വാര്‍ണറും സ്മിത്തും മടങ്ങിയെത്തുന്നു, പുതിയ ഇടം തിരഞ്ഞ് യുവിയും ഗംഭീറും; ടീമുകള്‍ ഒഴിവാക്കിയത് ഇവരെയൊക്കെ

ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചു വരവ് ലക്ഷ്യമിട്ട് വലിയ പ്രതീക്ഷയോടെയായിരുന്നു യുവരാജ് കഴിഞ്ഞ സീസണില്‍ പഞ്ചാബിനൊപ്പം ചേര്‍ന്നത്
വാര്‍ണറും സ്മിത്തും മടങ്ങിയെത്തുന്നു, പുതിയ ഇടം തിരഞ്ഞ് യുവിയും ഗംഭീറും; ടീമുകള്‍ ഒഴിവാക്കിയത് ഇവരെയൊക്കെ

സ്റ്റീവ് സ്മിത്തിനേയും, ഡേവിഡ് വാര്‍ണറേയും ടീമില്‍ നിലനിര്‍ത്തി ഐപിഎല്‍ ടീമുകള്‍. ഐപിഎല്‍ പന്ത്രണ്ടാം സീസണിന് തുടക്കമാകുമ്പോഴേക്കും ഇവരുടെ വിലക്കിന്റെ കാലാവധി അവസാനിക്കും. ഇത് മുന്നില്‍ കണ്ടാണ് സണ്‍റൈസേഴ്‌സ് വാര്‍ണറേയും, രാജസ്ഥാന്‍ റോയല്‍സ് സ്റ്റീവ് സ്മിത്തിനേയും ടീമില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചത്. 

പന്ത് ചുരണ്ടലില്‍ കുറ്റക്കാരെന്ന് കണ്ടെത്തി വിലക്ക് നേരിട്ടതിനെ തുടര്‍ന്ന് സ്മിത്തിനും വാര്‍ണര്‍ക്കും പതിനൊന്നാം ഐപിഎല്‍ സീസണില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടപ്പോള്‍ പഞ്ചാബില്‍ നിന്ന് യുവരാജിനും, ഡല്‍ഹിയില്‍ നിന്ന് ഗംഭീറിനും പണി കിട്ടി. 

കഴിഞ്ഞ സീസണിലെ താര ലേലത്തില്‍ തന്നെ ഇവര്‍ക്ക് വേണ്ടി ടീമുകള്‍ വലിയ താത്പര്യം കാണിച്ചിരുന്നില്ല. ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചു വരവ് ലക്ഷ്യമിട്ട് വലിയ പ്രതീക്ഷയോടെയായിരുന്നു യുവരാജ് കഴിഞ്ഞ സീസണില്‍ പഞ്ചാബിനൊപ്പം ചേര്‍ന്നത്. എന്നാല്‍ ആദ്യ മത്സരങ്ങളില്‍ ഫോം കണ്ടെത്താനാവാതിരുന്നതോടെ പ്ലേയിങ് ഇലവനില്‍ പോലും പിന്നെ യുവരാജിനെ പഞ്ചാബ് ഉള്‍പ്പെടുത്തിയിരുന്നില്ല. 

ഗംഭീറിന്റെ അവസ്ഥയും സമാനമായിരുന്നു. കൊല്‍ക്കത്തയെ രണ്ട് വട്ടം കിരീടത്തിലേക്ക് എത്തിച്ച നായകന്‍ ഡല്‍ഹിക്കും കിരീടം നേടിത്തരുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും ഡല്‍ഹി കൂപ്പുകുത്തി. ഇതോടെ ഗംഭീറിന് നായക സ്ഥാനം നഷ്ടമാവുകയും പ്ലേയിങ് ഇലവനില്‍ പോലും സ്ഥാനം ലഭിക്കാതെ വരികയും ചെയ്തു. 

രാഹുല്‍, കരുണ്‍ നായര്‍, അശ്വിന്‍ എന്നിവര്‍ പഞ്ചാബ് ടീമില്‍ തുടരും. വിദേശ താരങ്ങളില്‍, മുജീബ് റഹ്മാന്‍, സൗത്ത് ആഫ്രിക്കയുടെ ഡേവിഡ് മില്‍നര്‍, ആന്‍ഡ്ര്യു ടൈ എന്നിവരെ പഞ്ചാബ് ടീമില്‍ നിലനിര്‍ത്തി. ആരോണ്‍ ഫിഞ്ച്, അക്‌സര്‍ പട്ടേല്‍, മോഹിത് ശര്‍മ, യുവരാജ് സിങ്, ബരിന്ദര്‍ സ്രന്‍, മനോജ് തിവാരി, മായങ്ക് ദഗര്‍, മണ്‍സൂര്‍ ദാര്‍ എന്നിവരെയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഒഴിവാക്കിയത്. 

സണ്‍റൈസേഴ്‌സ് നിലനിര്‍ത്തിയ താരങ്ങള്‍- ബേസില്‍ തമ്പി, ഭുവനേശ്വര്‍ കുമാര്‍, ദീപക് ഹൂഡ, മനീഷ് പാണ്ഡേ, ടി.നടരാജന്‍, റിക്കി ഭുയി, സന്ദീപ് ശര്‍മ, സിദ്ദാര്‍ഥ് കൗള്‍, ശ്രീവത്സ് ഗോസ്വാമി, ഖലീല്‍ അഹ്മദ്, യൂസഫ് പത്താന്‍, ഡേവിഡ് വാര്‍ണര്‍, ബില്ലി സ്റ്റന്‍ലേക്ക്, കെയിന്‍ വില്യംസന്‍, റാഷിദ് ഖാന്‍, മുഹമ്മദ് നബി, ഷക്കീബ് അല്‍ ഹസന്‍.

റിലീസ് ചെയ്തവര്‍- സച്ചിന്‍ ബേബി, തന്‍മയ് അഗര്‍വാള്‍, വൃദ്ധിമാന്‍ സാഹ, ക്രിസ് ജോര്‍ദാന്‍, കാര്‍ലോസ് ബ്രാത്വെയ്റ്റ്, അലക്‌സ് ഹേല്‍സ്, ബിപുല്‍ ശര്‍മ, മെഹ്ദി ഹസന്‍. 

രാജസ്ഥാന്‍ റോയല്‍സില്‍ തുടരുന്നവര്‍- രഹാനെ, സഞ്ജു, കൃഷ്ണപ്പ ഗൗതം, ശ്രേയസ് ഗോപാല്‍, ആര്യമാന്‍ ബിര്‍ല, എസ്.മിഥുന്‍, പ്രശാന്ത് ചോപ്ര, സ്റ്റുവര്‍ട്ട് ബിന്നി, രാഹുല്‍ ത്രിപതി, ധവാല്‍ കുല്‍ക്കര്‍ണി. 

സ്മിത്തിനെ കൂടാതെ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ബട്ട്‌ലര്‍, ബെന്‍ സ്റ്റോക്ക്, ഓസീസ് താരം ജോഫ്ര ആര്‍ച്ചര്‍, കീവീസിന്റെ സോധി എന്നിവരും രാജസ്ഥാനില്‍ തുടരും. കഴിഞ്ഞ സീസണിലെ ലേലത്തില്‍ പൊന്നുവില കൊടുത്ത് വാങ്ങിയ ഉനദ്ഘട്ടിനെ രാജസ്ഥാന്‍ ഒഴിവാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com