കാൽപന്ത് പൊന്നാക്കി ജനതയെ നെഞ്ചോട് ചേർത്തു; ദ്രോ​ഗ്ബ ഇനി കളി പഠിപ്പിക്കും

ഇതിഹാസ താരം ദിദിയർ ദ്രോ​ഗ്ബ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു
കാൽപന്ത് പൊന്നാക്കി ജനതയെ നെഞ്ചോട് ചേർത്തു; ദ്രോ​ഗ്ബ ഇനി കളി പഠിപ്പിക്കും

ഫ്രിക്കൻ കാൽപന്തിന്റെ കരുത്തുറ്റ സാന്നിധ്യമായി ലോക ഫുട്ബോളിൽ വിരാജിച്ച ഇതിഹാസ താരം ദിദിയർ ദ്രോ​ഗ്ബ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. കാമറൂൺ, നൈജീരിയ, സെന​ഗൽ, ഘാന ടീമുകൾ ആഫ്രിക്കൻ ഫുട്ബോളിലെ വൻ ശക്തികളായി നിന്ന കാലത്ത് ദിദിയർ ദ്രോ​ഗ്ബയുടെ നേതൃത്വത്തിലുള്ള സുവർണ സംഘം എെവറികോസ്റ്റിനായി നടത്തിയ എെതിഹാസിക മുന്നേറ്റം ശ്രദ്ധേയമായിരുന്നു. 

കളിക്കുന്ന കാലത്ത് തന്റെ രാജ്യത്തിന്റെ ഇല്ലായ്മകളേയും ജനതയുടെ കഷ്ടപ്പാടിനേയും ശരിക്കും ഉൾക്കൊണ്ട് തന്റെ കരിയറിനെ അത്തരത്തിൽ മാറ്റിയെടുത്തു എന്നതായിരുന്നു മറ്റ് താരങ്ങളിൽ നിന്ന് ദ്രോ​ഗ്ബയെ വ്യത്യസ്തനാക്കി നിർത്തിയത്. 

പ്രതിഭയുടെ മികവിനാൽ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് വമ്പൻമാരായ ചെൽസിയുടെ പളയത്തിലെത്തിയ ദ്രോ​ഗ്ബ എട്ട് വർഷത്തോളം നീലപ്പടയുടെ നെടുംതൂണായിരുന്നു. ചെൽസിയെ അവരുടെ ഏക ചാംപ്യൻസ് ലീ​ഗ് കിരീടത്തിലേക്ക് നയിച്ചതും ദ്രോ​ഗ്ബയായിരുന്നു. ജോർജ് വിയക്കും സാമുവൽ എറ്റുവിനും ശേഷം ആഫ്രിക്ക ലോക ഫുട്ബോളിന് സംഭാവന ചെയ്ത ഏറ്റവും മികച്ച മുന്നേറ്റ താരമെന്ന പെരുമയും ദ്രോ​ഗ്ബ സ്വന്തമാക്കി. 

യൂറോപിലെ വമ്പൻ ടീമിൽ കളിച്ചുണ്ടാക്കിയ പണവും പ്രസിദ്ധിയും തന്റെ നാടിന്റെ ഉന്നമനത്തിനായി ചെലവഴിച്ചും ദ്രോ​ഗ്ബ മഹത്തായ സന്ദേശം ലോകത്തിന് പകർന്നു. രാജ്യത്ത് ആഭ്യന്തര യുദ്ധം കൊടുമ്പിരികൊണ്ടപ്പോൾ സമാധാനത്തിനായി രം​ഗത്തിറങ്ങി താരം ശ്രദ്ധേയനായി. 2007ൽ യുഎന്നിന്റെ വികസന പരിപാടിയുടെ ​ഗുഡ്‌വില്‍ അംബാസഡറായിരുന്നു താരം. രാജ്യത്തിന്റെ സമാധാനത്തിനും പുരോ​ഗതിക്കുമായി തന്റെ പ്രസിദ്ധി ക്രിയാത്മകമായി ഉപയോ​ഗിക്കാൻ ദ്രോ​ഗ്ബക്ക് സാധിച്ചു. 2010ൽ ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടിക ടൈം മാ​ഗസിൻ പ്രസിദ്ധീകരിച്ചപ്പോൾ അതിൽ ഒരാൾ എെവറി താരമായിരുന്നു. 

