കളി തിരിച്ചുപിടിച്ച് ഇന്ത്യ; ഒന്നാം ദിനത്തിൽ ഓസീസിന് നഷ്ടമായത് ആറ് വിക്കറ്റുകൾ

ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ തിരിച്ചുവരവ് ലക്ഷ്യമാക്കി ഇന്ത്യ
കളി തിരിച്ചുപിടിച്ച് ഇന്ത്യ; ഒന്നാം ദിനത്തിൽ ഓസീസിന് നഷ്ടമായത് ആറ് വിക്കറ്റുകൾ

പെർത്ത്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ തിരിച്ചുവരവ് ലക്ഷ്യമാക്കി ഇന്ത്യ. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ
90 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 277 എന്ന നിലയിലാണ്. മികച്ച തുടക്കമിട്ട് മുന്നേറിയ ഓസീസിനെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി സമ്മർ​ദ്ദത്തിലാക്കാൻ ഇന്ത്യക്ക് സാധിച്ചു. കളി അവസാനിപ്പിക്കുമ്പോൾ ക്യാപ്റ്റൻ ടിം പെയിൻ(16), കമ്മിൻസ്(11) എന്നിവരാണ് ക്രീസിൽ.  

ടോസ് നേടി ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയ മികച്ച തുടക്കമാണിട്ടത്. ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്ടമാകാതെ 112 റൺസ് എന്ന നിലയിൽ നിന്ന ഓസീസിനെ രണ്ട് വിക്കറ്റ് വീതം നേടിയ ഇഷാന്ത് ശർമയും ഹനുമ വിഹാരിയും ചേർന്നാണ് പിടിച്ചുകെട്ടിയത്. ബുമ്ര, ഉമേഷ് യാദവ് എന്നിവർ ഓരോ വിക്കറ്റെടുത്തു.

ഓസ്ട്രേലിയയ്ക്കായി  മാർകസ് ഹാരിസ് (141 പന്തിൽ 70), ആരോൺ ഫിഞ്ച് (105 പന്തിൽ 50), ട്രാവിസ് ഹെഡ് (80 പന്തിൽ 58) എന്നിവർ അർധ സെഞ്ച്വറി നേടി. 
ഉസ്മാൻ ഖവാജ (38 പന്തിൽ അഞ്ച്), പീറ്റർ ഹാൻസ്കോംബ് (16 പന്തിൽ 7), ഷോൺ മാർഷ് (98 പന്തിൽ 45) എന്നിവരാണ് പുറത്തായ മറ്റ് ഓസീസ് താരങ്ങൾ. 

തുടക്കത്തിൽ മികച്ചു നിന്ന ഓസീസ് ഓപണിങ്ങിനെ ഏറെ പണിപ്പെട്ട ശേഷമാണ് ഇന്ത്യൻ ബോളർമാർ മടക്കിയത്. സെഞ്ച്വറി കൂട്ടുകെട്ട് തീർത്ത മാർകസ് ഹാരിസ്, ആരോൺ ഫിഞ്ച് എന്നിവർ അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയാണു മടങ്ങിയത്. ഫിഞ്ചിനെ ജസ്പ്രീത് ബുമ്ര എൽബിഡബ്ല്യുവിലൂടെ പുറത്താക്കി. പിന്നാലെയെത്തിയ ഉസ്മാൻ ഖവാജയെ ഋഷഭ് പന്ത് ക്യാച്ചെടുത്ത് മടക്കി. മാർ‌കസ് ഹാരിസിനെ ഹനുമാ വിഹാരിയുടെ പന്തിൽ രഹാനെയും ഹാൻഡ്സ്കോംബിനെ ഇഷാന്ത് ശർമയുടെ പന്തിൽ വിരാട് കോഹ്‍ലിയും ക്യാച്ചെടുത്ത് കൂടാരം കയറ്റി. 

നാല് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1–0നു മുന്നിൽ. പരുക്കിന്റെ വേവലാതികളുള്ള രോഹിത് ശർമയും ആർ അശ്വിനും ഇന്ന് ടീമിൽ ഇടംപിടിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com