കൊറോണ വൈറസിനെ നശിപ്പിക്കാന്‍ റോബോട്ടുകള്‍, അള്‍ട്രാ വൈലറ്റ് രശ്മികള്‍ ഉപയോഗിച്ച് പ്രതിരോധം; കൂടുതല്‍ കമ്പനികള്‍ ഗവേഷണത്തില്‍

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ അണുനശീകരണത്തിന് വലിയ പ്രാധാന്യമുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്: ലോകം മുഴുവനും കോവിഡിനെതിരായ പോരാട്ടത്തിലാണ്. കോവിഡിനെ ചെറുക്കാന്‍ പുതിയ സാധ്യതകള്‍ തേടുകയാണ് ലോകരാജ്യങ്ങള്‍. അതിനിടെ വിവിധ കമ്പനികളും ഗവേഷക സ്ഥാപനങ്ങളും കോവിഡിനെ പ്രതിരോധിക്കാന്‍ റോബോട്ടുകളുടെ സാധ്യത തേടുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതില്‍ ചില കമ്പനികള്‍ വിജയിച്ചിട്ടുമുണ്ട്.

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ അണുനശീകരണത്തിന് വലിയ പ്രാധാന്യമുണ്ട്. മേഖല അണുവിമുക്തമാക്കാന്‍ സാധിക്കുന്ന റോബോട്ടുകളെ അണിനിരത്താനാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ച് കോവിഡിന് കാരണമാകുന്ന കൊറോണ വൈറസിനെ നശിപ്പിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടുകളെ ജോലി സ്ഥലത്ത് ഉള്‍പ്പെടെ നിയോഗിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്.

പ്രമുഖ ഇ-കോമേഴ്‌സ് സ്ഥാപനമായ ആമസോണ്‍ ഇതിനോടകം തന്നെ ഈ സാങ്കേതിക വിദ്യ അവതരിപ്പിച്ച് കഴിഞ്ഞു. മെയ് മാസം മുതല്‍ തന്നെ വിവിധ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ റോബോട്ടുകള്‍ സ്ഥാപിച്ചതായി കമ്പനി അവകാശപ്പെടുന്നു. ഇതിന് പുറമേ കൂടുതല്‍ അണുനശീകരണം ആവശ്യമുളള എയര്‍പോര്‍ട്ടുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്്.

ലഗേജ് ഉരുട്ടി കൊണ്ടുപോകാന്‍ സഹായിക്കുന്ന ഉപകരണത്തിന്റെ മാതൃകയിലാണ് റോബോട്ട്. 10 അള്‍ട്രാ വയലറ്റ് ട്യൂബ് ലൈറ്റുകളാണ് ഇതില്‍ ക്രമീകരിച്ചത്. ആളുകള്‍ കൂടുതലായി എത്താന്‍ സാധ്യതയുളള സ്ഥലങ്ങളില്ലാണ് റോബോട്ടുകള്‍ സ്ഥാപിച്ചത്.  ഒരു ദിവസം ഏകദേശം 8000 മണിക്കൂറുകള്‍ റോബോട്ടുകളുടെ ശൃംഖല പ്രവര്‍ത്തിക്കുന്നതായി ആമസോണ്‍ അവകാശപ്പെടുന്നു.

മറ്റ് കമ്പനികളും സമാനമായ പാതയിലാണ്. അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ച് കൊറോണ വൈറസിനെ നശിപ്പിക്കുന്ന റോബോട്ടുകള്‍ അമേരിക്കന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു കമ്പനിയും നിര്‍മ്മിച്ചിട്ടുണ്ട്. വൈറസിനെ രണ്ടു മിനിറ്റ് കൊണ്ട് ഇല്ലായ്മ ചെയ്യാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. വിവിധ കമ്പനികള്‍ കൊറോണ വൈറസിനെ ചെറുക്കാന്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ക്കുളള സാധ്യത പഠനവിധേയമാക്കി വരികയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com