കേരള പൊറോട്ടക്ക് ജാതീയതയെ തകര്‍ക്കാന്‍ കഴിയുമോ? ഒഡിഷയില്‍നിന്നുള്ള ഈ കഥ വായിക്കൂ

രണ്ട് സഹോദരങ്ങള്‍ പൊറോട്ടയിലൂടെ തുടങ്ങിയ സാമൂഹിക വിപ്ലവം
എംകെ നിധീഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം
എംകെ നിധീഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം

ഭുവനേശ്വര്‍: ഒഡീഷയിലെ കന്ധമാല്‍ ജില്ലയിലെ ബ്രഹ്മനിഗാവ് ഗ്രാമത്തിലെ ജിഹോവ ടാസ തവ എന്ന ഹോട്ടല്‍ ഭക്ഷണത്തിലൂടെ ഇന്ത്യയുടെ സാംസ്‌കാരിക ചരിത്രത്തിന്റെ ഭാഗമാവുകയാണ്. അങ്ങനെ പറഞ്ഞാല്‍ എളുപ്പം മനസിലാകില്ല. വളരെ ലളിതമായി പറഞ്ഞാല്‍ ജാതീയമായ വേര്‍തിരിവുകള്‍ ഉണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ ശാന്തത നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന് ഒരു പങ്ക് ഈ ഹോട്ടലിനും ഒരു പ്രത്യേക ഭക്ഷണത്തിനുമാണ്. അത് നമ്മുടെ കേരള പൊറോട്ട കൂടിയാവുമ്പോ ആ കഥ എന്താണെന്ന് അറിയാതെ പോകുന്നത് ശരിയല്ലല്ലോ. 

കഥ തുടങ്ങുന്നത് ഭുവനേശ്വറിലെ മലയോര പ്രദേശമായ കന്ധമാല്‍ എന്ന സ്ഥലത്താണ്. അനന്ത ബാലിയാര്‍സിംഗും സഹോദരന്‍ സുമന്ത ബാലിയാര്‍സിംഗും ദളിത് ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളവരാണ്. ജീവിതത്തിന്റെ കുത്തൊഴുക്കിലും കഷ്ടപ്പാടുകളിലും വിവിധ ജോലികള്‍ മാറി മാറി ചെയ്ത് ഒടുവില്‍ അവര്‍ എത്തിയത് കേരളത്തിലാണ്. അങ്ങനെ കേരളത്തിലെ ഒരു ഹോട്ടലില്‍ നിന്ന് പൊറോട്ട ഉണ്ടാക്കാന്‍ പഠിച്ചു. 18 വര്‍ഷത്തോളം കേരളത്തില്‍ ജോലി ചെയ്ത് കിട്ടിയ സമ്പാദ്യമെല്ലാം ചേര്‍ത്ത് തിരികെ നാട്ടിലെത്തി. സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹത്തോടെയായിരുന്നു മടക്കം. അങ്ങനെ മടങ്ങിപ്പോയ അതേ വര്‍ഷം, കൃത്യമായി പറഞ്ഞാല്‍ 2018 ഏപ്രില്‍ 14 ന് ഇരുവരും ചേര്‍ന്ന് ബ്രഹ്മിഗാവില്‍ ഉപേക്ഷിക്കപ്പെട്ട പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് സമീപം ഒരു ചെറിയ തട്ടുകട തുടങ്ങുന്നു. വറുത്ത കോഴിയിറച്ചിയായിരുന്നു ആദ്യത്തെ സ്‌പെഷല്‍ വിഭവം. ആദ്യ ദിവസം തന്നെ 1350 രൂപ ലാഭം. തട്ടുകട ഹിറ്റായതിനെത്തുടര്‍ന്ന് പതിയെ ഒരു ഹോട്ടല്‍ തുടങ്ങാന്‍ തീരുമാനിച്ചു. അപ്പോഴാണ് ജാതി അവര്‍ക്ക് മുന്നില്‍ വേലിക്കെട്ടുകള്‍ തീര്‍ത്തത്. 

