ബാഴ്‌സലോണയ്ക്ക് പിഎസ്ജി ഹാംഗ്ഓവര്‍: റയല്‍ ജയിച്ചു ഒന്നാം സ്ഥാനത്തേക്ക് കയറി

ബാഴ്‌സലോണയ്ക്ക് പിഎസ്ജി ഹാംഗ്ഓവര്‍: റയല്‍ ജയിച്ചു ഒന്നാം സ്ഥാനത്തേക്ക് കയറി

ചാംപ്യന്‍സ് ലീഗില്‍ ഏറ്റവും വലിയ തിരിച്ചുവരവ് നടത്തി പുതിയ ചരിത്രം കുറിച്ച് ബാഴ്‌സലോണയ്ക്ക് പക്ഷേ സ്പാനിഷ് ലീഗില്‍ അടിപതറി. ദുര്‍ബലരായ ഡിപ്പോര്‍ട്ടീവോ ലാ കൊരൂണയോടെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് കാറ്റലന്‍സ് തോറ്റത്. ചാംപ്യന്‍സ് ലീഗിന്റെ ഹാംഗോവര്‍ മാറാതെ കളിക്കാനിറങ്ങിയ ബാഴ്‌സയ്ക്ക് കിരീട പോരാട്ടത്തില്‍ കനത്ത തിരിച്ചടിയായി ഡിപ്പോര്‍ട്ടീവോയോടുള്ള തോല്‍വി. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന റിയല്‍ മാഡ്രിഡ് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് റിയല്‍ ബെറ്റിസിനെ തോല്‍പ്പിച്ചു പോയിന്റ് പട്ടികയില്‍ ബാഴ്‌സയ്ക്കുമേല്‍ വ്യക്തമായ മേധാവിത്വം നേടി. ഒരു കളി കുറച്ച് കളിച്ച റിയലിന് രണ്ട് പോയിന്റ് ലീഡ് ഇതിനോടകം തന്നെ നേടാനായിട്ടുണ്ട്.

ജൊസേലു, അലക്‌സ് ബെര്‍ഗാന്റിനോസ് എന്നിവര്‍ ഡിപ്പോര്‍ട്ടീവോയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്. ബാഴ്‌സയുടെ ഏക ഗോള്‍ ലൂയിസ് സുവാരസിന്റെ ബൂട്ടില്‍ നിന്നായിരുന്നു. പരുക്ക് പറ്റിയ നെയ്മറില്ലാതെയിറങ്ങിയ ബാഴ്‌സയ്ക്ക് ഇടതുപാര്‍ശ്വത്തില്‍ നിന്നുളള ആക്രമണമൂര്‍ച്ച കുറഞ്ഞത് കളിയില്‍ ഉടനീളം പ്രകമായിരുന്നു. 

അതേസമയം, സാന്റിയാഗോ ബെര്‍ണാബുവില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ശക്തമായ തിരിച്ചുവരവാണ് റിയല്‍ മാഡ്രിഡ് നടത്തിയത്. ബെറ്റിസിനുമേല്‍ വ്യക്തമായ മേധാവിത്വം പുലര്‍ത്തിയ റിയലിന് കീപ്പര്‍ നവാസിന്റെ പിഴവാണ് ഗോള്‍ വഴങ്ങാന്‍ കാരണമായത്. എന്നാല്‍, ഗോളൊന്നുറപ്പിച്ച നിരവധിവസരങ്ങളില്‍ നവാസിന്റെ കൈകള്‍ ചോരാതെ നിന്ന് പിഴവിന് പരിഹാരം ചെയ്തു. 41ാം മിനുട്ടില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ മികച്ച ഒരു ഹെഡറിലൂടെ റിയലിനെ ഒപ്പമെത്തിച്ചു. കളി സമനിലയിലേക്ക് നീങ്ങുന്നതിനിടയില്‍ ലഭിച്ച കോര്‍ണര്‍ കിക്കിന് തലവെച്ച് റിയല്‍ ഫുള്‍ബാക്ക് സെര്‍ജിയോ റാമോസ് വീണ്ടും ടീമിന്റെ രക്ഷകനായി. ഈ സീസണില്‍ റാമോസിന്റെ പത്താം ഗോള്‍ നേട്ടമായിരുന്നു ഇത്. 
26 കളികളില്‍ നിന്ന് 62 പോയിന്റാണ് റിയലിന്റെ സമ്പാദ്യം. 27 കളികളില്‍ നിന്ന് 60 പോയിന്റുള്ള ബാഴ്‌സ രണ്ടാം സ്ഥാനത്തും 27 കളികളില്‍ നിന്ന് 57 പോയിന്റുള്ള സെവിയ്യ മൂന്നാം സ്ഥാനത്തുമാണ്. ഇത്രയും കളികളില്‍ നിന്ന് 52 പോയിന്റുള്ള അത്‌ലറ്റിക്കോ ആണ് നാലാം സ്ഥാനത്ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com