കളിക്കളത്തിലെ മോശം പെരുമാറ്റം ; ഇന്ത്യന്‍ താരം റായിഡുവിന് ബിസിസിഐയുടെ വിലക്ക്

രണ്ട് മല്‍സരങ്ങളില്‍ നിന്നാണ് വിലക്ക്. വിജയ് ഹസാരെ ട്രോഫിയിലെ സര്‍വ്വീസിനെതിരെയും ജാര്‍ഖണ്ഡിനെതിരെയുമുള്ള മല്‍സരങ്ങള്‍ നഷ്ടമാകും
കളിക്കളത്തിലെ മോശം പെരുമാറ്റം ; ഇന്ത്യന്‍ താരം റായിഡുവിന് ബിസിസിഐയുടെ വിലക്ക്

ന്യൂഡല്‍ഹി : കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ താരം അമ്പാട്ടി റായിഡുവിന് ബിസിസിഐയുടെ വിലക്ക്. രണ്ട് മല്‍സരങ്ങളില്‍ നിന്നാണ് വിലക്ക്. ക്രിക്കറ്റിലെ പെരുമാറ്റചട്ടം റായിഡു ലംഘിച്ചെന്ന് ബിസിസിഐ വിലിയിരുത്തി. സയ്യിദ് മുഷ്താഖ് അലി ട്വന്റി20 യില്‍ കര്‍ണാടകയ്‌ക്കെതിരായ മത്സരത്തിലെ പെരുമാറ്റമാണ് ഹൈദരാബാദ് നായകനായ റായിഡുവിന്  വിലക്ക് ലഭിക്കാനിടയാക്കിയത്. 

മല്‍സരത്തിനിടെ കര്‍ണാടക ടീമും അമ്പയര്‍മാരുമായുണ്ടായ തര്‍ക്കമാണ് വിലക്കിന് കാരണമായത്. കര്‍ണാടക ബാറ്റ്‌സ്മാന്‍ കരുണ്‍ നായര്‍ അടിച്ച പന്ത് ബൗണ്ടറിക്ക് അടുത്തുവെച്ച് ഫീല്‍ഡറായ മെഹ്ദി ഹസ്സന്‍ തടഞ്ഞു. തുടര്‍ന്ന് ബാറ്റ്‌സ്മാന്‍ ഓടിയെടുത്ത രണ്ട് റണ്‍സാണ് അനുവദിച്ചത്. എന്നാല്‍ റീപ്ലേയില്‍ ഹസ്സന്‍ പന്ത് തടഞ്ഞത് ബൗണ്ടറി ലൈനില്‍ ചവിട്ടിയായിരുന്നു എന്ന് വ്യക്തമായി. 

കര്‍ണാടക ബൗള്‍ ചെയ്യാനെത്തിയപ്പോള്‍, ഇക്കാര്യം ചൂണ്ടിക്കാട്ടി രണ്ട് റണ്‍സ് കൂടി സ്‌കോറില്‍ കൂട്ടിചേര്‍ക്കണമെന്ന് നായകന്‍ വിനയ് കുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കര്‍ണാടകയുടെ ആവശ്യം പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈദരാബാദ് നായകന്‍ റായിഡു അമ്പയര്‍മാരോട് വാഗ്‌വാദത്തിലേര്‍പ്പെട്ടു. 

രണ്ടു റണ്‍സ് കൂടി ചേര്‍ത്തപ്പോള്‍ ഹൈദരാബാദിന്റെ വിജയലക്ഷ്യം 204 ല്‍ നിന്നും 206 ആയി ഉയര്‍ന്നു. എന്നാല്‍ നിശ്ചിത 20 ഓവറില്‍ ഹൈദരാബാദിന് 9 വിക്കറ്റിന് 203 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മല്‍സരത്തിനൊടുവില്‍ അമ്പയര്‍മാരുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് റായിഡുവിന്റെ നേതൃത്വത്തില്‍ ഹൈദരാബാദ് താരങ്ങള്‍ ഗ്രൗണ്ടില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. 

ഇതാണ് നടപടിയിലേക്ക് നയിച്ചത്. മല്‍സരത്തിനിടെ വിജയലക്ഷ്യം മാറ്റിയ നടപടിയെ മാത്രമാണ് ചോദ്യം ചെയ്തതെന്നാണ് റായിഡു പറയുന്നത്. റായിഡു കുറ്റം സമ്മതിച്ചെന്നും അതിനാല്‍ പ്രത്യേക ഹിയറിംഗ് നടത്തേണ്ടെന്ന് തീരുമാനിച്ചതായും ബിസിസിഐ വ്യക്തമാക്കി. 

വിലക്കിനെ തുടര്‍ന്ന് വിജയ് ഹസാരെ ട്രോഫിയിലെ സര്‍വ്വീസിനെതിരെയും ജാര്‍ഖണ്ഡിനെതിരെയുമുള്ള മല്‍സരങ്ങള്‍ റായിഡുവിന് നഷ്ടമാകും. ഫെബ്രുവരി അഞ്ചിനും ആറിനുമാണ് മത്സരങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com