ശ്രേയസ്സ് അയ്യര്‍ക്ക് വിജയത്തുടക്കം ; കൊല്‍ക്കത്തയെ 55 റണ്‍സിന് തകര്‍ത്തു

219 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാനേ സാധിച്ചുള്ളു
ശ്രേയസ്സ് അയ്യര്‍ക്ക് വിജയത്തുടക്കം ; കൊല്‍ക്കത്തയെ 55 റണ്‍സിന് തകര്‍ത്തു

ന്യൂഡല്‍ഹി : ഐപിഎല്ലില്‍ മലയാളി താരം ശ്രേയസ്സ് അയ്യരുടെ നായകത്വ അരങ്ങേറ്റം വിജയത്തോടെ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 55 റണ്‍സിന്റെ ജയം നേടി. 219 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാനേ സാധിച്ചുള്ളു. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി യുവതാരം പൃഥ്വി ഷാ, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ എന്നിവരുടെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ പിന്‍ബലത്തിലാണ് ഡല്‍ഹി സീസണിലെ ഏറ്റവും മികച്ച വിജയലക്ഷ്യം കൊല്‍ക്കത്തയ്ക്കു മുന്നില്‍ വച്ചത്.

തകര്‍ച്ചയോടെയായിരുന്നു കൊല്‍ക്കത്തയുടെ തുടക്കം. ആന്‍ഡ്രെ റസല്‍ (30 പന്തില്‍ 44), ശുഭ്മാന്‍ ഗില്‍ (29 പന്തില്‍ 37), സുനില്‍ നരെയ്ന്‍ (ഒന്‍പതു പന്തില്‍ 26) എന്നിവര്‍ക്ക് മാത്രമാണു കൊല്‍ക്കത്ത നിരയില്‍ ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്താനായത്. ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് 18 പന്തില്‍ 18 റണ്‍സും, മിച്ചല്‍ ജോണ്‍സണ്‍ ആറു പന്തില്‍ 12 റണ്‍സും നേടി. ട്രെന്റ് ബോള്‍ട്ട്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ആവേശ് ഖാന്‍, അമിത് മിശ്ര എന്നിവര്‍ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. 

ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി ഡെയര്‍ഡെവിള്‍സ് മുന്‍നിര ബാറ്റ്‌സ്മാന്‍മാരായ പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, കോളിന്‍ മണ്‍റോ എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങിലാണു കൂറ്റന്‍ സ്‌കോര്‍ നേടിയത്. പൃഥ്വി ഷാ 44 പന്തില്‍ 62 റണ്‍സെടുത്തപ്പോള്‍ ശ്രേയസ് അയ്യര്‍ 40 പന്തില്‍ 93 റണ്‍സ് എടുത്തു പുറത്താകാതെ നിന്നു. ഓപ്പണര്‍ കോളിന്‍ മണ്‍റോ 18 പന്തില്‍ 33 റണ്‍സ് എടുത്തു പുറത്തായി.

സ്ഥാനമൊഴിഞ്ഞ നായകന്‍ ഗൗതം ഗംഭീറിനെ പുറത്തിരുത്തിയാണ് ഡല്‍ഹി കളിക്കാനിറങ്ങിയത്. അഞ്ചു മല്‍സരങ്ങള്‍ തോറ്റു നില്‍ക്കുന്ന ഡല്‍ഹിക്ക് കൊല്‍ക്കത്തയ്‌ക്കെതിരായ ജയം ആശ്വാസകരമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com