സഖാവിന്റെ 'അയോധ്യ' ചായക്കട, ഇവിടെ രാഷ്ട്രീയവും പറയാം ചായയും കുടിക്കാം

ലെനിനും സ്റ്റാലിനും മാര്‍ക്‌സും എംഗല്‍സും ജവഹര്‍ലാല്‍ നെഹ്രുവും അരവിന്ദ മഹര്‍ഷിയും എ കെ ജിയുമെല്ലാം ഫ്രെയിമിട്ട ചിത്രങ്ങളിലായി ചുമരില്‍ പതിപ്പിച്ചിട്ടുണ്ട്
രാമജന്മഭൂമി വിഷയം കത്തി നില്‍ക്കുന്ന കാലത്താണ് ചായപ്പീടികയ്ക്കു അയോധ്യയെന്ന പേര് വീഴുന്നത്
രാമജന്മഭൂമി വിഷയം കത്തി നില്‍ക്കുന്ന കാലത്താണ് ചായപ്പീടികയ്ക്കു അയോധ്യയെന്ന പേര് വീഴുന്നത്സമകാലിക മലയാളം

ണ്ണൂരിന്റെ ചരിത്രത്തിനൊപ്പം നടന്ന ഒരുചായക്കടയുണ്ട് നഗരത്തിലെ തെക്കി ബസാറില്‍. മറ്റൊരു തെരഞ്ഞെടുപ്പിന് കൂടി ചൂടുപിടിക്കുമ്പോഴും നഗരത്തിലെ തൊഴിലാളികളും രാഷ്ട്രീയ പ്രവര്‍ത്തകരും ഉപ്പുമാവും കപ്പക്കറിയും പുട്ടും കടലയും നെയ്യപ്പവും നല്ല സ്‌ട്രോങ് ചായയും കഴിക്കാന്‍ വരുന്ന അയോധ്യയെന്ന സഖാവിന്റെ ചായപ്പീടിക ശാന്തമാണ്.

ഇവിടെ രാഷ്ട്രീയം പറയാം അതിന് വിലക്കൊന്നുമില്ല. ലെനിനും സ്റ്റാലിനും മാര്‍ക്‌സും എംഗല്‍സും ജവഹര്‍ലാല്‍ നെഹ്രുവും അരവിന്ദ മഹര്‍ഷിയും എ കെ ജിയുമെല്ലാം ഫ്രെയിമിട്ട ചിത്രങ്ങളിലായി ചുമരില്‍ പതിപ്പിച്ചിട്ടുണ്ട്. മഹാലക്ഷ്മിയുടെ ചിത്രം മുതല്‍ ശ്രീനാരായണ ഗുരുദേവനും അംബേദ്ക്കറുമെല്ലാം ഇവിടെയുണ്ട്. കട ഉടമകള്‍ കമ്യൂണിസ്റ്റുകാരാണെങ്കിലും എ കെ ജിയുടെയും അഴിക്കോടന്റെയും ഇ എം എസിന്റെയും ഇ കെ നായനാരുടെയും ചിത്രങ്ങളോടൊപ്പം മറ്റുള്ള ചിത്രങ്ങള്‍ വയ്ക്കുന്നതില്‍ അസഹിഷ്ണുതയില്ല. രാമജന്മഭൂമി വിഷയം കത്തി നില്‍ക്കുന്ന കാലത്താണ് ചായപ്പീടികയ്ക്കു അയോധ്യയെന്ന പേര് വീഴുന്നത്. എന്നാല്‍ കണ്ണൂരുകാര്‍ ഇപ്പോഴും സഖാവിന്റെ ചായപ്പീടികയെന്നാണ് വിളിക്കുന്നത് അവിലും വെല്ലവും കൂട്ടി കുഴച്ചതും കട്ടന്‍ കാപ്പിയും ഉപ്പുമാവും കപ്പകറിയും അരനൂറ്റാണ്ടിന് മുന്‍പെ ഫെയ്മസാണ്. കണ്ണൂരില്‍ നിന്നും വളര്‍ന്ന രാഷ്ട്രീയക്കാരുടെ ഇഷ്ടവിഭവാണിത്.

