'ദേശീയ ടീമുമായുള്ള എന്റെ കഥ ഇവിടെ അവസാനിക്കുന്നു' ; ലോകകപ്പ് ഹീറോ അകിന്‍ഫീവ് വിരമിച്ചു

സ്വന്തം രാജ്യത്ത് അരങ്ങേറിയ ലോകകപ്പില്‍ ഹീറോയായി മാറിയ റഷ്യന്‍ നായകനും ഗോള്‍ കീപ്പറുമായ ഇഗോര്‍ അകിന്‍ഫീവ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു
'ദേശീയ ടീമുമായുള്ള എന്റെ കഥ ഇവിടെ അവസാനിക്കുന്നു' ; ലോകകപ്പ് ഹീറോ അകിന്‍ഫീവ് വിരമിച്ചു

മോസ്‌കോ: സ്വന്തം രാജ്യത്ത് അരങ്ങേറിയ ലോകകപ്പില്‍ ഹീറോയായി മാറിയ റഷ്യന്‍ നായകനും ഗോള്‍ കീപ്പറുമായ ഇഗോര്‍ അകിന്‍ഫീവ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. യുവ താരങ്ങള്‍ക്ക് വഴിമാറിക്കൊടുക്കാന്‍ നേരമായെന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അദ്ദേഹം പറഞ്ഞു. 

14 വര്‍ഷം നീണ്ട കരിയറിനാണ് അകിന്‍ഫീവ് വിരാമമിടുന്നത്. 32കാരനായ താരം സിഎസ്‌കെഎ മോസ്‌ക്കോയ്‌ക്കൊപ്പം ഇനിയും വല കാക്കാനെത്തും. രാജ്യത്തിനായി 111 മത്സരങ്ങളില്‍ വല കാത്താണ് അകിന്‍ഫീവിന്റെ വിട വാങ്ങല്‍. 2004ലാണ് റഷ്യയ്ക്കായി അദ്ദേഹം അരങ്ങേറ്റം കുറിക്കുന്നത്. 

ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ മുന്‍ ലോക ചാമ്പ്യന്‍മാരായ സ്‌പെയിനിനെ മറികടന്ന് റഷ്യ ക്വാര്‍ട്ടറിലേക്ക് മുന്നേറിയപ്പോള്‍ നിര്‍ണായകമായത് ഷൂട്ടൗട്ടില്‍ അകിന്‍ഫീവിന്റെ സേവുകളായിരുന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന പരുക്കുകളും അവ ഭേദമാകാന്‍ എടുക്കുന്ന കാലതാമസവുമാണ് അകിന്‍ഫീവിനെ വിരമിക്കല്‍ തീരുമാനത്തിലെത്തിച്ചത്. 

തുടക്കം പോലെ തന്നെ എല്ലാ കഥകള്‍ക്കും ഒരു അവസാനം ഉണ്ട്. ദേശീയ ടീമുമായുള്ള എന്റെ കഥ ഇവിടെ അവസാനിക്കുകയാണ്. യുക്തിപരമായൊരു വിരാമമാണിത്. ലോകകപ്പില്‍ റഷ്യയെ നയിക്കാന്‍ സാധിച്ചത് മഹത്തായ ബഹുമതിയായി കാണുന്നു. താനൊരിക്കലും ഇത്തരമൊരു കാര്യം യാഥാര്‍ഥ്യമാകുമെന്ന് സ്വപ്‌നം പോലും കണ്ടിരുന്നില്ല. സ്വാഭാവികമായും അത് സംഭവിച്ചപ്പോള്‍ അതെന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന അവസ്ഥയായി. റഷ്യക്കായി കളിക്കാന്‍ ഭാവിയുള്ള ഒരു യുവ തലമുറ പിന്നാലെയുണ്ടെന്ന ഉറച്ച വിശ്വാസത്തോടെയാണ് ഈ തീരുമാനത്തിലെത്തിയത്- വിരമിക്കല്‍ പ്രഖ്യാപിച്ച് അകിന്‍ഫീവ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com