എഡിറ്റ് ചെയ്യാവുന്ന ഒരു ലോകം!, 'ആന്‍ഡ്രോയിഡ് കുഞ്ഞപ്പനെ'പ്പോലെ വീട്ടിലൊരു കൂട്ട്; 2023ല്‍ ലോകം വന്‍ മാറ്റങ്ങളിലേക്കോ?  

വമ്പന്‍ സാങ്കേതികവിദ്യകളാണ് ചിറകുവിരിക്കാന്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സാങ്കോതിവിദ്യയിലെ ചില ട്രെന്‍ഡുകളറിയാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വിടെനോക്കിയാലും കാണുന്നവരെല്ലാം മൊബൈലും കുത്തിക്കൊണ്ടിരിക്കുന്നത് ഇപ്പോള്‍ സര്‍വസാധാരണമാണ്. ഓണ്‍ലൈന്‍ ക്ലാസൊക്കെ പതിവായതോടെ പ്രായഭേദമില്ലാതെ ടെക്ക് ലോകത്ത് ജിവിക്കുകയാണ് നമ്മളെല്ലാം. ഇന്‍സ്റ്റഗ്രാമും വാട്‌സാപ്പും മുതല്‍ ഗെയിമുകളില്‍ വരെ മുഴുകിയിരിക്കുന്നവരാണ് അധികവും. എന്നാല്‍ ഈ കാഴ്ചകള്‍ വരും വര്‍ഷങ്ങളില്‍ പാടെ മാറും, കാരണം അത്ര വമ്പന്‍ സാങ്കേതികവിദ്യകളാണ് ചിറകുവിരിക്കാന്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സാങ്കോതിവിദ്യയിലെ ഇത്തരം ചില ട്രെന്‍ഡുകളറിയാം. 

റോബോട്ടാണോ അതോ മനുഷ്യനോ?!

കാഴ്ചയിലും പ്രവൃത്തിയിലും കൂടുതല്‍ മനുഷ്യസമാനമായി റോബോട്ടുകള്‍ അടുത്ത വര്‍ഷം എത്തിയേക്കാം. പരിപാടികളില്‍ അതിഥികളെ സ്വീകരിക്കാനും ഹോട്ടലിലും ബാറിലുമെല്ലാം വിളമ്പുകാരായും എന്തിന് 'ആന്‍ഡ്രോയിഡ് കുഞ്ഞപ്പനെ'പ്പോലെ മുതിര്‍ന്നവര്‍ക്ക് കൂട്ടുകാരാകാനുമൊക്കെ ഇത്തരം റോബോട്ടുകള്‍ വന്നേക്കാം. ഹ്യൂമനോയിഡ് റോബോട്ടുകള്‍ വീടിനുള്ളില്‍ എത്തിക്കാനാണ് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് ലക്ഷ്യമിടുന്നത്. പക്ഷെ ഇതിന് ഇനിയും 3-5 വര്‍ഷം സമയമെടുക്കുമെന്നാണ് മസ്‌ക് തന്നെ പറയുന്നത്. 

മെറ്റാവേഴ്സ് ഞെട്ടിക്കും, അവതാറിലും പുരോഗമനം

ആളുകള്‍ക്ക് പരസ്പരം കാണാനും സംസാരിക്കാനുമെല്ലാം സാധിക്കുന്ന ഷെയേര്‍ഡ് വെര്‍ച്വല്‍ സ്‌പേസാണ് മെറ്റാവഴ്സ്. ഓഗ്മെന്റഡ് റിയാലിറ്റി വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തില്‍ ഇന്റര്‍നെറ്റില്‍ സാധ്യമായതെല്ലാം നമുക്ക് മെറ്റാവേഴ്സിലൂടെ അനുഭവിക്കാന്‍ സാധിക്കും. കൂടുതല്‍ മികവാര്‍ന്ന ഈ ഇന്റര്‍നെറ്റ് അനുഭവം അടുത്ത വര്‍ഷം തന്നെ ലഭ്യമായേക്കും. 2030തോടെ മെറ്റാവേഴ്സ് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ മൂല്യം ചേര്‍ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