രാമജന്മഭൂമി വിഷയം കത്തി നില്‍ക്കുന്ന കാലത്താണ് ചായപ്പീടികയ്ക്കു അയോധ്യയെന്ന പേര് വീഴുന്നത്
പ്രചാരണം ക്ലൈമാക്‌സിലേക്ക്; ഇനി മണിക്കൂറുകള്‍, നാലുജില്ലകളില്‍ നിരോധനാജ്ഞ

1938ലാണ്ഈ കട തുടങ്ങിയതെന്നാണ് പിന്‍തലമുറക്കാര്‍ പറയുന്നത്. സഹോദരങ്ങളായ പൂച്ചാലി ശേഖരനും പൂച്ചാലി പുരുഷോത്തമനുമായിരുന്നു കട ഉടമകള്‍. കമ്യൂണിസ്റ്റുകാരായിരുന്നു ഇരുവരും ഇതില്‍ പൂച്ചാലി ശേഖരന്‍ പൊലിസിന്റെ നരനായാട്ടിന് 1948 ല്‍ ഇരയായിട്ടുണ്ട്. ജയിലിലും പുറത്തുമായാണ് ഇരുവരും പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിരുന്നത്. 1948 ല്‍ ശേഖരന്‍ സഖാവ് പി.കൃഷ്ണപിള്ളയോടൊപ്പം സേലം ജയിലില്‍ കിടന്നിട്ടുണ്ട്.

വൈദേശിക അധികാര വര്‍ഗത്തോടും ജാതി മേലാളന്‍ മാരോടുമുള്ള സമരമായിരുന്നു ഇവര്‍ക്ക് ജീവിതം' ഈ ചായ പീടികയിലെ സന്ദര്‍ശകരായിരുന്നു അഴിക്കോടനെ പോലുള്ള ആദ്യകാലനേതാക്കള്‍. 1967 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ശേഖരന്‍ സി പി ഐയോടൊപ്പം യാത്ര ചെയ്തു. സഹോദരന്‍ പുരുഷോത്തമന്‍ സിപിഎം സഹയാത്രികനായി ജീവിച്ചു. എന്നാല്‍ അപ്പോഴും രാഷ്ട്രീയത്തിനതീതമായി ഇരുവരും ഒരു മെയ്യായി ജീവിച്ചു. കണ്ണൂരിലെ പട്ടിണി പാവങ്ങള്‍ക്ക് അത്താണിയായിരുന്നു ഈ കമ്യൂണിസ്റ്റ് സഹോദരങ്ങള്‍.

