കണ്ടാൽ പൊറോട്ട പോലെ; സംഭവം മീനാണ്! പക്ഷേ തിന്നാൻ പറ്റില്ല 

കണ്ടാൽ പൊറോട്ട പോലെ; സംഭവം മീനാണ്! പക്ഷേ തിന്നാൻ പറ്റില്ല 
ടോർട്ടില ഫിഷുമായി ടോം ബോസ്‌വെർത്ത്‌/ ഫെയ്സ്ബുക്ക്
ടോർട്ടില ഫിഷുമായി ടോം ബോസ്‌വെർത്ത്‌/ ഫെയ്സ്ബുക്ക്

ഫ്ലോറിഡ: ടോം ബോസ്‌വെർത്ത്‌ എന്ന അമേരിക്കൻ ചൂണ്ടക്കാരന് കഴിഞ്ഞ ദിവസം ഒരു അപൂർവ മത്സ്യത്തെ കിട്ടി. മലയാളിയ്ക്ക് പ്രിയപ്പെട്ട പൊറോട്ടയോട് സാമ്യമുള്ള ടോർട്ടില എന്ന മെക്സിക്കൻ പലഹാരത്തിന്റെ പേരും ആ മത്സ്യത്ത് ബോസ്‌വെർത്ത്‌ നൽകി. ടോർട്ടില ഫിഷ് എന്നാണ് ഈ അപൂർവ മത്സ്യത്തിന് പേരിട്ടിരിയ്ക്കുന്നത്. പൊറോട്ടയെ അനുസ്മരിപ്പിക്കുന്ന ശരീര കലകളും പരന്ന ശരീര പ്രകൃതവുമാണ് ടോർട്ടില മീനിന്റെ സവിശേഷത. 

ടംപാ ബേയിൽ ചൂണ്ടയിടുമ്പോഴാണ് ബോസ്‌വെർത്തിന് ടോട്ടിലയെ കിട്ടിയത്. ചൂണ്ടയിട്ട് മടുത്തപ്പോൾ തിരിച്ചു പോരാമെന്നു കരുതിയ ടോം ബോസ്‌വെർത്ത് അവസാനമായി ഒരു തവണ കൂടി ചൂണ്ടയിടാൻ തീരുമാനിച്ചു. ഇത്തവണ ഇട്ടു കുറച്ചു കഴിഞ്ഞപ്പോൾ എന്തോ ചൂണ്ടക്കൊളുത്തിൽ കൊത്തിയെന്ന് അദ്ദേഹത്തിനു തോന്നി. അങ്ങനെയാണ് ബോസ്‌വെർത്ത് ചൂണ്ട വലിച്ചത്. ചൂണ്ട പൊങ്ങിയപ്പോൾ അതിൽ കുരുങ്ങിക്കിടന്ന മീൻ പ്ലാസ്റ്റിക് കവറാണെന്നാണ് ബോസ്‌വെർത്ത് കരുതി. 

എന്നാൽ എടുത്തു പരിശോധിച്ചപ്പോൾ മീനാണെന്നു മനസിലായി. ടംപാ ബേയിൽ വർഷങ്ങളായി ചൂണ്ടയിടുന്ന ബോസ്‌വെർത്തിന് അവിടത്തെ നൂറിലധികം മീനുകളെ അറിയാം. എന്നാൽ ഇതേതു വർഗമാണെന്ന് അദ്ദേഹത്തിനു മനസിലായില്ല. 

22 ഇഞ്ച് നീളമുണ്ടായിരുന്നു ആ മീനിന്. ബോസ്‌വെർത്തും സംഘവും മീനിന്റെ ചിത്രങ്ങൾ മൊബൈലിലെടുത്ത ശേഷം മീനിനെ തിരിച്ചു വെള്ളത്തിലേക്കു തന്നെ വിട്ടു. തുടർന്ന് അദ്ദേഹം ഈ ചിത്രങ്ങൾ ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷന് അയച്ചു കൊടുക്കുകയും ഇതിനെ തിരിച്ചറിയാൻ സഹായിക്കാമോയെന്ന് അഭ്യർഥിക്കുകയും ചെയ്തു. കുറെ പരിശോധനകൾക്കു ശേഷം ഇത് ഓറഞ്ച് ഫയൽ ഫിഷ് എന്ന മീനാണെന്നു കമ്മീഷൻ അധികൃതർ ബോസ്‌വെർത്തിനെ അറിയിച്ചു.

പേരിൽ ഓറഞ്ചുണ്ടെങ്കിലും പല നിറങ്ങളിലും പല ഡിസൈനിലും ഇതിനെ കാണാറുണ്ട്. ഇത്തരമൊരു ഡിസൈനാണു പൊറോട്ടയുടേതു പോലെ സാമ്യം തോന്നിയതും. അറ്റ്ലാന്റിക് സമുദ്രത്തിൽ പൊതുവേ കാണപ്പെടുന്ന ഈ മീനുകൾ ആഴം കുറഞ്ഞ കടൽഭാഗത്തെ അടിത്തട്ടിൽ കഴിയുന്നവയും ആൽഗെ മറ്റു കടൽപ്പുല്ലുകൾ എന്നിവയൊക്കെ ഭക്ഷിക്കുന്നവയുമാണ്. കാര്യം ആളൊരു പാവത്താനാണെങ്കിലും ഈ മീനുകൾക്ക് ശത്രുക്കളിൽ നിന്നു രക്ഷപ്പെടാനായി തലയ്ക്കു മുന്നിൽ കൂർത്ത കൊമ്പുപോലെ ഒരു ശരീരഭാഗമുണ്ട്. 

ശത്രുക്കൾ ആക്രമിക്കാനെത്തുമ്പോൾ ഇവ ഈ കൊമ്പു നീട്ടുകയും എവിടെയെങ്കിലും ഒളിക്കുകയും ചെയ്യും. കൊമ്പിന്റെ കുത്തുകിട്ടാൻ താത്പര്യമില്ലാതെ ശത്രുക്കൾ മടങ്ങും. ശരീരത്തിൽ മാംസം തീരെയില്ലാത്തതിനാലും, വളരെ കട്ടിയുള്ള തൊലിയുള്ളതിനാലും മനുഷ്യർ ഈ മീനിനെ അങ്ങനെ ഭക്ഷിക്കാറില്ല. ആൽഗകൾ തിന്നു ജീവിക്കുന്നതിനാൽ ഇവയുടെ മാംസം മനുഷ്യരിൽ ചില അസുഖങ്ങളും വരുത്തും. എന്നാൽ ചില അക്വേറിയങ്ങളിൽ ഇവയെ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com