ഒരു ബര്‍ഗറിന് നല്‍കിയത് 66,000 രൂപ! യുവാവിന് പറ്റിയ അബദ്ധം; ഒരു മാസം കഴിഞ്ഞിട്ടും പണം കിട്ടിയിട്ടില്ല 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2023 06:01 PM  |  

Last Updated: 07th February 2023 06:01 PM  |   A+A-   |  

eating-hamburger

പ്രതീകാത്മക ചിത്രം

 

ഫാസ്റ്റ് ഫുഡ് മെനുവില്‍ ഏറ്റവുമധികം ആരാധകരുള്ള വിഭവമാണ് ബര്‍ഗര്‍. എത്രയൊക്കെ ഇഷ്ടമാണെന്ന് പറഞ്ഞാലും ഒരു ബര്‍ഗറിന് 66,000 രൂപ നല്‍കേണ്ടിവന്നാലോ? ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്റര്‍ സ്വദേശി ടോബി വില്‍സണ്‍ എന്ന യുവാവിനാണ് ഇങ്ങനെയൊരു അബദ്ധം സംഭവിച്ചത്. 

ജോലി കഴിഞ്ഞ് മടങ്ങുന്നവഴി രാത്രിയില്‍ ടോബിയും സുഹൃത്തുക്കളും പുറത്തുനിന്ന് ഭക്ഷണം കഴിച്ചു. 11 മണിയോടെ എഫ് കബാബ് കിച്ചന്‍ ഫുഡ് ട്രക്കില്‍ നിന്നാണ് ടോബി ബര്‍ഗര്‍ വാങ്ങിയത്. പക്ഷെ ഇത് തന്റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ ഭക്ഷണമാണെന്ന് ടോബി കരുതിയില്ല. ഭക്ഷണമൊക്കെ കഴിച്ച് തിരിച്ച് വീട്ടിലെത്തിയ യുവാവ് ദിവസങ്ങള്‍ കഴിഞ്ഞാണ് തനിക്ക് പറ്റിയ അബദ്ധം അറിഞ്ഞത്. അക്കൗണ്ടിലുണ്ടായിരുന്ന പണത്തില്‍ കാര്യമായ കുറവ് കണ്ടതോടെ പരിശോധിച്ചപ്പോഴാണ് പിഴവ് കണ്ടെത്തിയത്. 

'ഞാന്‍ മദ്യപാനിയല്ല, ആയിരുന്നെങ്കില്‍ അങ്ങനെ സംഭവിച്ച അബദ്ധമാണെന്ന് കരുതാമായിരുന്നു. പക്ഷെ ഇവിടെ അതൊന്നുമല്ല സംഭവം', ടോബി പറഞ്ഞു. വിവരം അറിഞ്ഞയുടന്‍ ടോബിയുടെ ഒരു സുഹൃത്ത് കടയിലെത്തി വിവരം അറിയിച്ചു. എന്നാല്‍ ബാങ്കില്‍ ബന്ധപ്പെടാനാണ് കമ്പനിയുടെ എച്ച് ആര്‍ മാനേജര്‍ യുവാവിനോട് പറഞ്ഞത്. ഇപ്പോഴിതാ സംഭവം കഴിഞ്ഞ് ഒരു മാസം പിന്നിട്ടെങ്കിലും ടോബിക്ക് ഇനിയും പണം തിരികെ ലഭിച്ചിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കാരമൽ പോപ്കോൺ ഉണ്ടാക്കുന്ന പാത്രത്തിൽ ഒരു പുഴുങ്ങിയ മുട്ട! കൺഫ്യൂഷനായല്ലോ, വിഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