മെസ്സിയെ പിന്നിലാക്കാന്‍ സുനില്‍ ഛേത്രിക്ക് വേണ്ടത് ആറ് ഗോളുകള്‍; നിലവില്‍ റൂണിക്കൊപ്പം

ഫോട്ടോ-ഇഎസ്പിഎന്‍
ഫോട്ടോ-ഇഎസ്പിഎന്‍

ന്യൂഡല്‍ഹി:  സുനില്‍ ഛേത്രിയും ലയണല്‍ മെസ്സിയും ഒപ്പത്തിനൊപ്പം എന്ന വാര്‍ത്ത കേള്‍ക്കാന്‍ അധികം നാളൊന്നും വേണ്ടി വരില്ല. നെറ്റി ചുളിക്കാന്‍ വരട്ടെ. കളിയുടെ കാര്യത്തിലല്ല പറയുന്നത്. ഗോളുകളുടെ കാര്യത്തിലാണ്. അതെ, ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി കഴിഞ്ഞ മ്യാന്‍മറുമായുള്ള മത്സരത്തില്‍ ഗോളടിച്ചതോടെ പുതിയ റെക്കോഡിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. അല്ല, എത്തി നില്‍ക്കുന്നത്.

ക്ലബ്ബ് കളികള്‍ക്കൊപ്പം മെസ്സിയും റൊണാള്‍ഡോയും നെയ്മറും റൂണിയുമൊക്കെ അരങ്ങുതകര്‍ക്കുന്ന രാജ്യാന്തര ഫുട്‌ബോളിലാണ് ഇന്ത്യന്‍ താരം ചരിത്രത്തിന്റെ പടിവാതിലില്‍ എത്തിനില്‍ക്കുന്നത്. ഫുട്‌ബോള്‍ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയിലാണ് ഛേത്രി മുന്നിട്ട് നില്‍ക്കുന്നത്. എഎഫ്‌സി കപ്പ് യോഗ്യതാ മത്സരത്തില്‍ മ്യാന്‍മറിനെതിരെ ഛേത്രി നേടിയ ഗോള്‍ രാജ്യാന്തര കരിയറില്‍ താരത്തിന്റെ അമ്പത്തിമൂന്നാമത്തേതായിരുന്നു. ഇതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലണ്ട് താരം സാക്ഷാല്‍ വെയിന്‍ റൂണിക്കൊപ്പമായി ഛേത്രിയുടെ സ്ഥാനം. 93 മത്സരങ്ങളില്‍ നിന്ന് 53 ഗോളുകളാണ് ഛേത്രിയുടെ നേട്ടം. ഇത്രയും ഗോളുകള്‍ നേടാന്‍ റൂണിക്ക് വേണ്ടി വന്നത് 119 മത്സരങ്ങളാണ്. 

അതേസമയം തന്നെ ഇന്ത്യക്കായി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരമായ സുനില്‍ ഛേത്രിയ്ക്ക് അര്‍ജ്ജന്റീനന്‍ നായകനും ബാഴ്‌സലോണയുടെ കുന്തമുനയുമായ മെസ്സിയെ മറികടക്കാന്‍ വേണ്ടത് കേവലം ആറു ഗോളുകള്‍ മാത്രം. 58 ഗോളുകളാണ് ബാഴ്‌സലോണയുടെ താരത്തിന്റെ പേരില്‍ നിലവിലുള്ളത്. നിലവില്‍ രാജ്യാന്തര ഫുട്‌ബോള്‍ രംഗത്തുള്ളവരില്‍ ക്ലിന്റ് ഡെംസി, ലയണല്‍ മെസ്സി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നീ താരങ്ങള്‍ മാത്രമാണ് ഛേത്രിയുടെ മുന്നിലുള്ളത്. പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ 71 ഗോളുകളാണ് രാജ്യാന്തര ഫുട്‌ബോളില്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com