ആദ്യമായി നേരില്‍ കാണുന്ന സോഷ്യല്‍ മീഡിയ സുഹൃത്ത്; ഈ എട്ട് കാര്യങ്ങള്‍ ശ്രദ്ധിക്കാം  

സോഷ്യല്‍ മീഡിയയില്‍ പരിചയമുള്ളവരെ ആദ്യമായി നേരില്‍ കാണുമ്പോള്‍ ഈ എട്ട് കാര്യങ്ങള്‍ ശ്രദ്ധിക്കാം  
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സോഷ്യല്‍ മീഡിയ വഴിയുള്ള സൗഹൃദങ്ങളാണ് ഇപ്പോള്‍ അധികവും. ഇത്തരത്തിലുള്ള സുഹൃത്തുക്കളിലൊരാളെ നേരില്‍ കാണുമ്പോള്‍ ആവേശവും അങ്കലാപ്പുമൊക്കെ അല്‍പം കൂടുതലായിരിക്കും. പക്ഷെ ഇന്റര്‍നെറ്റിലും യഥാര്‍ത്ഥ ജീവിതത്തിലും ആളുകള്‍ക്ക് അവരുടെ സ്വഭാവത്തിലും രൂപത്തിലുമെല്ലാം മാറ്റമുണ്ടാകും എന്ന അടിസ്ഥാന കാര്യം എപ്പോഴും ഓര്‍മ്മയിലുണ്ടാകണം. സോഷ്യല്‍ മീഡിയയില്‍ പരിചയമുള്ളവരെ ആദ്യമായി നേരില്‍ കാണുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. 

എപ്പോഴും ആദ്യ കൂടിക്കാഴ്ചയ്ക്കായി പൊതു ഇടങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കോഫി ഷോപ്പോ, പാര്‍ക്കോ, മാളുകളോ ഇതിനായി തെരഞ്ഞെടുക്കാം. വീട്ടിലേക്ക് ക്ഷണിക്കുന്നതും സ്വകാര്യ ഇടങ്ങളില്‍ കണ്ടുമുട്ടാം എന്ന തീരുമാനവുമെല്ലാം അബദ്ധമാണ്. 

പറ്റിക്കപ്പെടാം എന്ന സാദ്ധ്യത ഒരിക്കലും തള്ളിക്കളയരുത്. നിങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ എത്രമാത്രം സൗഹൃദം ഉണ്ടെന്ന് പറഞ്ഞാലും നേരില്‍ ആ വ്യക്തി അങ്ങനെയായിരിക്കണം എന്നില്ല. നേരിട്ട് കാണാം എന്ന് പറഞ്ഞ് വഞ്ചിക്കാന്‍ വരെ സാധ്യതയുണ്ട്. എത്താമെന്ന് പറഞ്ഞിട്ട് വരാതിരിക്കാനും മറ്റാരെയെങ്കിലും അയച്ച് പറ്റിക്കാനുമൊക്കെ സാധ്യതയുണ്ട്. എന്തെങ്കിലും കുഴപ്പം ഉണ്ടെന്ന തോന്നലുണ്ടെങ്കില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. 

സ്വകാര്യ വിവരങ്ങള്‍ സ്വകാര്യമായി തന്നെ സൂക്ഷിക്കാന്‍ ശ്രമിക്കണം. നിങ്ങള്‍ താമസിക്കുന്ന ഇടം, ഫോണ്‍ നമ്പര്‍ തടങ്ങിയ കാര്യങ്ങള്‍ അടുത്തറിയുന്നതിന് മുമ്പ് പങ്കുവയ്ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 

നിങ്ങളുടെ പ്രതീക്ഷകളെക്കുറിച്ച് യാഥാര്‍ത്ഥ്യബോധമുള്ളവരായിരിക്കാന്‍ ശ്രമിക്കാം. നിങ്ങള്‍ കണ്ടുമുട്ടുന്ന വ്യക്തി അവരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ കാണുന്നതുപോലെ ആകണമെന്നില്ല. യാഥാര്‍ത്ഥ്യബോധമില്ലാതെ പ്രതീക്ഷകള്‍ സൂക്ഷിക്കരുത്, പകരം തുറന്ന മനസ്സോടെ കൂടിക്കാഴ്ച്ചയ്ക്ക് പോകുന്നതാണ് നല്ലത്. 

ഓണ്‍ലൈന്‍ ഇടപെടലുകള്‍ പോലെയായിരിക്കണമെന്നില്ല നേരിട്ട് കാണുമ്പോള്‍. സംഭാഷണങ്ങളിലും ഇടപെടലുകളിലും വ്യത്യാസം ഉണ്ടായേക്കാം. അതുകൊണ്ട് സാഹചര്യം മനസ്സിലാക്കി അതുമായി പൊരുത്തപ്പെടണം. 

നിങ്ങള്‍ക്ക് പരിചയപ്പെടുന്ന വ്യക്തിക്ക് മുന്നില്‍ മതിപ്പുണ്ടാക്കണമെങ്കില്‍ സംസാരിക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് മുന്‍കൂട്ടി തയ്യാറായിരിക്കുന്നത് സഹായിക്കും. നിങ്ങള്‍ കാണാന്‍ പോകുന്ന വ്യക്തിക്ക് താത്പര്യമുള്ള വിഷയങ്ങള്‍ അറിയുന്നതും സംഭാഷണങ്ങള്‍ അതുമായി ബന്ധപ്പെടുത്തുന്നതും ഇതിന് നിങ്ങളെ സഹായിക്കും. 

മുന്നിലിരിക്കുന്ന വ്യക്തിയെ സമയമെടുത്ത് മനസ്സിലാക്കാം. തിടുക്കത്തില്‍ തീരുമാനങ്ങള്‍ എടുക്കരുതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഒരു ബന്ധം സൃഷ്ടിക്കുന്നതിനും മുന്നോട്ടുനീങ്ങുന്നതിനുമെല്ലാം അതിന്റേതായ സമയം വേണം. അതുകൊണ്ട് ക്ഷമയോടെ സ്വാഭാവികമായി മുന്നേറുന്നതാണ് നല്ലത്. 

വ്യക്തമായ അതിര്‍വരമ്പുകള്‍ സൃഷ്ടിച്ചെടുക്കേണ്ടത് അനിവാര്യമാണ്. തമ്മില്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും ഈ ബന്ധത്തിന്റെ അര്‍ത്ഥമെന്താണെന്നും വ്യക്തമായിരിക്കണം. ഈ കൂടിക്കാഴ്ച കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും ഇരുവരുടെയും താത്പര്യം എന്താണെന്നും കൃത്യമായ ബോധ്യം സൃഷ്ടിക്കണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com