മൂന്ന് ഇഞ്ച് ഉയരം കൂട്ടാന്‍ 1.2 കോടി രൂപ; ശസ്ത്രക്രിയയ്ക്ക് വിധേയനായി 68കാരന്‍ 

അഞ്ചടി ആറിഞ്ച് പൊക്കം മടുത്തെന്ന കാരണത്താലാണ് ഇയാള്‍ ഉയരം അഞ്ചടി ഒന്‍പത് ഇഞ്ചാക്കാന്‍ ശസ്ത്രക്രിയ നടത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാലിന് മൂന്ന് ഇഞ്ച് നീളം കൂട്ടാന്‍ 1.2 കോടി രൂപ ചിലവിട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായി 68കാരന്‍. റോയ് കോണ്‍ എന്നയാളാണ് വേദനയേറിയ ശസ്ത്രക്രിയയിലൂടെ കടന്നുപോയത്. തന്റെ അഞ്ചടി ആറിഞ്ച് പൊക്കം മടുത്തെന്ന കാരണത്താലാണ് ഇയാള്‍ ഉയരം അഞ്ചടി ഒന്‍പത് ഇഞ്ചാക്കാന്‍ ശസ്ത്രക്രിയ നടത്തിയത്. 

തുടയിലെ അസ്ഥികള്‍ മുറിച്ചാണ് ശസ്ത്രക്രിയ. 'ഉയരം എനിക്കൊരു പ്രശ്‌നമേ ആയിരുന്നില്ല. ഇത് ചെറുപ്പം മുതല്‍ എനിക്ക് അറിയാവുന്ന ഒരു കാര്യമായിരുന്നു. ഇപ്പോള്‍ ഇതെനിക്ക് താങ്ങാന്‍ കഴിയുന്ന ഒരു സമയമാണെന്ന് മാത്രം', ശസ്ത്രക്രിയയ്ക്ക് ശേഷം കോണ്‍ പറഞ്ഞു. തനിക്ക് പൊക്കത്തെക്കുറിച്ച് അപകര്‍ഷതാബോധം ഒന്നും ഉണ്ടായിരുന്നില്ലെന്നും പക്ഷെ ഉയരം കുറവാണെന്ന ചിന്ത എപ്പോഴും മനസ്സില്‍ ഉണ്ടായിരുന്നെന്നും കോണ്‍ പറഞ്ഞു. 'എന്റെ ഭാര്യയ്ക്കായിരുന്നു ഇതേക്കുറിച്ച് കൂടുതല്‍ വേവലാതി ഉണ്ടായിരുന്നത്. ഞാന്‍ എങ്ങനെയാണോ അവള്‍ക്കെന്നെ അങ്ങനെതന്നെ ഇഷ്ടമായിരുന്നു. പക്ഷെ ഇത് മറ്റാര്‍ക്കും വേണ്ടിയല്ല ഞാന്‍ എനിക്കുവേണ്ടിത്തന്നെ ചെയ്തതാണ്', കോണ്‍ കൂട്ടിച്ചേര്‍ത്തു. കാലിന്റെ നീളം കൂട്ടുന്നതില്‍ വിദഗ്ധനായ കോസ്മറ്റിക് സര്‍ജന്‍ കെവിന്‍ ദേബിപര്‍ഷാദാ തന്റെ ലാസ് വെഗാസിലെ ക്ലിനിക്കിലാണ് ശസ്ത്രക്രിയ നടത്തിയത്. 

രോഗിയുടെ തുടയെല്ലുകള്‍ മുറിച്ച് അതില്‍ മെറ്റല്‍ ആണി ഘടിപ്പിച്ചാണ് ഉയരം കൂട്ടുന്നത്. മൂന്ന് മാസം എല്ലാ ദിവസവും ആണിയുടെ നീളം കൂട്ടും. ഇത് മാഗ്നറ്റിക് റിമോട്ട് കണ്‍ട്രോള്‍ വഴിയാണ് ചെയ്യുന്നത്. ഉയരം കൂട്ടുന്ന പ്രക്രിയ മാസങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണെന്നും ഒരു ദിവസം ഒരു മില്ലീമീറ്ററൊക്കെ മാത്രമേ കൂടുകയുള്ളൂ എന്നും കോണ്‍ പറഞ്ഞു. 'ഒരു ഇഞ്ച് ഉയരം കൂടാന്‍ ഏകദേശം 25 ദിവസമൊക്കെ വേണ്ടിവരും. മൂന്ന് ഇഞ്ച് കൂടാന്‍ ഏകദേശം രണ്ടര മാസത്തോളമെടുത്തു', അദ്ദേഹം പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com