ഗാരി കിര്‍സ്റ്റണിന് വിലങ്ങുതടിയായി ബാംഗ്ലൂര്‍; ഡബ്ല്യു.വി.രാമന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍

ഗാരി കിര്‍സ്റ്റണ്‍, ഡബ്ല്യു.വി.രാമന്‍, വെങ്കടേഷ് പ്രസാദ് എന്നിവരുടെ പേരുകളാണ് അഡ്‌ഹോക് കമ്മിറ്റി ബിസിസിഐയ്ക്ക് മുന്‍പാകെ വെച്ചത്
ഗാരി കിര്‍സ്റ്റണിന് വിലങ്ങുതടിയായി ബാംഗ്ലൂര്‍; ഡബ്ല്യു.വി.രാമന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍

ഡബ്ല്യു.വി.രാമന്‍ ഇന്ത്യ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍. ഗാരി കിര്‍സ്റ്റന്‍, വെങ്കടേഷ് പ്രസാദ് എന്നിങ്ങനെ പരിഗണിക്കപ്പെട്ട 28 പേരെ പിന്തള്ളിയാണ് രാമന്‍ വനിതാ ടീമിനെ നയിക്കാന്‍ എത്തുന്നത്. നിലവില്‍ ബാംഗാളിനെ രഞ്ജി ട്രോഫിയില്‍ പരിശീലിപ്പിക്കുന്നത് രാമനാണ്. 

പുതിയ ദൗത്യം ഏറ്റെടുക്കുന്നതിനായി അദ്ദേഹത്തിന് ബംഗാള്‍ ടീമിന്റെ പരിശീലക സ്ഥാനം രാജിവയ്‌ക്കേണ്ടി വരും. തമിഴ്‌നാട് ക്രിക്കറ്റ് ടീമിനേയും, ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനേയും നയിച്ച അനുഭവ സമ്പത്ത് ഇന്ത്യയുടെ ഈ മുന്‍ ബാറ്റ്‌സ്മാനുണ്ട്. 11 ടെസ്റ്റും, 27 ഏകദിനവും ഇദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു. ടെസ്റ്റില്‍ നിന്നും 448 റണ്‍സും, ഏകദിനത്തില്‍ നിന്ന് 617 റണ്‍സും നേടി. 

കപില്‍ ദേവ്, അന്‍ഷുമാന്‍ ഗയ്കവാദ്, ശാന്ത രംഗസ്വാമി എന്നിവരടങ്ങിയ അഡ്‌ഹോക് കമ്മിറ്റിയാണ് ഡബ്ല്യു.വി.രാമനെ ഇന്ത്യന്‍ വനിതാ ടീമിന്റെ പരിശീലകനായി തിരഞ്ഞെടുക്കാന്‍ ശുപാര്‍ശ ചെയ്തത് എന്ന് ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഗാരി കിര്‍സ്റ്റണ്‍, ഡബ്ല്യു.വി.രാമന്‍, വെങ്കടേഷ് പ്രസാദ് എന്നിവരുടെ പേരുകളാണ് അഡ്‌ഹോക് കമ്മിറ്റി ബിസിസിഐയ്ക്ക് മുന്‍പാകെ വെച്ചത്. വ്യാഴാഴ്ചയായിരുന്നു പരിശീലക സ്ഥാനത്തേക്കുള്ള അഭിമുഖം നടത്തിയത്. 

ഗാരി കിര്‍സ്റ്റണിനായിരുന്നു അഡ്‌ഹോക് കമ്മിറ്റി മുന്‍ഗണന നല്‍കിയിരുന്നത്. എന്നാല്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സുമായുള്ള കരാര്‍ കിര്‍സ്റ്റണിന് വിനയായി. അതോടെ രണ്ടാം സ്ഥാനത്ത് എത്തിയ രാമനെ ബിസിസിഐ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തു. വെങ്കടേഷ് പ്രസാദ്, മനോജ് പ്രഭാകര്‍, ട്രെന്റ് ജോണ്‍സ്റ്റന്‍, ദിമിത്തര്‍ മസ്‌കാരനാസ്, ബ്രാഡ് ഹോഗ്, കല്‍പ്പന വെങ്കടാചര്‍ എന്നിവരാണ് അഭിമുഖത്തിനെത്തിയ മറ്റ് മുഖങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com