കരുതലോടെ നീങ്ങി ചെന്നൈ, അടുത്ത ലക്ഷ്യം യുവി? മലിംഗയും ഇഷാന്തും മടങ്ങിയെത്തുന്നു

മോഹിത് ശര്‍മയെ സ്വന്തമാക്കിയ സ്ഥിതിക്ക് യുവരാജ് അടുത്ത വട്ടം ലേലത്തില്‍ വരുമ്പോള്‍ ചെന്നൈ സ്വന്തമാക്കിയേക്കുമെന്നാണ് സൂചന
കരുതലോടെ നീങ്ങി ചെന്നൈ, അടുത്ത ലക്ഷ്യം യുവി? മലിംഗയും ഇഷാന്തും മടങ്ങിയെത്തുന്നു

രണ്ട് ഇന്ത്യന്‍ താരത്തെ മാത്രം ലക്ഷ്യമിട്ടിറങ്ങിയ ചെന്നൈ മോഹിത് ശര്‍മയെ സ്വന്തമാക്കി. അഞ്ച് കോടി രൂപയ്ക്കാണ് മോഹിത് ചെന്നൈയില്‍ എത്തുന്നത്. 8.4 കോടി രൂപ മാത്രം ലേലത്തില്‍ ചിലവഴിക്കാന്‍ സാധിക്കുകയുള്ളെന്നിരിക്കെ ശ്രദ്ധയോടെയായിരുന്നു ചെന്നൈയുടെ നീക്കങ്ങള്‍. നേരത്തെ, ഉനദ്ഘട്ടിന് വേണ്ടിയും മുഹമ്മദ് ഷമിക്ക് വേണ്ടിയും ചെന്നൈ മുന്നോട്ടു വന്നിരുന്നു എങ്കിലും വില ഉയര്‍ന്നതോടെ പിന്നോട്ടു പോയി.

മോഹിത് ശര്‍മയെ സ്വന്തമാക്കിയ സ്ഥിതിക്ക് യുവരാജ് അടുത്ത വട്ടം ലേലത്തില്‍ വരുമ്പോള്‍ ചെന്നൈ സ്വന്തമാക്കിയേക്കുമെന്നാണ് സൂചന. ഇന്ന് ആദ്യം യുവിയായിരുന്നു ലേലത്തില്‍ എത്തിയത്. എന്നാല്‍ യുവിയെ സ്വന്തമാക്കിയാല്‍ മറ്റൊരു താരത്തെ സ്വന്തമാക്കാന്‍ പണം തികയുമോ എന്ന അനിശ്ചിതത്വത്തില്‍ ചെന്നൈ പിന്നോട്ട് മാറി നിന്നതാണെന്നാണ് സൂചന. മോഹിത് നേരത്തെ ചെന്നൈയുടെ റഡാറിലുണ്ടായിരുന്നു.

ഇഷാന്ത് ശര്‍മയെ 1.1 ഒരു കോടി രൂപയ്ക്ക് ഡല്‍ഹി സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ ഇഷാന്തിനെ ആരും വാങ്ങിയിരുന്നില്ല. കഴിഞ്ഞ സീസണില്‍ മുംബൈയുടെ മെന്ററായിരുന്ന മലിംഗ ഈ സീസണില്‍ ഭൂംമ്രയ്‌ക്കൊപ്പം ന്യൂബോള്‍ എറിയാനുണ്ടാകും എന്നുറപ്പായി. 2 കോടി രൂപയ്ക്കാണ് മുംബൈ മലിംഗയെ സ്വന്തമാക്കിയത്. 

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ 4.80 കോടി രൂപയ്ക്ക് പഞ്ചാബ് ടീമിലെത്തിച്ചു. ചെന്നൈയും പഞ്ചാബിനൊപ്പം ഷമിക്ക് വേണ്ടി മുന്നോട്ടു വന്നുവെങ്കിലും ലേലത്തില്‍ ഒരിക്കല്‍ കൂടി ചെന്നൈ പിന്നോട്ടു പോയി. വരുണ്‍ ആരോണിനെ 2.40 കോടി രൂപയ്ക്ക് രാജസ്ഥാനും സ്വന്തമാക്കി. 

ഉനദ്ഘട്ടിനെ വീണ്ടും സ്വന്തമാക്കി രാജസ്ഥാന്‍. കഴിഞ്ഞ സീസണില്‍ താര ലേലത്തില്‍ ഏറ്റവും വില കൂടിയ താരമായ ഉനദ്ഘട്ടിന് വേണ്ടി ഇത്തവണയും ടീമുകള്‍ കൊമ്പുകോര്‍ത്തു. ഡല്‍ഹിയും രാജസ്ഥാന്‍ റോയല്‍സും ഉനദ്ഘട്ടിന് പോര് മുറിക്കിയപ്പോള്‍ അഞ്ച് കോടി വിലയിട്ട് ചെന്നൈയും നാടകീയമായി രംഗത്തെത്തി. പിന്നാലെ കിങ്‌സ് ഇലവന്‍ പഞ്ചാബും ഇടംകയ്യന്‍ ബൗളര്‍ക്ക് വേണ്ടിയിറങ്ങി. ഒടുവില്‍ 8.40 കോടി രൂപയ്ക്ക് വീണ്ടും ഉനദ്ഘട്ടിനെ തങ്ങളുടെ തട്ടകത്തിലേക്ക് തന്നെ രാജസ്ഥാന്‍ എത്തിച്ചു. 

അക്‌സര്‍ പട്ടേല്‍ അഞ്ച് കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സില്‍. കിങ്‌സ് ഇലവന്‍ പഞ്ചാബും അക്‌സറിന് വേണ്ടി മുന്നോട്ടു വന്നിരുന്നു. മറ്റൊരു വിന്‍ഡിസ് താരം നിക്കോളാസ് പൂറനായിരുന്നു ഫ്രാഞ്ചൈസികളുടെ മറ്റൊരു ഇഷ്ട താരം. ഡല്‍ഹി ക്യാപിറ്റല്‍സും ബാംഗ്ലൂറും പൂറന് വേണ്ടി മുന്നോട്ടു വന്നു. ഒടുവില്‍ 4.2 കോടി രൂപയ്ക്ക് പൂറനെ പഞ്ചാബ് സ്വന്തമാക്കി. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയെ 1.2 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com