ഹോട്ടല്‍ തുടങ്ങണമെങ്കില്‍ ഫണ്ടും വലിയ സ്ഥലവും ആവശ്യമായിരുന്നു. പക്ഷേ സഹായിക്കാന്‍ ആരും തയ്യാറായില്ല.   ബാങ്കുകളോ ഭൂവുടമകളോ സ്വന്തം കുടുംബമോ പോലും ഇവര്‍ക്കൊപ്പം നിന്നില്ല. ''ഞങ്ങളുടെ കഴിവുകളല്ല, ജാതിയായിരുന്നു പ്രശ്‌നം. ദളിതന്റെ കൈയില്‍ നിന്ന് ആരും ഭക്ഷണം കഴിക്കില്ല. കുടുംബം ഉള്‍പ്പെടെ ഞങ്ങളെ പിന്തിരിപ്പിച്ചു'' സുമന്ത ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു. ഒടുവില്‍ തങ്ങളുടേത് ഉറച്ച തീരുമാനമാണെന്ന് മനസിലായപ്പോള്‍ സുമന്തയുടെ ഭാര്യയും മരുമകനും ചേര്‍ന്ന് 35,000 രൂപ നല്‍കി, ഹോട്ടല്‍ തുടങ്ങാന്‍ ഒരു ചെറിയ സ്ഥലം ലഭിച്ചു. പ്രശ്‌നങ്ങള്‍ അവിടെയും അവസാനിച്ചില്ല. ദളിതന്റെ കീഴില്‍ ജോലി ചെയ്യാന്‍ ആളുകളെ കിട്ടാതെ വന്നു. ഒടുവില്‍ ഉടമ തന്നെ ജോലിക്കാരനും ആയി. അങ്ങനെയാണ് കേരള പൊറോട്ട പുതിയ മെനുവില്‍ ഇടം പിടിക്കുന്നത്. അതിന് മുമ്പ് അവിടെ ആരും കേരള പൊറോട്ട കഴിച്ചിട്ടില്ലാത്തതിനാല്‍ പിതിയ വിഭവം ആളുകള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. വര്‍ഗീയമായ ചേരിതിരിവുകള്‍ വളരെ പ്രത്യക്ഷമായി ഉള്ള സ്ഥലമായതിനാല്‍ ദളിതന്റെ വീട്ടില്‍ നിന്നോ അവനുണ്ടാക്കുന്ന ഭക്ഷണമോ മറ്റ് ജാതിക്കാര്‍ കഴിക്കാറില്ല. പക്ഷേ, ആ വേര്‍തിരിവുകളെ കേരള പൊറോട്ടയെന്ന 'ഭീകരന്‍' മറികടന്നു. ചിക്കന്‍, ചെമ്മീന്‍, മട്ടന്‍, മുട്ട, മീന്‍ എന്നിവ പൊറോട്ടക്കൊപ്പം അവരുടെ നാവുകളില്‍ രുചിഭേദങ്ങള്‍ വാരിവിതറി. ഇതോടെ ജാതീയതയുടെ അതിര്‍വരമ്പുകള്‍ പൊട്ടിത്തുടങ്ങി. സാമൂഹികമായ വേര്‍തിരിവുകള്‍ ഇല്ലാതെ ആളുകള്‍ ഇവിടുത്തെ രുചിപ്പെരുമ കേട്ടറിഞ്ഞ് ഭക്ഷണം കഴിക്കാന്‍ എത്തിത്തുടങ്ങി. വെജിറ്റേറിയന്‍ ഭക്ഷണവും ഇപ്പോള്‍ ഇവിടെയുണ്ട്. എല്ലാറ്റിനും ഒപ്പം താരം പൊറോട്ട തന്നെ. ഉയര്‍ന്ന ജാതിയിപ്പെട്ടവരുടെ ഇടയില്‍ ഹോട്ടല്‍ ഹിറ്റായി മാറി. 

ഏതായാലും പണ്ട് പത്താം ക്ലാസില്‍ തോറ്റ് സ്‌കൂള്‍ പഠനം അവസാനിച്ചിടത്ത് നിന്ന് തുടങ്ങിയ കഷ്ടപ്പാട് ഇന്ന് കേരള പൊറോട്ട രക്ഷിച്ചുവെന്ന് പറയാം. 

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com