സെഞ്ച്വറിക്കരികെ കോഹ്‌ലി, അർധ ശതകവുമായി രഹാനെ; പെർത്തിൽ ഇന്ത്യ പൊരുതുന്നു

രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെന്ന ഭേദപ്പെട്ട നിലയിൽ മുന്നേറുന്നു
സെഞ്ച്വറിക്കരികെ കോഹ്‌ലി, അർധ ശതകവുമായി രഹാനെ; പെർത്തിൽ ഇന്ത്യ പൊരുതുന്നു

പെർത്ത്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു. ഓസീസിന്റെ ഒന്നാം ഇന്നിങ്സ് 326 റൺസിൽ അവസാനിപ്പിച്ച് ഒന്നാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെന്ന ഭേദപ്പെട്ട നിലയിൽ മുന്നേറുന്നു. സെഞ്ച്വറിയിലേക്ക് കുതിക്കുന്ന ക്യാപ്റ്റൻ വിരാട് കോഹ്‌ലി (82), അർധ സെഞ്ച്വറി പിന്നിട്ട് നായകന് ഉറച്ച പിന്തുണയുമായി അജിൻക്യ രഹാനെ (51) എന്നിവരാണ് ക്രീസിൽ. ഏഴ് വിക്കറ്റുകൾ കൈയിലുള്ള ഇന്ത്യക്ക് ഓസീസ് സ്കോറിനൊപ്പമെത്താൻ 154 റൺസ് കൂടി വേണം. 

ഒന്നാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ഓപണർമാരായ മുരളി വിജയിയെയും (0), കെഎൽ രാഹുലിനെയും (2) നഷ്ടമായി. എന്നാൽ മൂന്നാം വിക്കറ്റിൽ ചേതേശ്വർ പൂജാരയ്ക്ക് കൂട്ടായി കോഹ്‌ലി എത്തിയതോടെ ഇന്ത്യ പതിയെ കരകയറി. എന്നാൽ 39–ാം ഓവറിൽ പൂജാര (24) സ്റ്റാർക്കിന് വിക്കറ്റ് സമ്മാനിച്ചതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. എന്നാൽ പിന്നീട് കോഹ്‌ലിക്കൊപ്പം രഹാനെ ചേർന്നതോടെ രണ്ടാം ദിനത്തിൽ കൂടുതൽ നഷ്ടങ്ങൾ സംഭവിക്കാതെ കാക്കാൻ ഇരുവർക്കും സാധിച്ചു. ഓസ്ട്രേലിയൻ നിരയിൽ മിച്ചൽ സ്റ്റാർക്ക് രണ്ടും ഹാസ് ലെവുഡ് ഒരു വിക്കറ്റുമെടുത്തു. 

നേരത്തെ, 90 ഓവറിൽ ആറിന് 277 എന്ന നിലയിൽ കളി പുനരാരംഭിച്ച ഓസ്ട്രേലിയ രണ്ടാം ദിനത്തിന്റെ ആദ്യ സെഷനിൽ 326 റൺസിന് പുറത്തായി. നാലു വിക്കറ്റെടുത്ത് ഇഷാന്ത് ശർമയാണ് ഓസീസിനെ തകർത്തത്. ക്യാപ്റ്റൻ ടിം പെയ്ൻ (38) പാറ്റ് കമ്മിൻസ് (19), സ്റ്റാർക്ക്(6), ഹെയ്സൽവുഡ്(0) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനം ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. ഒമ്പതു റൺസുമായി ലയോൺ പുറത്താകാതെ നിന്നു. ഹനുമ വിഹാരി, ജസ്പ്രിത് ബുമ്ര, ഉമേഷ് യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com