കോഹ് ലിയുടെ അസാന്നിധ്യം ചോദ്യം ചെയ്ത് സ്റ്റാര്‍ സ്‌പോര്‍ട്‌സ്; ടീം സെലക്ഷനില്‍ ബ്രോഡ്കാസ്റ്റര്‍ കൈകടത്തേണ്ടെന്ന് ബിസിസിഐ

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനോ, സ്റ്റാര്‍ സ്‌പോര്‍ട്‌സിനോ ഇന്ത്യന്‍ ദേശീയ ടീമിന്റെ സെലക്ഷനില്‍ ഒരു അഭിപ്രായത്തിനും അവകാശമില്ല
കോഹ് ലിയുടെ അസാന്നിധ്യം ചോദ്യം ചെയ്ത് സ്റ്റാര്‍ സ്‌പോര്‍ട്‌സ്; ടീം സെലക്ഷനില്‍ ബ്രോഡ്കാസ്റ്റര്‍ കൈകടത്തേണ്ടെന്ന് ബിസിസിഐ

വിരാട് കോഹ് ലിയെ ഏഷ്യാ കപ്പില്‍ ഉള്‍പ്പെടുത്താതിരുന്നതില്‍ അതൃപ്തി പ്രകടിപ്പിപ്പിച്ച സ്റ്റാര്‍ സ്‌പോര്‍ട്‌സിനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനും ബിസിസിഐയുടെ മറുപടി. ബ്രോഡ്കാസ്റ്റര്‍മാരല്ല സെലക്ഷന്‍ തീരുമാനിക്കുന്നതെന്നാണ് ബിസിസിഐ നല്‍കിയ മറുപടി. 

കോഹ് ലിയുടെ അസാന്നിധ്യം ഏഷ്യാ കപ്പ് കവറേജിനെ സാമ്പത്തികമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് 
കത്ത് നല്‍കുകയായിരുന്നു. ഇതിനെ ചൊല്ലി ബിസിസിഐയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തു. 

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനോ, സ്റ്റാര്‍ സ്‌പോര്‍ട്‌സിനോ ഇന്ത്യന്‍ ദേശീയ ടീമിന്റെ സെലക്ഷനില്‍ ഒരു അഭിപ്രായത്തിനും അവകാശമില്ല. ഏതെങ്കിലും പ്രത്യേക താരത്തെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടോ, സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെ സംബന്ധിച്ചോ അഭിപ്രായം പറയാന്‍ പുറത്തു നിന്ന് ഒരാളേയും അനുവദിക്കില്ലെന്ന വ്യക്തമായ മറുപടിയാണ് ബിസിസിഐ നല്‍കിയത്. 84 ദിവസത്തെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഏഷ്യാ കപ്പില്‍ കോഹ് ലിക്ക് വിശ്രമം നല്‍കാനായിരുന്നു സെലക്ടര്‍മാരുടെ തീരുമാനം. 

ടൂര്‍ണമെന്റ് തുടങ്ങുന്നതിന് പതിനഞ്ച് ദിവസം മാത്രം മുന്‍പ് കോഹ് ലിയുടെ അസാന്നിധ്യം പ്രഖ്യാപിച്ചതിലൂടെ സാമ്പത്തികമായി ഞങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നു എന്നാണ് സ്റ്റാര്‍ സ്‌പോര്‍ട്ട് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയത്. ഏറ്റവും മികച്ച ദേശീയ ടീമാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത് എന്ന് ഉറപ്പ് വരുത്തണം എന്ന നിബന്ധനയുള്ള മീഡിയ റൈറ്റ്‌സ് എഗ്രിമെന്റിന്റെ അടിസ്ഥാനത്തില്‍, കോഹ് ലിയുടെ അസാന്നിധ്യത്തെ കുറിച്ച് ബിസിസിഐയോട് ആരായണം എന്നും സ്റ്റാര്‍ നെറ്റ്വാര്‍ക്ക് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com