നത്. അപര്‍ണയുടെ കുറിപ്പിന് കേരള പൊലീസ് നന്ദി പറഞ്ഞിട്ടുമുണ്ട്. 

'ചില കാര്യങ്ങള്‍ അറിഞ്ഞാല്‍ സമൂഹത്തെ കൂടെ അറിയിക്കേണ്ട കടമയും കൂടിയുണ്ട് എന്നൊരു വിശ്വാസം ഉള്ളതുകൊണ്ട് ഒരു ചെറിയ കുറിപ്പ് എഴുതുകയാണ്' എന്ന മുഖവുരയോടെ തുടങ്ങുന്ന പോസ്റ്റിലാണ് മദ്യപാനിയായ അച്ഛന്റെ ക്രൂരതയെക്കുറിച്ചും പൊലീസുകാരുടെ കരുതലിനെക്കുറിച്ചും അപര്‍ണ പറയുന്നത്. 

പോസ്റ്റിന്റെ പൂര്‍ണരൂപം: 

ശാസ്തമംഗലം govt LP സ്‌കൂളില്‍ emalhar.com നിര്‍മിക്കുന്ന ക്ലാസ്സ്‌റൂം ലൈബ്രറിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി ഇടയ്ക്കിടെ പോകാറുണ്ട്.. അത്തരം ഒരു പോക്കിലാണ് അവനെ ആദ്യമായി കണ്ടത്..7-8 വയസ്സുള്ള ഒരാണ്‍കുട്ടി.. ഓട്ടിസം ഉണ്ടെന്ന് ആദ്യം കണ്ടപ്പോള്‍ തന്നെ മനസ്സിലായി... അത്തരം കുട്ടികള്‍ക്കിടയില്‍ ജോലി ചെയ്തിട്ടുള്ള പരിചയം വെച്ച് അവനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു. അപ്പോള്‍ ഹെഡ്മിസ്ട്രസ് അവനെ കുറിച്ച് കൂടുതല്‍ പറഞ്ഞു തന്നു...അച്ഛന്‍ മുഴുക്കുടിയാണ്, അമ്മ വീട്ടുവേലകള്‍ക്ക് പോകുന്നു.. ഒരു അനിയത്തിയും.. അമ്മ ജോലിയെടുത്തു കൊണ്ടുവരുന്ന പണവും അച്ഛന്‍ കുടിക്കാന്‍ കൊണ്ടു പോകും.. സ്‌കൂളില്‍ എന്നും വരാറില്ല.. വണ്ടിക്കൂലി ഇല്ലാത്തതാണ് കാരണം... ഇടയ്‌ക്കൊക്കെ ടീച്ചര്‍ സഹായിക്കും, എപ്പോഴും പറ്റില്ലല്ലോ.. എന്നൊക്ക അവനെ കുറിച്ചു പറഞ്ഞത് കേട്ടിരുന്നു.. പിന്നീടാണ് അവന്റെ ഹൃദയത്തിനും ചെറിയ പ്രശ്‌നം ഉണ്ടെന്നറിഞ്ഞത്.. പക്ഷെ എപ്പോള്‍ ചെന്നാലും സ്‌നേഹത്തോടെ ഓടിവരുന്ന മുഖങ്ങളില്‍ ഒന്നു അവന്റെത് തന്നെ ആയിരിക്കും..

ഈ കഴിഞ്ഞ ദിവസം അവനു ഒരു സര്‍ജറി ആവശ്യമുണ്ടെന്നു ടീച്ചര്‍ പറഞ്ഞത് കേട്ട് അന്വേഷിക്കാന്‍ പോയതാണ്..അപ്പൊ ടീച്ചര്‍ പറഞ്ഞു, 'കഴിഞ്ഞ ദിവസം ഒരു സംഭവം ഉണ്ടായി.. നമ്മുടെ ഈ കുട്ടിയുടെ അച്ഛന്‍ മദ്യപിച്ചു വന്ന് അവന്റെ ബാഗും ബുക്കും കത്തിച്ചു കളഞ്ഞു..


അവനത് വല്ലാത്ത സങ്കടമായി.. പിറ്റേന്ന് രാവിലെ ഇവന്‍ ആരും കാണാതെ ഒരു ഓട്ടോയില്‍ കയറി പോയി...ഏതൊക്കെയോ സ്ഥലപ്പേരുകള്‍ പറഞ്ഞ കുട്ടിയെ സംശയം തോന്നിയ ഓട്ടോഡ്രൈവര്‍ വട്ടിയൂര്‍ക്കാവ് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു.. പഠിക്കുന്ന സ്‌കൂളിന്റെ പേര് പറഞ്ഞത് കൊണ്ട് കുട്ടിയെ തിരിച്ചറിയാന്‍ സാധിച്ചു..വീട്ടുകാരും ടീച്ചറും എത്തുന്നത് വരെ ആ കുട്ടിയേ തികഞ്ഞ സ്‌നേഹത്തോടെയും വാത്സല്യത്തോടെയും അവിടെയുള്ള പോലീസ്‌കാര്‍ നോക്കി..'എന്താ മോന് വേണ്ടത്' എന്നുള്ള അവരുടെ സ്‌നേഹം നിറഞ്ഞ ചോദ്യത്തിന്  'ഒരു ബാഗും ചെരിപ്പും എന്നാണവന്‍ പറഞ്ഞത്...' ടീച്ചര്‍ പറഞ്ഞു നിര്‍ത്തി.

പൊലീസ് മാമന്മാര്‍ വാങ്ങി കൊടുത്ത ബാഗും ചെരിപ്പുമിട്ടു അവനെക്കുറിച്ചു എന്നോട് പറയുന്നതൊക്കെ കേട്ടു നിന്ന അവന്‍ ചിരിച്ചു കൊണ്ട് ടീച്ചറെ കെട്ടിപിടിച്ചു....സത്യത്തില്‍ ആ പോലീസുകാരോട് തോന്നിയ ബഹുമാനം!!! വാക്കുകളില്ല പറഞ്ഞു തീര്‍ക്കാന്‍..

അവനത് വാങ്ങി കൊടുത്ത കാക്കിക്കുള്ളിലെ ആ സ്‌നേഹത്തിന് എന്നും കടപ്പെട്ടിരിക്കും...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com