കനാലും കാടും റോഡുമെല്ലാം കടന്നു, താണ്ടിയത് 2,000 കിലോമീറ്റര്‍; ഇണയേ തേടി കടുവയുടെ യാത്ര 

ഇപ്പോൾ മഹാരാഷ്ട്രയിലെ ജ്ഞാന്‍ഗംഗ വനത്തിലാണ് ഈ കടുവ ചെന്നെത്തിയിരിക്കുന്നത്
കനാലും കാടും റോഡുമെല്ലാം കടന്നു, താണ്ടിയത് 2,000 കിലോമീറ്റര്‍; ഇണയേ തേടി കടുവയുടെ യാത്ര 

ക്ഷണവും അനുയോജ്യ സാഹചര്യങ്ങളും തേടി മൃ​ഗങ്ങൾ ദേശാടനം ചെയ്യുന്നത് പതിവാണ്. എന്നാലിവിടെ ഒരു കടുവ 2,000 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചത് ഇഷ്ടഭക്ഷണത്തിനോ ജീവിതസാഹചര്യത്തിനോ വേണ്ടിയല്ല. മറിച്ച് ഒരു ഇണയെ തേടിയുള്ളതായിരുന്നു ഈ നീണ്ട യാത്ര. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്‌വാന്‍ തന്റെ ട്വിറ്റർ പേജിൽ പങ്കുവച്ച വിവരങ്ങളിലൂടെയാണ് കടുവയുടെ യാത്രയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. 

മഹാരാഷ്ട്രയിലെ ടിപേശ്വര്‍ ദേശീയോദ്യാനത്തില്‍ നിന്നുള്ള കടുവയാണ് ഇണയ്ക്ക് വേണ്ടി ഇത്രയും ദൂരം സഞ്ചരിച്ചത്. ഇപ്പോൾ മഹാരാഷ്ട്രയിലെ ജ്ഞാന്‍ഗംഗ വനത്തിലാണ് ഈ കടുവ ചെന്നെത്തിയിരിക്കുന്നതെന്ന് പര്‍വീണ്‍ കസ്വാന്‍ ട്വീറ്റിൽ പറയുന്നു. 

കനാലുകള്‍, കാടുകള്‍, കൃഷിയിടങ്ങള്‍, റോഡുകള്‍ തുടങ്ങിയ വിവിധ മാര്‍ഗങ്ങള്‍ കടന്നാണ് കടുവ ജ്ഞാന്‍ഗംഗ വനത്തിലെത്തിയതെന്നും 2000 കിലോമീറ്ററാണ് ഇതിനിടയിൽ താണ്ടിയ ദൂരമെന്നും പര്‍വീണ്‍ ട്വീറ്റിൽ പറയുന്നു. പകല്‍ സമയങ്ങളില്‍ വിശ്രമിച്ചിരുന്ന കടുവ യാത്രകൾ രാത്രികാലങ്ങളിലാണ് നടത്തിയിരുന്നത്. എന്നാൽ ഇത്രയധികം ദൂരം സഞ്ചരിച്ചിട്ടും മനുഷ്യരെയോ വളര്‍ത്തുമൃഗങ്ങളെയോ കടുവ ആക്രമിച്ചതായി റിപ്പോർട്ടുകളില്ല. 

കഴിഞ്ഞ വർഷം മാർച്ചിൽ റേഡിയോ ടാഗ് ചെയ്ക കടുവയുടെ ശരീരത്തില്‍ ജിപിഎസ് ട്രാക്കറും ഘടിപ്പിച്ചിട്ടുണ്ട്. ഇതിലൂടെയാണ് കടുവയുടെ സഞ്ചാരം നിരീക്ഷിച്ചത്. എന്നാൽ കടുവയ്ക്ക് തനിക്കിണങ്ങിയ പങ്കാളിയെ കിട്ടിയോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. അതുകൊണ്ടുതന്നെ കടുവയ്ക്ക് വിന്നാലെയുള്ള  നിരീക്ഷണം തുടരുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com