കിര്‍സ്റ്റണ്‍ പുറത്ത് ; ഗിബ്‌സും, പ്രസാദും, പവാറും പൊരിഞ്ഞപോരില്‍ ; വനിതാ ടീം കോച്ചിനെ ഇന്നറിയാം

കപില്‍ദേവ്,  അന്‍ഷുമാന്‍ ഗെയ്ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവരടങ്ങിയ സെലക്ഷന്‍ പാനലാണ് പുതിയ പരിശീലകനെ തെരഞ്ഞെടുക്കുക
കിര്‍സ്റ്റണ്‍ പുറത്ത് ; ഗിബ്‌സും, പ്രസാദും, പവാറും പൊരിഞ്ഞപോരില്‍ ; വനിതാ ടീം കോച്ചിനെ ഇന്നറിയാം

മുംബൈ : വനിതാ ക്രിക്കറ്റ് ടീം പരിശീലകനെ ഇന്നറിയാം. കോച്ചിനെ തെരഞ്ഞെടുക്കാനുള്ള അഭിമുഖം ഇന്ന് മുംബൈ ബിസിസിഐ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നടക്കും. സൂപ്പര്‍താരം കപില്‍ദേവ്, മുന്‍ പുരുഷ ടീം കോച്ച് അന്‍ഷുമാന്‍ ഗെയ്ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവരടങ്ങിയ സെലക്ഷന്‍ പാനലാണ് പുതിയ പരിശീലകനെ തെരഞ്ഞെടുക്കുക. 

28 പേരാണ് വനിതാ ടീം പരിശീലകനാകാന്‍ അപേക്ഷ നല്‍കിയത്. ഇവരില്‍ നിന്ന് 10 പേരെ ബിസിസിഐ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഗാരി കിര്‍സ്റ്റണ്‍, ഹെര്‍ഷലെ ഗിബ്‌സ്, ഇന്ത്യന്‍ താരങ്ങളായ വെങ്കിടേഷ് പ്രസാദ്, മനോജ് പ്രഭാകര്‍, ഡബ്ലിയുവി രാമന്‍, ഇടക്കാല കോച്ചായിരുന്ന രമേഷ് പവാര്‍, വിദേശ താരങ്ങളായ ട്രെന്റ് ജോണ്‍സണ്‍, മാര്‍ക കോള്‍സ്, ദിമിത്രി മസ്‌കരാനസ് തുടങ്ങിയവരാണ് ചുരുക്കപട്ടികയില്‍ ഇടംപിടിച്ചത്. 

എന്നാല്‍ സെലക്ഷന്‍ സമിതി യോഗത്തിന് മുമ്പേ തന്നെ ഇന്ത്യന്‍ ടീം പുരുഷ കോച്ചായിരുന്ന ഗാരി കിര്‍സ്റ്റണെ ബിസിസിഐ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ മുഖ്യപരിശീലകനാണ് കിര്‍സ്റ്റണ്‍. ഇത് വിടാന്‍ തയ്യാറാകാത്തതാണ് കിര്‍സ്റ്റണെ ഒഴിവാക്കാന്‍ കാരണമെന്നാണ് സൂചന. 

ട്വന്റി-20 വനിതാ ലോകകപ്പോടെ ഇടക്കാല പരിശീലകന്‍ രമേഷ് പവാറിന്റെ കാലാവധി അവസാനിക്കുകയായിരുന്നു. ഇതിനിടെ ടീമിലെ സീനിയര്‍ താരം മിതാലി രാജുമായി രമേഷ് പവാര്‍ ഉടക്കിലായതോടെ, കരാര്‍ നീട്ടി നല്‍കാനുള്ള ആലോചന ബിസിസിഐ ഉപേക്ഷിക്കുകയായിരുന്നു. അതേസമയം പവാറിനെ കോച്ചായി നിലനിര്‍ത്തണമെന്നായിരുന്നു ട്വന്റി-20 ലോകകപ്പ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീതും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും ആവശ്യപ്പെട്ടത്. 

എന്നാല്‍ ബാഹ്യസമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ലോകകപ്പിനിടെ ടീമില്‍ പ്രശ്‌നമുണ്ടാക്കിയ പവാറിന്റെ നടപടിയില്‍ ബിസിസിഐ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് പവാറിനും വേണമെങ്കില്‍ കോച്ചിനുള്ള അഭിമുഖത്തിന് അപേക്ഷിക്കാമെന്ന് ബിസിസിഐ അറിയിക്കുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com