'എന്നെക്കെട്ടി ജീവിതം ബുദ്ധിമുട്ടിലാക്കണോ?' ധന്യയെ വിടാതെ കൂടെക്കൂട്ടി ഗോപകുമാർ; വീൽച്ചെയറിൽ വിവാഹമണ്ഡപത്തിൽ 

പരിമിതികൾ പറഞ്ഞ് ധന്യ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും വിടാതെ പിന്തുടർന്ന് ​ഗോപൻ ധന്യയെ ജീവിതത്തിലേക്ക് കൂട്ടി
'എന്നെക്കെട്ടി ജീവിതം ബുദ്ധിമുട്ടിലാക്കണോ?' ധന്യയെ വിടാതെ കൂടെക്കൂട്ടി ഗോപകുമാർ; വീൽച്ചെയറിൽ വിവാഹമണ്ഡപത്തിൽ 

‘‘എനിക്കു നിന്നെ ഒരുപാടിഷ്ടമായി. ലോട്ടറി വിൽപനക്കാരനായ എന്നെ ഇഷ്ടപ്പെട്ടോ എന്നു മാത്രം പറഞ്ഞാൽ മതി’’, പരിമിതികൾ പറഞ്ഞ് ധന്യ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും വിടാതെ പിന്തുടർന്ന് ​ഗോപൻ ധന്യയെ ജീവിതത്തിലേക്ക് കൂട്ടി. ആരക്കുഴ ഇഞ്ചിക്കണ്ടത്തിൽ ശെൽവരാജിന്റെ മകൻ ഗോപകുമാറും മൂവാറ്റുപുഴ ഗവ. മോഡൽ ഹൈസ്കൂളിനു സമീപം പുറമടത്തോട്ടത്തിൽ ഗോപിനാഥന്റെ മകൾ ധന്യയുമാണ് വിവാഹിതരായത്. 

പത്തൊൻപതാം വയസ്സിൽ ഒപ്റ്റോമെട്രിക്ക് പഠിക്കുമ്പോഴാണ് ധന്യയ്ക്ക് നട്ടെല്ലിൽ ട്യൂമർ പിടിപെടുന്നത്. ജീവിതം വീൽചെയറിൽ തളച്ചിടപ്പെട്ടപ്പോഴും പഠനം പാതിവഴിയിൽ തടസ്സപ്പെട്ടപ്പോഴും പോരാട്ടം അവസാനിപ്പിക്കാതിരുന്ന ധന്യ എംജി സർവകലാശാലയിൽ നിന്ന് ഇംഗ്ലിഷിൽ ബിരുദവുംബിരുദാനാന്തര ബിരുദവും നേടി. വിവാഹം ഒരിക്കലുമുണ്ടാകില്ലെന്നുറപ്പിച്ചു കഴിയുമ്പോഴാണ് ഗോപകുമാർ ധന്യയെ കൂടെകൂട്ടിയത്. 

പെണ്ണു കാണാൻ ചെല്ലുന്നതിനു മുൻപേ ധന്യ ഗോപകുമാറിനെ വിളിച്ച് തന്റെ പരിമിതികൾ പറഞ്ഞ് ഒഴിവാക്കാൻ ശ്രമിച്ചിരുന്നു. തന്നെക്കെട്ടി ജീവിതം ബുദ്ധിമുട്ടിലാക്കണോ എന്നു പെണ്ണുകാണൽ ചടങ്ങിനു ശേഷവും ധന്യ ചോദിച്ചു. ‘‘ധന്യ പലവട്ടം പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ വിടാതെ പിന്തുടർന്നു. ആദ്യം കണ്ടപ്പോൾ തോന്നിയ ഇഷ്ടം പാതിവഴിയിൽ ഉപേക്ഷിക്കാൻ തോന്നിയില്ല. ശാരീരിക പരിമിതികളെ അതിജീവിച്ച കരുത്തും നന്മയും നിറഞ്ഞ മനസ്സിന്റെ ഉടമയെയാണ് ഞാൻ ധന്യയിൽ കണ്ടത്. അതുകൊണ്ടുതന്നെ സങ്കടപ്പെടുത്തില്ല എന്നു വാക്കു കൊടുത്ത് ജീവിതകാലം കൂടെ കൂട്ടി’’, ​ഗോപകുമാർ പറഞ്ഞു. 

ജീവിതം വീൽചെയറിൽ തന്നെയായപ്പോൾ സംഗീതമായിരുന്നു ധന്യയുടെ ആശ്വാസം. തണൽ - ഫ്രീഡം ഓൺ വീൽസ് എന്ന കൂട്ടായ്മയിൽ പ്രധാന ഗായികയായും ധന്യ തിളങ്ങി. വീട്ടിൽ വിദ്യാർഥികൾക്ക് അബാക്കസ് പരിശീലനവും നൽകുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com