'അവതാര്‍' സാങ്കേതികവിദ്യയിലും അടുത്തവര്‍ഷം പുരോഗമനം പ്രതീക്ഷിക്കാം. പുതിയ അവതാറിന്റെ സഹായത്തോടെ മെറ്റാവേഴ്സില്‍ ഓണ്‍ലൈന്‍ ഇടപെടലുകള്‍ കൂടുതല്‍ അര്‍ഥവത്താകും. യഥാര്‍ഥ ജീവിതത്തില്‍ നമ്മള്‍ എങ്ങനെയാണ്, നമ്മുടെ ചലനങ്ങള്‍, ആംഗ്യവിക്ഷേപങ്ങള്‍ എല്ലാം മെറ്റാവേഴ്സില്‍ പ്രതിഫലിപ്പിക്കാന്‍ സാധിച്ചേക്കാമെന്നത് കൂടുതല്‍ ആകാംഷയുണര്‍ത്തുന്നതാണ്. ഇതിനും പുറമെ അവതാറിന് എഐ ശേഷി കൂടി നല്‍കി ഒരാളുടെ പ്രതിനിധിയാകാനുള്ള അവസരവും ഒരുക്കുന്നുണ്ട്.  ഒരു മീറ്റിങ്ങില്‍ പങ്കെടുക്കേണ്ടയാള്‍ ലോഗ് ഇന്‍ ചെയ്തിട്ടില്ലെങ്കില്‍ പോലും അയാളുടെ പ്രതിനിധിയായി അവതാറിന് മീറ്റിങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിച്ചേക്കും. ഇത്തരം എആര്‍ വിആര്‍ സാങ്കേതികവിദ്യ പല കമ്പനികളും പ്രയോജനപ്പെടുത്തുന്നുണ്ട്. 

ക്വാണ്ടം കംപ്യൂട്ടിങ്ങ് ആര് കീഴടക്കും?

ആര്‍ക്കാദ്യം ക്വാണ്ടം കംപ്യൂട്ടിങ്ങിന്റെ നേതാവാകാന്‍ സാധിക്കും എന്ന മത്സരമാണ് ഇപ്പോള്‍ ലോകമെമ്പാടും നടക്കുന്നത്. ഇപ്പോള്‍ നമ്മള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കംപ്യൂട്ടിങ്ങിന്റെ ട്രില്ല്യന്‍ മടങ്ങ് ശക്തികൂടിയ കംപ്യൂട്ടറുകള്‍ പുറത്തിറക്കാനുള്ള ശ്രമമാണിത്. നിലവിലുള്ള എന്‍ക്രിപ്ഷനുകള്‍ തകര്‍ത്തെറിയാന്‍ കഴിയുമെന്നതിനാല്‍ ക്വാണ്ടം കംപ്യൂട്ടിങ് അപകടകരവുമാണ്. അതുകൊണ്ട് ഏതെങ്കിലുമൊരു രാജ്യം ക്വാണ്ടം കംപ്യൂട്ടിങ് രംഗത്ത് കരുത്താര്‍ജ്ജിച്ചാല്‍ മറ്റു രാജ്യങ്ങള്‍ക്ക് അത് ഭീഷണിയാകും. മറ്റു രാജ്യങ്ങള്‍ എന്‍ക്രിപ്റ്റു ചെയ്തു സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ അറിയാന്‍ ഈ മാര്‍ഗ്ഗം ഉപയോഗിക്കാനാകും. 

എഡിറ്റ് ചെയ്യാവുന്ന ഒരു ലോകം!

നാനോ ടെക്നോളജി പുതിയ വസ്തുക്കളെ സൃഷ്ടിച്ചേക്കും. നമ്മള്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത വസ്തുക്കള്‍ സൃഷ്ടിക്കപ്പെട്ടേക്കാം. എഡിറ്റ് ചെയ്യാവുന്ന ഒരു ലോകം, അതായത് ഇന്ന് ഒരു വസ്തു സൃഷ്ടിച്ച് അതില്‍ ഒരു പോറലുണ്ടായാന്‍ അതിനെ അവിടെതന്നെ നിലനിര്‍ത്തിക്കാണ്ട് അടുത്തത് ആ പോറല്‍ സ്വയം മായ്ക്കാന്‍ പ്രാപ്തിയുള്ള ഒരു വസ്തുവിനെയായിരിക്കും നിര്‍മ്മിക്കുക. ഡിഎന്‍എ എഡിറ്റു ചെയ്യാന്‍ കഴിയുന്ന ജീന്‍ എഡിറ്റിങ് സാങ്കേതികവിദ്യ പുതിയ ഘട്ടത്തിലേക്കു പ്രവേശിച്ചേക്കും. മനുഷ്യന്റെ കണ്ണ് എങ്ങനെയിരിക്കണം, മുടിയുടെ നിറം എന്തായിരിക്കണമെന്നെല്ലാം നിശ്ചയിക്കാന്‍ സാധിക്കുന്ന ഒരു ലോകത്തേക്കുള്ള ആദ്യ ചുവടുവയ്പ്പുകള്‍ വരുന്ന വര്‍ഷമുണ്ടായേക്കും. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരു പതിവ് സേവനം

