പാചകം എന്നോർക്കുമ്പോഴേ പേടിയാണോ? ആത്മവിശ്വാസത്തോടെ ഭക്ഷണമുണ്ടാക്കാൻ ഇതാ ചില വഴികൾ

എല്ലാവർക്കും ഭക്ഷണമുണ്ടാക്കുന്ന കല അത്ര വഴങ്ങണമെന്നില്ല, ചിലർക്ക് നന്നായി പാചകം ചെയ്യാൻ അറിയാമെങ്കിലും ആത്മവിശ്വാസക്കുറവ് മൂലം പാചകത്തിൽ കൈപ്പിഴ സംഭിക്കാറുമുണ്ട്. എങ്ങനെ മറികടക്കാം?
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രിടയ്ക്ക് പാചകം ചെയ്യുന്നത് ഔട്ട് ഓഫ് ഫാഷൻ എന്നാണ് പലരും വിശേഷിപ്പിച്ചിരുന്നത്. പുറത്തുപോയി കഴിക്കുന്നതും, ജങ്ക് ഫുഡ് തീൻമേശയിൽ നിരത്തുന്നതുമൊക്കെയായിരുന്നു അന്ന് സ്‌റ്റൈൽ. പക്ഷെ ഇപ്പോൾ ആളുകൾക്ക് ആരോഗ്യത്തെക്കുറിച്ചുള്ള ബൾബ് തെളിഞ്ഞിട്ടുണ്ട്. ഇതോടെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഗുണവും പ്രാധാന്യവുമൊക്കെ എല്ലാവരും മനസ്സിലാക്കി. ഇതുമാത്രമല്ല പാചകം പലരുടെയും പാഷനും വരുമാനമാർഗ്ഗവുമൊക്കെയായി. പാചക വിഡിയോകൾ നിറഞ്ഞ യൂട്യൂബ് ചാനലുകൾ തട്ടിയിട്ട് നടക്കാൻ പറ്റില്ലെന്നൊക്കെ പലരും തമാശയ്ക്ക് പറയുന്നതും കേൾക്കാം. 

പാചകം എല്ലാവരും അറിഞ്ഞിരിക്കേണ്ട അടിസ്ഥാന പാഠങ്ങളിൽ ഒന്നാണെങ്കിലും എല്ലാവർക്കും ഭക്ഷണമുണ്ടാക്കുന്ന കല അത്ര വഴങ്ങണമെന്നില്ല. ചിലർക്ക് നന്നായി പാചകം ചെയ്യാൻ അറിയാമെങ്കിലും ആത്മവിശ്വാസക്കുറവ് മൂലം പാചകത്തിൽ കൈപ്പിഴ സംഭിക്കാറുമുണ്ട്. ഈ ആത്മവിശ്വാസക്കുറവിന് കാരണം പാചകത്തെക്കുറിച്ചുള്ള ഉത്കണ്ഠയാണ്. പാചകം ചെയ്യാൻ തുടങ്ങുന്നതിന് മുമ്പ് നേരിടുന്ന പരിഭ്രാന്തി, ഭയം, ടെൻഷൻ ഒക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. തെറ്റ് സംഭവിക്കുമോ എന്നുള്ള പേടി, ആളുകൾ വിമർശിക്കുമോ എന്ന ടെൻഷൻ ഒക്കെയാണ് ഇതിന് പിന്നിലെ കാരണങ്ങൾ. 

എങ്ങനെ മറികടക്കാം?

ഏതൊരു ഉത്കണ്ഠയെയും മറികടക്കണമെങ്കിൽ അതിന് പിന്നിലെ കാരണം അറിയുകയാണ് ആദ്യം ചെയ്യേണ്ടത്. പാചകം വളരെ രസകരമായ ഒരു കാര്യമാണെന്നും പരീക്ഷണങ്ങൾ നടത്തിയും ഇഷ്ട വിഭവങ്ങൾ ആവർത്തിച്ച് ഉണ്ടാക്കിയുമെല്ലാം ഇത് സ്വായത്തമാക്കാൻ കഴിയുമെന്നും സ്വയം വിശ്വസിക്കണം. 

