പരീക്ഷണം തുടങ്ങുന്നു; ആത്മവിശ്വാസത്തോടെ ഇന്ത്യ; ആദ്യ ടി20 ഇന്ന്

ഇന്ത്യയുടെ ദൈര്‍ഘ്യമേറിയ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഇന്ന് ടി20 പോരാട്ടത്തോടെ തുടക്കം
പരീക്ഷണം തുടങ്ങുന്നു; ആത്മവിശ്വാസത്തോടെ ഇന്ത്യ; ആദ്യ ടി20 ഇന്ന്

ബ്രിസ്ബെൻ: ഇന്ത്യയുടെ ദൈര്‍ഘ്യമേറിയ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഇന്ന് ടി20 പോരാട്ടത്തോടെ തുടക്കം. വെസ്റ്റ് ഇന്‍ഡീസിനെതിരേ മൂന്ന് ഫോർമാറ്റുകളിലും നേടിയ ജയത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ബ്രിസ്ബണിലെ ഗാബ്ബയില്‍ നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.20നാണ് കളി ആരംഭിക്കുന്നത്. ജയത്തോടെ തന്നെ  തുടക്കം കുറിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ. 

ടി20 റാങ്കിങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തും ഓസീസ് മൂന്നാം സ്ഥാനത്തും നിൽക്കുന്നു. കഴിഞ്ഞ പര്യടനത്തിലെ ടി20 പരമ്പരയില്‍ ഓസീസിനെ തൂത്തുവാരിയ ഇന്ത്യ ഇതാവര്‍ത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണയിറങ്ങുന്നത്.

വെസ്റ്റ് ഇന്‍സീസിനെതിരായ കഴിഞ്ഞ ടി20 പരമ്പരയില്‍ വിശ്രമമനുവദിക്കപ്പെട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ തിരിച്ചുവരവ് കൂടിയാണ് ഓസീസിനെതിരായ പരമ്പര. നായകന്റെ മടങ്ങിവരവോടെ കൂടുതല്‍ കരുത്തരായി മാറിയ ഇന്ത്യയെ അടിയറവ് പറയിക്കുക കംഗാരുപ്പടയ്ക്കു എളുപ്പമാകില്ല.

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് അടിമുടി അരക്ഷിതാവസ്ഥയിലായിപ്പോയ ഓസീസ് തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. 
വിവാദത്തിന് കാരണക്കാരായ സൂപ്പർ താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും വിലക്കിനെ തുടര്‍ന്നു പുറത്തായ ശേഷം ഓസ്‌ട്രേലിയക്ക് തുടരെ തിരിച്ചടികള്‍ നേരിട്ടിരുന്നു. പാക്കിസ്ഥാനെതിരെ യുഎഇയില്‍ നടന്ന ടി20 പരമ്പരയില്‍ 0-3ന്റെ സമ്പൂര്‍ണ പരാജയമാണ് ഓസീസ് ഏറ്റുവാങ്ങിയത്. അതിനു ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലും കംഗാരുപ്പട തോറ്റമ്പി. 

കണക്കുകള്‍ പരിശോധിച്ചാല്‍ ഓസീസിനെതിരേ മേല്‍ക്കൈ ഇന്ത്യക്ക് തന്നെ. 15 ടി20 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ പത്ത് മത്സരങ്ങളിൽ ഇന്ത്യ വിജയം സ്വന്തമാക്കിയപ്പോൾ അഞ്ച് കളികളില്‍ മാത്രമാണ് ഓസീസിനു ജയിക്കാനായത്. ഓസ്‌ട്രേലിയയിൽ നടന്ന ആറ് ടി20കളില്‍ നാലിലും ഇന്ത്യ വിജയിച്ചു. രണ്ടെണ്ണത്തിലാണ് ഓസീസിന് ജയിക്കാനായത്.

ഓസ്‌ട്രേലിയക്കെതിരേ തുടര്‍ച്ചയായി നാല് ടി20 മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു. 2011-12ലെ പര്യടനത്തിലെ അവസാന ടി20യില്‍ ജയിച്ച ഇന്ത്യ കഴിഞ്ഞ പര്യടനത്തില്‍ മൂന്ന് കളികളിലും ജയിച്ച് പരമ്പര തൂത്തുവാരി. ഇന്നത്തെ മത്സരത്തിലും ജയിച്ചാല്‍ ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ തുടര്‍ച്ചയായി അഞ്ച് ടി20കള്‍ ജയിച്ച ആദ്യ ടീമായി ഇന്ത്യ മാറും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com