സ്വന്തം മണ്ണിലെ ആദ്യ ജയം വേണം, ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഡല്‍ഹിക്കെതിരെ

ആദ്യ മത്സരത്തില്‍ മത്സ്യത്തൊഴിലാളികളെയാണ് ആദരിച്ചത് എങ്കില്‍ ഇന്ന് കൊച്ചിയില്‍, കേരളത്തെ കൈപിടിച്ച് ഉയര്‍ത്തിയ സായുധ സേനയ്ക്കാണ് ബ്ലാസ്റ്റേഴ്‌സ് നന്ദി പറയുക
സ്വന്തം മണ്ണിലെ ആദ്യ ജയം വേണം, ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഡല്‍ഹിക്കെതിരെ

ഒരുമിച്ച് ആക്രമിക്കുക, ഒരുമിച്ച് പ്രതിരോധിക്കുക...കേരള ബ്ലാസ്റ്റേഴ്‌സ് സീസണിലെ മൂന്നാം മത്സരത്തിന് ഇറങ്ങുമ്പോഴും ഇത് തന്നെയാവും മഞ്ഞപ്പടയുടെ തന്ത്രമെന്നാണ് പരിശീലകന്‍ ഡേവിഡ് ജെയിംസ് പറയുന്നത്. തന്ത്രങ്ങള്‍ തേച്ചുമിനുക്കി ബ്ലാസ്റ്റേഴ്‌സ് ഡല്‍ഹിക്കെതിരെ പന്ത് തട്ടുമ്പോള്‍ സ്വന്തം തട്ടകത്തിലെ ആദ്യ ജയം ആഘോഷിച്ച് ആരവം തീര്‍ക്കാനാണ് ആരാധകരുടെ കാത്തിരിപ്പ്.

ആദ്യ ഹോം മത്സരത്തില്‍ ഒരുമ വിടര്‍ത്തിയ പെരുമയുമായിട്ടായിരുന്നു പ്രളയത്തെ അതിജീവിച്ച കേരളത്തിന് മഞ്ഞപ്പട അഭിവാദ്യം അര്‍പ്പിച്ചത്. ആദ്യ മത്സരത്തില്‍ മത്സ്യത്തൊഴിലാളികളെയാണ് ആദരിച്ചത് എങ്കില്‍ ഇന്ന് കൊച്ചിയില്‍, കേരളത്തെ കൈപിടിച്ച് ഉയര്‍ത്തിയ സായുധ സേനയ്ക്കാണ് ബ്ലാസ്റ്റേഴ്‌സ് നന്ദി പറയുക. 

ആദ്യ ഹോം മത്സരത്തില്‍ തോല്‍വിയോളം പോകുന്ന നിരാശയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന് ആ സമനില. പ്രാഞ്ചല്‍ ഭൂംജിയുടെ ഇഞ്ചുറി ടൈമിലെ തകര്‍പ്പന്‍ ഗോള്‍ ഏല്‍പ്പിച്ച പ്രഹരം മറക്കാനുള്ള കളിയാണ് മഞ്ഞപ്പടയില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. ജയം തൊടാനാവാതെ നില്‍ക്കുകയാണ് ഡല്‍ഹി. 

പുനെയെ സമനിലയില്‍ തളച്ചപ്പോള്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ഡല്‍ഹിക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നു. സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ടറങ്ങുമ്പോള്‍ മഞ്ഞപ്പടയ്ക്ക് വലിയ വെല്ലുവിളിയാണ് കളിക്കളത്തിലെ താരങ്ങളും ഗ്യാലറിയിലെ ആരാധക കൂട്ടവും തീര്‍ക്കുന്നത്. 

കേരളത്തെ പോലെ തന്നെ യുവ നിരയുമായിട്ടാണ് ഡല്‍ഹിയുടേയും വരവ്. ഡല്‍ഹിയുടെ ശരാശരി പ്രായം 25 ആണ്. കേരളത്തിന്റേത് 23.85. പ്രതിരോധത്തിലെ കരുത്ത് പക്ഷേ രണ്ടാം പകുതിയിലെ അലസതയില്‍ കേരളത്തിന് തലവേദന തീര്‍ക്കുന്നുണ്ട്. മധ്യനിരയിലെ വേഗവും, വിങ്ങില്‍ നര്‍സാറിയും ഡൗങ്കലിന്റേയും കളി മെനയലും, അവസരങ്ങള്‍ മുതലാക്കി ഗോള്‍ വല ചലിപ്പിക്കാനുള്ള പോപ്ലാറ്റ്‌നിച്ചിന്റേയും സ്റ്റൊയ്‌നോവിച്ചിന്റേയും ശേഷിയും ബ്ലാസ്‌റ്റേഴ്‌സിന് കരുത്താണ്. ആദ്യ രണ്ട് മത്സരങ്ങളിലെ മികവും, രണ്ടാം പകുതിയില്‍ ഊര്‍ജവും പുറത്തെടുക്കാനായാല്‍ ഡല്‍ഹിക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് വലിയ വെല്ലുവിളിയില്ലാതെ ജയം പിടിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com