സല തിരിച്ചെത്തുമ്പോഴേക്കും ഈജിപ്തിന്റെ കഥ കഴിയുമോ? നാലാഴ്ച വരെ സലയ്ക്ക് കളത്തിലിറങ്ങാനാവില്ലെന്ന് ഫിസിയോ

മൂന്ന് ആഴ്ച വരെയുള്ള വിശ്രമം ജൂണ്‍ 19 വരെ നീളും. അത് നാല് ആഴ്ചയിലേക്ക് നീണ്ടാല്‍ ജൂണ്‍ 26 വരെയെത്തും
സല തിരിച്ചെത്തുമ്പോഴേക്കും ഈജിപ്തിന്റെ കഥ കഴിയുമോ? നാലാഴ്ച വരെ സലയ്ക്ക് കളത്തിലിറങ്ങാനാവില്ലെന്ന് ഫിസിയോ

ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേറ്റ പരിക്കിനെ തുടര്‍ന്ന് ഈജിപ്ത്യന്‍ താരം മുഹമ്മദ് സലയ്ക്ക് നാലാഴ്ച വരെ കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നേക്കും. ലിവര്‍പൂള്‍ ഫിസിയോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഇതോടെ ഈജിപ്തിന് വേണ്ടിയുള്ള ലോക കപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ സലയ്ക്ക് ഇറങ്ങാന്‍ സാധിക്കില്ലെന്ന് ഏറെക്കുറെ വ്യക്തമായി. മൂന്ന് ആഴ്ച വരെയുള്ള വിശ്രമം ജൂണ്‍ 19 വരെ നീളും. അത് നാല് ആഴ്ചയിലേക്ക് നീണ്ടാല്‍ ജൂണ്‍ 26 വരെയെത്തും. അതോടെ ഈജിപ്തിന്റെ എല്ലാ ഗ്രൂപ്പ് ഘട്ട മത്സരങ്ങളും അവസാനിച്ചിട്ടുണ്ടാകും. 

നാലാഴ്ചത്തെ വിശ്രമത്തിന് ശേഷം സലയ്ക്ക് പിന്നെ ഫിറ്റ്‌നസ് തെളിയിക്കേണ്ടതുമുണ്ട്. ജൂണ്‍ പതിനഞ്ചിന് ഉറുഗ്വേയ്ക്ക് എതിരായ മത്സരത്തോടെയാണ് ഈജിപ്തിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ആരംഭിക്കുന്നത്. ജൂണ്‍ 19ന് റഷ്യയേയും ജൂണ്‍ 25ന് സൗദി അറേബ്യയേയും ഈജിപ്ത് നേരിടും. 

ഇങ്ങനെയെല്ലാം സംഭവിച്ചതില്‍ സല ദുഃഖിതനാണ്. എന്നാല്‍ തിരിച്ചുവരവിനുള്ള സാധ്യതകളിലേക്കാണ് അദ്ദേഹം ഇപ്പോള്‍ ശ്രദ്ധ ചെലുത്തുന്നതെന്നും ലിവര്‍പൂള്‍ ഫിസിയോ പറയുന്നു. മൂന്ന് നാല് ആഴ്ചകള്‍ പരിക്കില്‍ നിന്നും പൂര്‍ണമായി മുക്തനാവാന്‍ വേണ്ടിവരുമെങ്കിലും ഈ കാലതാമസം ഇല്ലാതാക്കാനുള്ള ശ്രമങ്ങളിലാണ് ഞങ്ങളിപ്പോഴെന്നും അദ്ദേഹം പറയുന്നു. 

പരിക്കില്‍ നിന്നും മോചനം തേടിയുള്ള ചികിത്സയ്ക്ക് വേണ്ടി സ്‌പെയ്‌നിലേക്ക് തിരിച്ചിരിക്കുന്ന സലയ്‌ക്കൊപ്പം ലിവര്‍പൂളിന്റേയും ഈജിപ്ത് ഫുട്‌ബോള്‍ ടീമിന്റേയും ഡോക്ടര്‍മാരുമുണ്ട്. മുന്നിലുള്ള പ്രതിസന്ധികളെയെല്ലാം അതിജീവിച്ച്, നിങ്ങള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങളുണ്ടാക്കാന്‍ റഷ്യയിലേക്ക് എനിക്ക് എത്താന്‍ സാധിക്കുമെന്നാണ് പരിക്കിന്റെ പിടിയിലായതിന് ശേഷം സല പ്രതികരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com