ഇന്ത്യ-പാക് ക്രിക്കറ്റ് : ബിസിസിഐ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി;  പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിലപാട് നിര്‍ണ്ണായകം  

ആഗോള ഉത്തേജകമരുന്ന് വിരുദ്ധ സംഘടനയായ വാഡയുമായി സഹകരിക്കുന്ന സാഹചര്യത്തില്‍ നാഡയുടെ പരിശോധന നടത്തേണ്ടതില്ലെന്നതാണ് ബിസിസിഐ നിലപാട്
ഇന്ത്യ-പാക് ക്രിക്കറ്റ് : ബിസിസിഐ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി;  പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിലപാട് നിര്‍ണ്ണായകം  

ന്യൂഡല്‍ഹി : ചിരവൈരികളായ പാകിസ്താനുമായുള്ള ക്രിക്കറ്റ് ബന്ധം പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് ബിസിസിഐ അധികൃതര്‍ കേന്ദ്ര കായികമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡുമായി ചര്‍ച്ച നടത്തി. ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റി, ബിസിസിഐ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഗെയിം ഡെവലപ്പ്‌മെന്റ് ജനറല്‍ മാനേജര്‍ പ്രൊഫസര്‍ രത്‌നാകര്‍ ഷെട്ടി എന്നിവരാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദേശീയ ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സിയായ നാഡയുടെ പരിശോധന നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ടാണ് അധികൃതര്‍ കേന്ദ്രമന്ത്രിയെ കണ്ടത്. ഇതോടൊപ്പം പാകിസ്താനുമായുള്ള കളിയുടെ കാര്യവും ചര്‍ച്ചയാവുകയായിരുന്നു.

ഐസിസി അടുത്തുതന്നെ സംഘടിപ്പിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓരോ രാജ്യവും പരസ്പരം ഒരു മല്‍സരമെങ്കിലും കളിക്കേണ്ടതുണ്ട്. ഇതനുസരിച്ച് ഇന്ത്യ പാകിസ്താനില്‍ ഒരു മല്‍സരമെങ്കിലും കളിക്കാന്‍ ബാധ്യസ്ഥരാണ്. ഇങ്ങനെ കളിക്കാതിരുന്നാല്‍ പോയിന്റ് നഷ്ടമാകുന്ന അവസ്ഥയുണ്ടാകും. ഇത് കേന്ദ്രമന്ത്രിയെ അറിയിച്ചതായി ബിസിസിഐ അധികൃതര്‍ സൂചിപ്പിച്ചു. അതേസമയം പാകിസ്താനുമായി ക്രിക്കറ്റ് കളിക്കണമെന്ന് ബിസിസിഐയ്ക്ക് പ്രത്യേക താല്‍പ്പര്യമില്ല. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും  ബിസിസിഐ അധികൃതര്‍ വ്യക്തമാക്കി. 

2012ന് ശേഷം ഇന്ത്യയും പാകിസ്താനും സ്വന്തം ഹോം ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയിട്ടില്ല. 2015നും 2023 നും ഇടയില്‍ ആറ് ക്രിക്കറ്റ് പരമ്പരകള്‍ക്ക് ബിസിസിഐയും പാക് ക്രിക്കറ്റ് ബോര്‍ഡും 2014ല്‍ കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ പാകിസ്താനുമായുള്ള കളികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതോടെ മത്സരങ്ങള്‍ നടന്നില്ല. തുടര്‍ച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ക്രിക്കറ്റ് ബന്ധം മരവിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. 

വിഷയത്തില്‍ കേന്ദ്രമന്ത്രിയുടെ നിലപാട് വ്യക്തമായിട്ടില്ല. എന്നാല്‍ കായികമന്ത്രാലയമല്ല, പ്രധാനമന്ത്രിയുടെ ഓഫീസും, കേന്ദ്ര ആഭ്യന്തരമന്ത്രാലവുമാണ് ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാബ് ചൗധരി പറഞ്ഞു. 

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക്  ഉത്തേജകമരുന്ന് പരിശോധന നിര്‍ബന്ധമാക്കണമെന്ന നാഡയുടെ കര്‍ശന നിര്‍ദേശത്തില്‍ ബിസിസിഐ നിലപാട് അറിയിച്ചു. ആഗോള ഉത്തേജകമരുന്ന് വിരുദ്ധ സംഘടനയായ വാഡയുമായി ബിസിസിഐ സഹകരിക്കുന്ന സാഹചര്യത്തില്‍ നാഡയുടെ പരിശോധന കൂടി നടത്തേണ്ടതില്ലെന്നതാണ് ബിസിസിഐ നിലപാട്. ഇക്കാര്യത്തിലെല്ലാം കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം, ഡിസംബര്‍ ഒമ്പതിന് ചേരുന്ന ജനറല്‍ ബോഡി യോഗം ചര്‍ച്ച ചെയ്യുമെന്ന് ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സി കെ ഖന്ന പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com