2009ൽ തന്റെ ജന്മദേശമായ അബിദ്ജനിൽ നാട്ടുകാർക്ക് മികച്ച ചികിത്സയ്ക്കായി മൾട്ടി സ്പെഷാലിറ്റി ആശുപത്രി നിർമിച്ചു. നിലവിൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നതിനായി ദിദിയർ ദ്രോ​ഗ്ബ ഫൗണ്ടേഷൻ എന്ന സംഘടന രൂപികരിച്ചിട്ടുണ്ട് താരം. ചെൽസിയും തങ്ങളുടെ ഇതിഹാസ താരത്തിന്റെ സാമൂഹിക സേവന പ്രവർത്തനങ്ങളിൽ പങ്കാളിയാണ്.

ഇരുപത് വര്‍ങ്ങള്‍ക്കുശേഷം താന്‍ കളിജീവിതം മതിയാക്കുകയാണെന്ന് ദ്രോഗ്ബ പറഞ്ഞു. ഫുട്‌ബോള്‍ കരിയറിന് ശേഷം പരിശീലനത്തിലേക്കാണ് തിരിയുന്നതെന്നും തന്നാലാകുന്നത് കളിക്കായി തിരിച്ചു നല്‍കാനാണ് തീരുമാനമെന്നും താരം സൂചിപ്പിച്ചു.

40കാരനായ ദ്രോഗ്ബ ഇരുപത് വര്‍ഷത്തെ അവിസ്മരണീയ ഫുട്‌ബോള്‍ കരിയറിനാണ് ഇതോടെ വിരാമമിടുന്നത്. ചെല്‍സിക്കായി 381 മത്സരങ്ങളില്‍ നിന്ന് 164 ഗോളുകള്‍ നേടിയിട്ടുണ്ട്. അമേരിക്കന്‍ ടീം ഫീനിക്സ് റൈസിങിന് വേണ്ടിയാണ് താരം കരിയറിലെ അവസാന വര്‍ഷം ചെലവഴിച്ചത്. 23ാം വയസ് വരെ കാര്യമായി അറിയപ്പെടാതിരുന്ന ദ്രോഗ്ബ 2002ല്‍ ഫ്രഞ്ച് ലീഗ് 2വിൽ ലീ മാന്‍സിനായി കരാര്‍ ചെയ്യപ്പെട്ടതോടെയാണ് ശ്രദ്ധേയനായത്. അവിടെ നിന്ന് മാഴ്‌സലെയിലേക്കും പിന്നീട് ചെല്‍സിയിലേക്കും എത്തി. 

ചെല്‍സിയിലെ കളിയാണ് താരത്തെ ലോക ശ്രദ്ധേയനാക്കിയത്. ചെല്‍സിക്കൊപ്പം ദ്രോഗ്ബ മൂന്ന് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കി. നാല് എഫ് എ കപ്പ്, മൂന്ന് ലീഗ് കപ്പ്, ഒരു തവണ ചാമ്പ്യന്‍സ് ട്രോഫി എന്നിവയെല്ലാം ചെല്‍സിക്കൊപ്പം ദ്രോഗ്ബയ്ക്ക് സ്വന്തമാക്കാനായി. 2006-07 സീസണിലും 2009-10 സീസണിലും പ്രീമിയര്‍ ലീഗിലെ ടോപ് സ്‌കോററായി. ചെല്‍സിയില്‍ നിന്ന്  പോയ താരം പിന്നീട് ചൈനീസ്  ഷാങ്ഹായ് ഷിനുവയ്ക്കു വേണ്ടിയും തുര്‍ക്കി ക്ലബ്ബ്  ​ഗലാത്സരേയ്ക്ക്വേണ്ടിയും കളിച്ചു. ഇതിന് ശേഷം ചെല്‍സിയിലേക്ക് വീണ്ടും തിരിച്ചുവന്നു. ചെല്‍സിയിലെ എക്കാലത്തെയും മികച്ച നാലാമത്തെ ടോപ് സ്‌കോറര്‍ ആയാണ് പിന്നീട് ടീം വിട്ടത്. 

ചെൽസിയെ അവരുടെ കന്നി ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിച്ചതാണ് അവിസ്മരണീയ ഓർമ. ഫൈനൽ പോരാട്ടത്തിൽ 1-0ത്തിന് ടീം പിന്നിൽ നിൽക്കേ 88ാം മിനുട്ടിൽ സമനില ഗോളും, പെനാൽറ്റി ഷൂട്ടൗട്ടിൽ നിർണായകമായ അവസാന കിക്ക് സുരക്ഷിതമായി വലയിലാക്കിയും ഇരട്ട ​ഗോളുകൾ നേടിയാണ് ദ്രോ​ഗ്ബ മിന്നും താരമായി മാറിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com