ഒറ്റ ‘ക്ലിക്കി‘ൽ ഒതുങ്ങും ഈ വീട്; കാരണം ഇവിടെ ‘കാനണും, നിക്കോണും, എപ്സണും‘ ഉണ്ട്!

ഒറ്റ ‘ക്ലിക്കി‘ൽ ഒതുങ്ങും ഈ വീട്; കാരണം ഇവിടെ ‘കാനണും, നിക്കോണും, എപ്സണും‘ ഉണ്ട്!
ഒറ്റ ‘ക്ലിക്കി‘ൽ ഒതുങ്ങും ഈ വീട്; കാരണം ഇവിടെ ‘കാനണും, നിക്കോണും, എപ്സണും‘ ഉണ്ട്!

ബംഗളൂരു: ക്യാമറയുടെ മാതൃകയിൽ നിർമിച്ച വീടാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ താരം. ‘ക്ലിക്ക്’ എന്ന മൂന്നു നില വീടിന്റെ ചിത്രം ആരിലും കൗതുകം ജനിപ്പിക്കും. ഒപ്പം വീട്ടുടമയുടെ ക്യാമറ പ്രേമത്തെക്കുറിച്ചറിഞ്ഞാൽ കൗതുകം അദ്‌ഭുതത്തിന് വഴിമാറും.

ഫോട്ടോഗ്രാഫറായ രവി ഹൊങ്കലിന്റേതാണ് കർണാടക ബെലഗാവി ശാസ്ത്രിനഗറിലെ ‘ക്ലിക്ക്’ എന്ന ക്യാമറവീട്. ക്യാമറകളും ഫിലിം റോളുകളുടെയുമൊക്കെ മാതൃകകൾ ഈ വീടിന്റെ ചുമരുകളിലും ഡിസൈനുകളിലും കാണാം. രണ്ടര വർഷം കൊണ്ട് 70 ലക്ഷം രൂപ ചെലവിട്ടാണ് വീട് നിർമിച്ചിരിക്കുന്നത്. മൂന്ന് ആൺകുട്ടികളാണ് രവിക്കും കൃപാറാണിക്കും. ഫോട്ടോഗ്രഫി വിട്ടൊരു കളിയില്ലാത്തതിനാൽ മൂന്നുകുട്ടികൾക്കും പേരിട്ടതും ഇങ്ങനെ- കാനൺ, നിക്കോൺ, എപ്സൺ. മൂന്നും ക്യാമറയും അനുബന്ധ ഉപകരണങ്ങളും നിർമിക്കുന്ന ബ്രാൻഡുകൾ. 

വീടിന്റെ ഓരോ നിലയും ഓരോ മകനും എന്നാണ് സങ്കൽപ്പം. ചുമരുകളിൽ അവരുടെ പേരും എഴുതിവെച്ചിട്ടുണ്ട്. ഏപ്രിലിലാണ് ഗൃഹപ്രവേശം നിശ്ചയിച്ചതെങ്കിലും ലോക്ക്ഡൗണിനെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ആഴ്ചകൾക്കുമുമ്പാണ് ഗൃഹപ്രവേശം നടന്നത്. 

അതിനിടെയാണ് വീടിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. വീട് നിർമിക്കുമ്പോഴോ മക്കൾക്ക് പേരിടുമ്പോഴോ ഇത്രത്തോളം പ്രശസ്തമാകുമെന്ന് കരുതിയില്ലെന്ന് രവി പറയുന്നു. മൂത്തമകൻ കാനണിന് 20 വയസായി. ആദ്യം പേരിൽ ചില പരാതികളൊക്കെയുണ്ടായിരുന്നെങ്കിലും പിന്നീട് മക്കളും വ്യത്യസ്തമായ ഈ പേരുകൾ ഇഷ്ടപ്പെടുകയായിരുന്നു. 

80-കളിലാണ് രവി സഹോദരന്റെ പാത പിന്തുടർന്ന് ഫോട്ടോഗ്രാഫിയിലെത്തിയത്. അന്നുമുതൽ ഉപയോഗിക്കാത്ത ക്യാമറകളില്ല. ഭാര്യ കൃപാറാണിക്കും ഫോട്ടോഗ്രാഫിയിൽ കമ്പമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com