വില കുറഞ്ഞ മീൻ വേണ്ട! മുഖം തിരിച്ച് പെൻ​ഗ്വിൻ, തുപ്പിക്കളഞ്ഞ് നീർനായ (വീഡിയോ)

വിലക്കയറ്റമടക്കമുള്ള കാര്യങ്ങളാൽ ജനങ്ങൾ വളരെ കഷ്ടപ്പാടിലാണ്. ജനങ്ങളുടെ സംരക്ഷണയിൽ കഴിയുന്ന മൃ​ഗങ്ങളേയും ഇക്കാര്യങ്ങൾ സാരമായി തന്നെ ബാധിക്കുന്നു
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

കോവിഡ് കാലവും ലോക്ക്ഡൗണും ലോകത്തെ മിക്ക രാജ്യങ്ങളുടേയും സാമ്പത്തിക അടിത്തറ തന്നെ ഇളക്കിയിരുന്നു. വിലക്കയറ്റമടക്കമുള്ള കാര്യങ്ങളാൽ ജനങ്ങൾ വളരെ കഷ്ടപ്പാടിലാണ്. ജനങ്ങളുടെ സംരക്ഷണയിൽ കഴിയുന്ന മൃ​ഗങ്ങളേയും ഇക്കാര്യങ്ങൾ സാരമായി തന്നെ ബാധിക്കുന്നു. 

അതിന്റെ പ്രത്യക്ഷ തെളിവാണ് ജപ്പാനിൽ നിന്നുള്ള ഈ സംഭവം. വില കുറഞ്ഞ മത്സ്യം കഴിക്കാൻ ജപ്പാനിലെ അക്വേറിയത്തിലുള്ള ചില പെൻഗ്വിനുകൾ സമ്മതിക്കുന്നില്ലെന്നതാണ് പുറത്തു വരുന്ന റിപ്പോർട്ട്. വില കൂടിയ മത്സ്യങ്ങൾ കഴിച്ച് ശീലിച്ച അക്വേറിയത്തിലെ പെൻ​ഗ്വിനുകളും നീർനായകളുമെല്ലാം ഇപ്പോൾ വില കുറഞ്ഞ മത്സ്യം കഴിക്കാൻ വിസമ്മതിക്കുകയാണ്. 

ജപ്പാനിലെ കനഗാവ മേഖലയിലുള്ള ഹാകോണിയൻ അക്വേറിയത്തിലാണ് സംഭവം. ഇവിടെയുള്ള പെൻഗ്വിനുകൾ സാമാന്യം വിലയുള്ള ഹോഴ്സ് മാക്വറൽ പോലെയുള്ള മത്സ്യങ്ങളാണ് സ്ഥിരമായി കഴിച്ചിരുന്നത്. അജി എന്നാണ് ജാപ്പനീസ് ഭാഷയിൽ ഇവ അറിയപ്പെടുന്നത്. എന്നാൽ വിലക്കയറ്റം അക്വേറിയം അധികൃതരെയും ഞെരുക്കത്തിലാക്കി. അതോടെ വില കൂടിയ മീനുകൾ നൽകുന്നതു നിർത്തി പകരം വില കുറഞ്ഞ മീനുകൾ പെൻഗ്വിനുകൾക്ക് നൽകാൻ അക്വേറിയം അധികൃതർ തീരുമാനിച്ചു. ഇതോടെയാണു ചില പെൻഗ്വിനുകൾ ഭക്ഷണം കഴിക്കാൻ മടി കാട്ടുന്നത്. 

വായിലേക്കു വച്ചുകൊടുക്കുമ്പോൾ ഇവ മീനുകളിൽ കടിക്കുമെങ്കിലും തങ്ങളുടെ സ്ഥിരം ഭക്ഷണമല്ലെന്ന് പെട്ടെന്ന് മനസിലാക്കി തുപ്പിക്കളയുകയാണു ചെയ്യുന്നതെന്ന് അക്വേറിയം മേധാവി ഹിരോകി ഷിമമോട്ടോ പറയുന്നു. തീരെ കഴിക്കാത്തവയ്ക്ക് രഹസ്യമായി അജി മത്സ്യങ്ങൾ തന്നെ നൽകുന്നുണ്ടെന്നും ഹിരോകി പറയുന്നു.

പെൻഗ്വിനുകൾ മാത്രമല്ല, ഒട്ടറുകൾ എന്നറിയപ്പെടുന്ന നീർനായ വംശത്തിലുള്ള ജീവികളും ഭക്ഷണം നിരസിക്കുന്നു. പെൻഗ്വിനുകൾ തുപ്പിക്കളയുകയാണെങ്കിൽ ഓട്ടറുകള്‍ മീനിനെ കടിച്ചുകുടഞ്ഞു ദൂരേക്കെറിയുകയാണ്. പെൻഗ്വിനുകളും ഓട്ടറുകളും സീലുകളും സ്രാവുകളുമൊക്കെയായി 32,000 മൃഗങ്ങളാണ് ഈ അക്വേറിയത്തിൽ താമസിക്കുന്നത്

വിലക്കയറ്റത്തിനൊപ്പം തന്നെ ജപ്പാനിലെ മത്സ്യ ബന്ധന മേഖലയിലുണ്ടായ പ്രതിസന്ധിയും മീനുകളുടെ ലഭ്യതയെ നന്നായി ബാധിച്ചു. ഇതോടെയാണ് അക്വേറിയം അധികൃതർ വില കൂടിയ മത്സ്യങ്ങൾക്കൊപ്പം വില കുറഞ്ഞ മത്സ്യങ്ങൾ കലർത്തി നൽകാൻ തുടങ്ങിയത്. ആദ്യം ചെറിയ അളവുകളിലായിരുന്നു ഈ കലർത്തൽ. എന്നാൽ ഇപ്പോൾ അവരുടെ ഡയറ്റിന്റെ നല്ലൊരു ഭാഗവും വില കുറഞ്ഞ മത്സ്യങ്ങളാണെന്ന് അക്വേറിയം അധികൃതർ വ്യക്തമാക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com