2023ല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പല സ്ഥാപനങ്ങളിലെയും പതിവ് സേവനമായേക്കാം. ഇതില്‍ തന്നെ ഏറെ സാധ്യതയുള്ള ഒന്നാണ് നോ-കോഡ് എഐ. ഏതു ബിസിനസ് സ്ഥാപനത്തിനും കൂടുതല്‍ മികവുറ്റ ഉല്‍പന്നങ്ങളും സേവനങ്ങളും നല്‍കാന്‍ സജ്ജമാക്കുമെന്നതാണ് ഡ്രഗ് ആന്‍ഡ് ഡ്രോപ് ഇന്റര്‍ഫെയ്സുമായി എത്തുന്ന ഇത് ചെയ്യുന്നത്. റീട്ടെയില്‍ വില്‍പനയില്‍ ഈ പ്രഭാവം ഇതിനോടകം പ്രകടമായിത്തുടങ്ങിയിട്ടുണ്ട്. അമേരിക്കയിലെ സ്റ്റിച്ച്-ഫിക്സ് എന്ന സ്ഥാപനം വസ്ത്രങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നുണ്ട്. 

വെബ് 3.0, കൂടുതല്‍ സുരക്ഷ

ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യയിലൂന്നിയ നെക്സ്റ്റ് ജനറേഷന്‍ ഇന്റര്‍നെറ്റ് 2023ല്‍ കൂടുതല്‍ പുരോഗതി കൈവരിച്ചേക്കാം. വികേന്ദ്രീകൃതമായ ഇന്റര്‍നെറ്റ് എന്ന സങ്കല്‍പത്തിലൂന്നി പുതിയ ഉല്‍പന്നങ്ങളും സേവനങ്ങളും അവതരിപ്പിച്ചേക്കാം. അതായത് നിലവില്‍ നമ്മള്‍ ക്ലൗഡ് സെര്‍വറുകളിലാണ് ഡാറ്റയെല്ലാം ശേഖരിച്ചിവയ്ക്കുന്നതെങ്കില്‍ അതിനെ വികേന്ദ്രീകൃതമാക്കി കൂടുതല്‍ സുരക്ഷിതമാക്കും. നമ്മുടെ വിവരങ്ങള്‍ സുരക്ഷിതമായിരിക്കുമെന്ന് മാത്രമല്ല കൂടതല്‍ വിവരങ്ങള്‍ പല രീതിയില്‍ ആക്‌സസ് ചെയ്യാനും സാധിക്കും. നോണ്‍-ഫഞ്ജിബിള്‍ ടോക്കന്‍സ് (എന്‍എഫ്ടികള്‍) അടുത്ത വര്‍ഷം കൂടുതല്‍ പ്രചാരം നേടുമെന്നാണ് പ്രവചനം. 

ഡിജിറ്റലും യഥാര്‍ഥ ലോകവും

ഡിജിറ്റല്‍ ലോകവും യഥാര്‍ഥ ലോകവും തമ്മിലുള്ള അന്തരം നികത്തപ്പെട്ടതാണ് ഈ വര്‍ഷത്തെ കാഴ്ചയെങ്കില്‍ അടുത്ത വര്‍ഷം അതിന്റെ ആക്കം കൂടും. ഡിജിറ്റല്‍ ട്വിന്‍ ടെക്നോളജി, 3ഡി പ്രിന്റിങ് തുടങ്ങിയ ഇപ്പോഴേ ഇടംപിടിച്ചു.

ഹരിത സാങ്കേതികവിദ്യ

പരിസ്ഥിതി സൗഹൃദമായ ഹരിത സാങ്കേതികവിദ്യ കൊണ്ടുവരാന്‍ ലോകം വരും വര്‍ഷം ശ്രമിച്ചേക്കും. കാലാവസ്ഥാ വ്യതിയാനം എന്ന മഹാവിപത്തിനെ പ്രതിരോധിക്കാന്‍ ഹരിത ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കാനും വികേന്ദ്രീകൃതമായ പവര്‍ ഗ്രിഡുകള്‍ സൃഷ്ടിക്കാനും ആക്കം കൂട്ടും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com