പാവപ്പെട്ട മനുഷ്യര്‍ വിശപ്പടക്കാന്‍ ഇവരെ തേടിയെത്തി. ചായ കുടിച്ച് രാഷ്ട്രീയം പറയാന്‍ രണ്ട് ബെഞ്ചുകള്‍ അയോധ്യയുടെ മുന്‍പിലുണ്ടായിരുന്നു. കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളെല്ലാം ഇവിടെയെത്തി. പാര്‍ട്ടി പരിപാടികള്‍ തുടങ്ങുന്നത് സഖാവിന്റെ പീടികയില്‍ നിന്നായിരുന്നു ജാഥകളും പൊതുയോഗങ്ങളുമെല്ലാം കേന്ദ്രികരിച്ച് നടന്നത് തെക്കി ബസാറിലാണ്. 1995ലാണ് പൂച്ചാലി ശേഖരന്‍ വിട പറയുന്നത്. ഇതിന് ശേഷം സഖാവെന്ന് അറിയപ്പെടുന്ന പുരുഷോത്തമനായി കട നടത്തിപ്പ്. 2002ല്‍ അദ്ദേഹം മരണമടഞ്ഞപ്പോള്‍ അയോധ്യയുടെ നടത്തിപ്പുകാരായി ശേഖരന്റെ മകന്‍ സ്‌നേഹദയാല്‍ എത്തി. അരിമില്ലും അനാദി കച്ചവടവുമൊക്കെയായി ഇന്നും സഖാവിന്റെ പിന്‍മുറക്കാര്‍ കണ്ണൂരില്‍ സജീവമാണ്. സ്വാതന്ത്ര്യ സമര പെന്‍ഷന് അര്‍ഹരയായിട്ടും അതു വേണ്ടെന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാന പ്രകാരം നിഷേധിച്ചവരാണ് ശേഖരനും പുരുഷോത്തമനും. ചുരുങ്ങിയ ചിലവില്‍ വിശപ്പടക്കാന്‍ കഴിയുന്ന ചായപ്പീടികയിലൂടെ നിസ്വരായ ആളുകളുടെ വിശപ്പ് മാറ്റാനുള്ള നിശബ്ദ രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഇരുവരും നടത്തിയിരുന്നത്. ഇപ്പോഴും വളരെ ചുരുങ്ങിയ ചിലവില്‍ വിശപ്പടക്കാന്‍ കഴിയുന്ന ആധുനികമല്ലാത്ത നാടന്‍ ചായക്കടകളിലൊന്നാണ് അയോധ്യ. അക്കാലത്ത് തൊഴിലാളികള്‍ക്ക് ബോണസു പോലും നല്‍കിയിരുന്നതായി നടത്തിപ്പുകാരനായ സ്‌നേഹദയാല്‍ പറഞ്ഞു. സഖാവിന്റെ ചായപ്പീടികയിലെ തൊഴിലാളികളും ഇവിടം വിട്ടുപോകാന്‍ ഇഷ്ടപ്പെടാത്തവരാണ്. പ്രായാധിക്യം കാരണമാണ് പലരും വിരമിക്കുന്നത്. എന്നാല്‍ ഇവിടെ സന്ദര്‍ശകരായി എത്താന്‍ ഇവരും ഇഷ്ടപ്പെടുന്നു. തൊഴിലാളികള്‍ കൊണ്ടുവരുന്ന ചിത്രങ്ങളും ആദ്യകാലത്ത് ഇവിടെ ചുമരിന്‍ തൂക്കാറുണ്ടെന്ന് മുന്‍ തൊഴിലാളിയായ നാണു പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുന്‍ തൊഴിലാളിയായ നാണുവിന് കട മാറിയപ്പോള്‍ എകെജി യുടെ വിലാപയാത്രയുടെ ചിത്രവും അഴിക്കോടന്റെ മരണാനന്തര പൊതുദര്‍ശനത്തിന്റെ ചിത്രവും നഷ്ടപ്പെട്ടതായി ഓര്‍മ്മയുണ്ട്. നൂറിലേറെ ചിത്രങ്ങള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് പലതും നഷ്ടപ്പെട്ടതായി നാണു പറഞ്ഞു.

ഇത്തരം രാഷ്ട്രീയം പറയുന്ന ചായ പീടികകളാണ് കണ്ണൂരില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കിയത്. കാറില്‍ ദേശീയ പാതയിലൂടെ ചീറി പായുന്ന നേതാക്കള്‍ വരെ സഖാവിന്റെ ചായക്കടയ്ക്കു മുമ്പില്‍ നിര്‍ത്തി കുശലം പറയുന്നു. ആധുനികമായ ചില്ലു ഗ്‌ളാസുകളും വാഷ്‌ബേസുകളും അലമാരകളുമൊക്കെ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും കണ്ണൂരിന്റെ രാഷ്ട്രീയ പ്രതീകമായി മാറുകയാണ് മറ്റൊരു തെരഞ്ഞെടുപ്പ് കാലത്തും സഖാവിന്റെ ചായപ്പീടിക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com