എളുപ്പമുള്ള റെസിപ്പിയിൽ നിന്ന് തുടങ്ങാം: വളരെ കുറച്ച് ചേരുവകൾ ആവശ്യമായിട്ടുള്ള എളുപ്പം തയ്യാറാക്കാവുന്ന വിഭവങ്ങളിൽ നിന്ന് വേണം തുടങ്ങാൻ. പാചകവുമായി ഒന്ന് പരിചയത്തിലായാൽ കൂടുതൽ പ്രയാസമുള്ള റെസിപ്പികൾ പരീക്ഷിച്ചുനോക്കാം. സാലഡ്, പരിപ്പുകറി തുടങ്ങിയ വിഭവങ്ങൾ കന്നി പരീക്ഷണങ്ങൾക്ക് ബെസ്റ്റാണ്. 

റെസിപ്പി എഴുതിവയ്ക്കാം: ഏതൊരു വിഭവം തയ്യാറാക്കുന്നതിന് മുമ്പും റെസിപ്പി പൂർണ്ണമായി വായിച്ച് മനസ്സിലാക്കണം. റെസിപ്പിയിലെ നിർദേശങ്ങൾ കൃത്യമായി പാലിച്ചുവേണം പാചകം. കൂടുതൽ വ്യക്തമായി മനസ്സിലാക്കണമെങ്കിൽ ഇത് എഴുതിവയ്ക്കാം. പാചകത്തിനിടയിൽ സംഭവിക്കാവുന്ന പിഴവുകൾ ഒഴിവാക്കാൻ ഇത് സഹായിക്കും. 

​ഗുണനിലവാരമുള്ള ചേരുവകൾ മാത്രം: പാചകം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ചേരുവകളുടെ കാര്യത്തിൽ ഒരിക്കലും വിട്ടുവീഴ്ച്ച ചെയ്യരുത്. തയ്യാറാക്കുന്ന വിഭവം കഴിക്കാനുള്ളതാണെന്ന് ഓർത്തുവേണം ഓരോ തീരുമാനവും എടുക്കാൻ. മോശമായ ചേരുവകളും എക്‌സ്‌പൈറി ഡേറ്റ് കഴിഞ്ഞവയും ഉപയോഗിക്കരുത്. 

രുചിയിൽ പരീക്ഷണമാകാം: രുചി മാറ്റി പരീക്ഷിക്കുന്നതിൽ ഒരു മടിയും വിചാരിക്കണ്ട. മസാലക്കൂട്ടുകളും ചേരുവകളുമെല്ലാം ചെറുതായി വ്യത്യാസപ്പെടുത്തി തയ്യാറാക്കുന്ന ഓരോ വിഭവത്തിലും സ്വന്തം കൈയൊപ്പ് ചാർത്താം. 

അടുക്കള വൃത്തിയായി സൂക്ഷിക്കാം: പാചകം നല്ല വൃത്തി ആവശ്യപ്പെടുന്ന ജോലിയാണ്. ഇതുമാത്രമല്ല പാചകം ഇഷ്ടപ്പെടണമെങ്കിൽ എടുക്കുന്ന സാധനങ്ങൾ കൃത്യസ്ഥലത്ത് തിരിച്ചുവയ്ക്കാനും പഠിക്കണം. പാത്രങ്ങളും പാചകം ചെയ്യുന്ന സ്ഥലവുമെല്ലാം വൃത്തിയായി വച്ചിരിക്കുകയും വേണം. 

തെറ്റുപറ്റിയാലും വിട്ടുകളയാം: എല്ലാവരും മാസ്റ്റർ ഷെഫ്ഫുമാരല്ലെന്ന കാര്യം മനസ്സിലാക്കണം. നമ്മൾ സ്വന്തം ആവശ്യത്തിനായി പാചകം ചെയ്യുമ്പോൾ തെറ്റ് പറ്റിയാലും അതിൽ അനാവശ്യമായി നിരാശപ്പെടേണ്ട കാര്യമില്ല. വളരെ പ്രഗത്ഭരായ പാചകക്കാർക്ക് പോലും പിഴവുകൾ സംഭവിക്കാറുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com