ആറ് കാര്യങ്ങളുണ്ട്, ഇന്ത്യ-ഓസീസ് പോരിനിറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടതായിട്ട്

ആരോണ്‍ ഫിഞ്ചിന്റെ സംഘം എങ്ങിനെ ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെ നേരിടും എന്നതിനുള്ള ഉത്തരം തേടി കൂടിയാണ് ഈ പരമ്പര
ആറ് കാര്യങ്ങളുണ്ട്, ഇന്ത്യ-ഓസീസ് പോരിനിറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടതായിട്ട്

ഗബ്ബയിലെ കുട്ടിക്രിക്കറ്റിന്റെ ആവേശ പൂരം ഉയരുന്നതോടെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് തുടക്കമാകും. ആദ്യ കളിയില്‍ ജയം പിടിച്ച് മേല്‍ക്കോയ്മ സ്വന്തമാക്കാന്‍ ഉറച്ച് ഇരു സംഘവും ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ പര്യടനത്തില്‍ നിര്‍ണായകമാകുന്ന ആറ് കാര്യങ്ങള്‍ക്ക് ആദ്യ ട്വന്റി20 ഉത്തരം നല്‍കി തുടങ്ങും...

ഫേവറിറ്റുകളായി ഇന്ത്യ

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഫേവറിറ്റുകളായി ഇന്ത്യ ഇറങ്ങുന്നു എന്നതാണ് ഇന്ത്യന്‍ സംഘത്തിന്റെ ഈ പരമ്പരയിലെ പ്രത്യേകത. കളിക്കളത്തിനകത്തും പുറത്തും നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ഓസീസിനെ അശക്തമാക്കുമ്പോള്‍ ഇന്ത്യ കണക്കിലും കരുത്തരായിട്ടാണ് വരുന്നത്. 

2017 നവംബര്‍ 17ല്‍ തുടങ്ങി കഴിഞ്ഞ ഏഴ് ട്വന്റി20 പരമ്പരയും ജയിച്ചാണ് ഇന്ത്യ വരുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഇന്ത്യ ട്വന്റി20യില്‍ അവസാനമായി തോറ്റത്. എന്നാല്‍ ഈ മാര്‍ച്ചിന് ശേഷം ഓസ്‌ട്രേലിയ ഒരു ട്വന്റി20 പരമ്പര വിജയിച്ചിട്ടില്ല. അങ്ങിനെയൊരു ഓസ്‌ട്രേലിയയോട് പരമ്പര നഷ്ടപ്പെടുത്തുന്നത് ഇന്ത്യയെ വല്ലാതെ അസ്വസ്ഥപ്പെടുത്തുമെന്ന് വ്യക്തം. 

വിനയമൊഴുക്കി ഓസീസ്

ഓസീസ് ടീമിന്റെ പുതിയ മനോഭാവത്തെ കുറിച്ച് വാര്‍ത്തകള്‍ നിറഞ്ഞു കഴിഞ്ഞു. പരമ്പര തുടങ്ങുന്നതിന് മുന്‍പ് ഓസീസിനേക്കാള്‍ അക്രമണോത്സുകത പ്രകടിപ്പിക്കുന്നത് ഇത്തവണ ഇന്ത്യയാണ്. തങ്ങളുടെ സ്വന്തം മണ്ണില്‍ ഇന്ത്യ സമ്മര്‍ദ്ദം ഏല്‍പ്പിക്കുമ്പോള്‍ എത്രമാത്രം ഓസീസിന് നിയന്ത്രിച്ച് നിര്‍ത്താനാവും എന്നാണ് കണ്ടറിയേണ്ടത്. 

കോഹ് ലിയെ എങ്ങിനെ നേരിടും? 

ആരോണ്‍ ഫിഞ്ചിന്റെ സംഘം എങ്ങിനെ ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെ നേരിടും എന്നതിനുള്ള ഉത്തരം തേടി കൂടിയാണ് ഈ പരമ്പര. കോഹ് ലിയെ പ്രകോപിപ്പിക്കാതെ, കളിയുടെ യഥാര്‍ഥ സ്പിരിറ്റ് ഉള്‍ക്കൊണ്ടുകൊണ്ട് കളിക്കാന്‍ മറ്റ് പല ക്രിക്കറ്റ് താരങ്ങളില്‍ നിന്നും ഓസീസിന് നിര്‍ദേശം വന്നു കഴിഞ്ഞു. ഓസ്‌ട്രേലിയയില്‍ എത്തിയപ്പോഴെല്ലാം കോഹ് ലി ശ്രദ്ധ തന്നിലേക്ക് എത്തിച്ചിട്ടുണ്ട്. 

ഇന്ത്യന്‍ മധ്യ നിര

കോഹ് ലി ടീമിലേക്ക് മടങ്ങി എത്തുമ്പോള്‍ ഒരു മുന്‍ നിര ബാറ്റ്‌സ്മാന്റെ വഴി അടയും. ഇംഗ്ലണ്ടില്‍ നാലാമനായിട്ടാണ് കോഹ് ലി ഇറങ്ങിയത്. രാഹുലിന് മൂന്നാം സ്ഥാനം നല്‍കി. പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിക്കുന്നതിന് വേണ്ടിയുള്ള ദിനേശ് കാര്‍ത്തിക്കിന്റേയും പന്തിന്റേയും പോരിനും ഇവിടെ ഉത്തരമാകും. ധോനിയുടെ പകരക്കാരന്‍ തന്നെയാണ് താനെന്ന് പന്ത് ഇവിടെ വ്യക്തമാക്കിയാല്‍ മധ്യനിരയില്‍ ഇന്ത്യയുടെ തലവേദന ഒഴിയും. 

ബൗളിങ് കരുത്ത്

ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ബൗളിങ് ബാലന്‍സ് നിലനിര്‍ത്തുകയാണ് ഇന്ത്യയ്ക്ക് പ്രധാനം. ബൗണ്‍സര്‍ ഉയരുന്ന ഗബ്ബയിലെ പിച്ചില്‍ ഭുവിയും ഭൂംമ്രയും ഖലീല്‍ അഹ്മദും താളം കണ്ടെത്തണം. പന്ത്രണ്ടംഗ സംഘത്തില്‍ കുല്‍ദീപും ചഹലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇവരില്‍ ആരെ കോഹ് ലി ഇറക്കുമെന്നതുമാണ് നിര്‍ണായകം. 

ടെസ്റ്റിന് മുന്‍പ്

ട്വന്റി20യുടെ ചേരുവ വേറെയാണ്. എന്നാല്‍ ട്വന്റി20 പരമ്പര ജയിക്കുന്ന സംഘം മാനസീക മുന്‍തൂക്കം ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് നേടും. എന്നാല്‍ ഇന്ത്യയെ പോലൊരു മികച്ച ടീമിനോട് ജയം പിടിച്ച് ലോകത്തിന് മറുപടി നല്‍കുക മാത്രമാകും ഓസീസിന്റെ ലക്ഷ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com