കോണ്‍ഫഡറേഷന്‍ കപ്പ്: ജര്‍മനിയുടെ തന്ത്രങ്ങളോ, ചിലിയുടെ പോരാട്ടവീര്യമോ; ജേതാക്കളെ ഇന്നറിയാം

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 02nd July 2017 08:38 AM  |  

Last Updated: 02nd July 2017 08:38 AM  |   A+A-   |  

1054972369s

സെന്റ്പീറ്റേഴ്‌സ് ബര്‍ഗ്:  ജാക്വിം ലോ എന്ന പരിശീലകന്റെ തന്ത്രങ്ങളും ലാറ്റിന്‍ അമേരിക്കന്‍ പോരാട്ടവീര്യവും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാകും വന്‍കരകളുടെ ചാംപ്യന്‍ എന്ന് ഇന്നറിയും. സീനിയര്‍ താരങ്ങളില്ലാത്ത കലാശപ്പോരിനെത്തിയ ജര്‍മനിക്ക് വരും ഫുട്‌ബോള്‍ യുഗത്തിനും ഇവരിലൂടെ ശുഭപ്രതീക്ഷ നല്‍കുന്നുണ്ട്. അതേസമയം, ഏതുടീമിനെതിരെയും എന്തുവിലകൊടുത്തും ജയിക്കാമെന്നുറച്ചെത്തുന്ന ഒരുകൂട്ടം പോരാളികളാണ് ചെമ്പട. ഇന്ന് രാത്രി 11.30നാണ് മത്സരം.

ജര്‍മന്‍ ടീം താരങ്ങളെല്ലാം മെഷീനുകളാണെന്നാണ് പൊതുവെയുളള വിലയിരുത്തലുകള്‍. കളിക്കു മുന്‍പ് നല്‍കിയ നിര്‍ദേശങ്ങള്‍ അക്ഷരം പ്രതി മൈതാനത്തു നടപ്പാക്കുന്നു. കഴിഞ്ഞ ലോകക്കപ്പില്‍ ഇത് കണ്ടതാണ്. അന്ന് ചേട്ടന്‍മാരാണ് കപ്പടിച്ചിരുന്നതെങ്കില്‍ ഇന്ന് അനുജന്മാര്‍ക്കാണ് ആ ഊഴം. കപ്പിന്റെ മൂല്യം അത്രയും വലുതല്ലെങ്കിലും അനുജന്‍മാര്‍ക്ക് ഇത് ധാരാളമാണ്. ഇവരുടെയും അനുജന്‍മാരാണ് കഴിഞ്ഞ ദിവസം യൂറോപ്യന്‍ ചാംപ്യന്‍മാരായത്. അണ്ടര്‍ 21 യൂറോകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു ജര്‍മനി ചാംപ്യന്‍പട്ടം അണിഞ്ഞതും ജര്‍മനിയുടെ ഫുട്‌ബോള്‍ നിലവാരം വ്യക്തമാക്കിത്തരുന്നു. 

എല്ലാ പൊസിഷനിലും ഒന്നിനൊന്നു മികച്ച താരങ്ങള്‍. ആരെ ഇറക്കണമെന്ന് മാത്രം കോച്ച് ജാക്വിം ലോയ്ക്കു കണ്‍ഫ്യൂഷന്‍. ഒരോ മത്സരങ്ങള്‍ കഴിയുമ്പോള്‍ ജര്‍മനി മെച്ചപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഇന്ന് കലാശപ്പോരിനും ഇതേഫോമിലാണ് ഇവര്‍ എത്തുന്നത്. സെമിഫൈനലില്‍ മെക്‌സിക്കോയ്‌ക്കെതിരേ 4-1ന്റെ ജയം മതി ഇവരുടെ മേധാവിത്വം മനസിലാക്കാന്‍. 

അതേസമയം, ലാറ്റിന്‍ അമേരിക്കന്‍ ചാംപ്യന്‍മാരായി എത്തിയ ചിലിക്കു കൈമുതലായുള്ള പോരാട്ട വീര്യമാണ്. സാഞ്ചസ്, വിദാല്‍, വര്‍ഗാസ് ത്രയമാണ് ടീമിന്റെ ആണി. ഇവരെ കേന്ദ്രീകരിച്ചുള്ള തന്ത്രങ്ങളാകും കോച്ച് പിസ്സി ഒസേറിയോ ജര്‍മനിക്കെതിരേയും പയറ്റുക. 

ഇരുടീമുകളും ഗ്രൂപ്പ് ഘട്ടത്തില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ സമനിലായിരുന്നു ഫലം. എന്തായാലും കലാശപ്പോരിന് ഇനി മണിക്കൂറുകള്‍ മാത്രം. ആരാകും വിജയികളെന്ന് കാത്തിരുന്നു കാണാം.