'എന്റേത് റെഡി ആയീല്ല, എങ്ങനെ ആയാലും മ്മക്ക് ഒരു കൊയ്‌പോലാ'; ഇവനെക്കാൾ വലിയൊരു മോട്ടിവേറ്റർ ഇല്ല; വിഡിയോ വൈറൽ

പരാജിതനായിട്ടും ആത്മവിശ്വാസത്തോടെയുള്ള കുട്ടിയുടെ ഡയലോ​ഗാണ് സോഷ്യൽ മീഡിയയുടെ മനസു കീഴടക്കുന്നത്
'എന്റേത് റെഡി ആയീല്ല, എങ്ങനെ ആയാലും മ്മക്ക് ഒരു കൊയ്‌പോലാ'; ഇവനെക്കാൾ വലിയൊരു മോട്ടിവേറ്റർ ഇല്ല; വിഡിയോ വൈറൽ

'ചെലോര്ത് റെഡി ആകും, ചെലോര്ത് റെഡി ആകൂല, എന്റേത് റെഡി ആയീല്ല, മ്മക്ക് ഒരു കൊയ്‌പോലാ '- സോഷ്യൽ മീഡിയയിൽ ഇപ്പോൾ  വൈറലാവുന്നത് ഒരു കുട്ടി ബ്ലോ​ഗറാണ്. പ്രേക്ഷകരെ പൂവുണ്ടാക്കാൻ പഠിപ്പിക്കാനായിരുന്നു നമ്മുടെ താരത്തിന്റെ ശ്രമം. വിഡിയോയൊക്കെ കൃത്യമായി ഷൂട്ട് ചെയ്തെങ്കിലും പൂവ് വെട്ടിയെടുക്കാൻ നോക്കിയപ്പോൾ ചെറുതായൊന്നുപാളി. പക്ഷേ അതൊന്നും അവനെ തളർത്തിയില്ല. പരാജിതനായിട്ടും ആത്മവിശ്വാസത്തോടെയുള്ള കുട്ടിയുടെ ഡയലോ​ഗാണ് സോഷ്യൽ മീഡിയയുടെ മനസു കീഴടക്കുന്നത്.

മലപ്പുറം കിഴിശ്ശേരി കുഴിമണ്ണ ഇസ്സത്ത് സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർഥിയായ മുഹമ്മദ് ഫായിസാണ് ഒറ്റ വിഡിയോയിലൂടെ താരമായത്. താൻ ഉണ്ടാക്കുന്നതുപോലെയുള്ള ഒരു കടലാസ് പൂവ് പ്രേക്ഷകരേയേും ഉണ്ടാക്കാൻ പഠിപ്പിക്കുകയാണ് കുട്ടിത്താരം. അതിനായി കത്രികയും പെൻസിലും പേപ്പറുമായിട്ടാണ് നിൽപ്പ്. പൂവ് എങ്ങനെയുണ്ടാക്കാമെന്ന് വളരെ വിശദമായി തന്നെ മുഹമ്മദ് ഫായിസ് പറഞ്ഞു തരുന്നുണ്ട്.

കടലാസൊക്കെ കൃത്യമായി മടക്കി പെൻസിൽ കൊണ്ട് അടയാളപ്പെടുത്തി കത്രിക കൊണ്ട് പൂവ് ക്ഷമയോടെ മുറിച്ചെടുക്കുകയാണ്. പക്ഷേ നോക്കുമ്പോൾ പൂവ് രണ്ട് കഷ്ണമായിരിക്കുന്നു. പക്ഷേ തോറ്റുപോയതിന്റെ വിഷമമോ സംഭ്രമമോ ഒന്നും അവനുണ്ടായിരുന്നില്ല. ചിലപ്പോഴൊക്കെ ഇങ്ങനെയൊക്കെയുണ്ടാകും എന്ന് വളരെ കൂളായാണ് പറഞ്ഞത്. എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. ആദ്യ ശ്രമത്തിൽ തോൽവി സംഭവിച്ചാൽ നിരാശരായി ശ്രമം തന്നെ ഉപേക്ഷിക്കുന്നവർ ഈ കുഞ്ഞിനെ കണ്ടു പഠിക്കണം എന്നാണ് എല്ലാവരും പറയുന്നത്.  ‘തോറ്റു പോയെന്നു തോന്നുന്നവർക്ക് ഇവനെക്കാൾ വലിയൊരു മോട്ടിവേറ്റർ ഇല്ല’ എന്നു പറഞ്ഞാണ് പലരും വിഡിയോ ഷെയർ ചെയ്യുന്നത്. നടി റിമാ കല്ലിങ്കൽ ഉൾപ്പടെ നിരവധി പ്രമുഖരും വിഡിയോ പങ്കുവെച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com