ഏഷ്യാ കപ്പില്‍ ഇന്ത്യയെ ഞെട്ടിച്ച് കീഴടങ്ങി ഹോങ്കോങ്, തോല്‍വി 26 റണ്‍സിന്; ധവാന് സെഞ്ചുറി, അരങ്ങേറ്റ താരം ഖലീല്‍ അഹമ്മദിന് മൂന്ന് വിക്കറ്റ്

 ഇന്ത്യ മുന്നോട്ടുവെച്ച 286 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഹോങ്കോങിന് ജയത്തിന് അരികെ കാലിടറി.
ഏഷ്യാ കപ്പില്‍ ഇന്ത്യയെ ഞെട്ടിച്ച് കീഴടങ്ങി ഹോങ്കോങ്, തോല്‍വി 26 റണ്‍സിന്; ധവാന് സെഞ്ചുറി, അരങ്ങേറ്റ താരം ഖലീല്‍ അഹമ്മദിന് മൂന്ന് വിക്കറ്റ്

ദുബായ്: ഏഷ്യാകപ്പില്‍ ഇന്ത്യയെ ഞെട്ടിച്ച് പൊരുതിത്തോറ്റ് ഹോങ്കോങ്.  ഇന്ത്യ മുന്നോട്ടുവെച്ച 286 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഹോങ്കോങിന് ജയത്തിന് അരികെ കാലിടറി. അരങ്ങേറ്റക്കാരനായ ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ മത്സരത്തില്‍ 26 റണ്ണിനായിരുന്നു ഇന്ത്യയുടെ ജയം.

ഒരു വേള  അട്ടിമറി പ്രതീക്ഷ നല്‍കിയ ഹോങ് കോങിന്റെ ഓപ്പണിങ് കൂട്ടുക്കെട്ട് 174 ല്‍ തകര്‍ന്നതോടെയാണ് ഇന്ത്യക്ക് ശ്വാസം തിരികെ കിട്ടിയത്. ഹോങ് കോങ് സ്‌കോര്‍ 174 ല്‍ നില്‍ക്കെ 73 റണ്‍ നേടിയ ഓപ്പണര്‍ അന്‍ഷുമാന്‍ റാത്തിനെ ശര്‍മ്മയുടെ കൈയിലെത്തിച്ച് കുല്‍ദീപ് യാദവാണ് മടക്കിയത്. ഒരു റണ്‍ കൂട്ടിചേര്‍ക്കുമ്പോഴേക്കും മറ്റൊരു ഓപ്പണറായ നിസാകത് ഖാനും വീണു. 92 റണ്ണെടുത്ത നിസാകത് ഖാനെ അന്താരാഷ്ട്ര കരിയറിലെ ആദ്യ വിക്കറ്റ് നേട്ടം സ്വന്തമാക്കി ഖലീല്‍ അഹമ്മദാണ് വീഴ്ത്തിയത്. പിന്നീടു വന്ന ഹോങ്കോങ് ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും കാര്യമായി ചെറുത്തുനില്‍ക്കാനായില്ല. റണ്ണുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനൊപ്പം വിക്കറ്റുകളും വീണുക്കൊണ്ടിരുന്നു. ഖലീല്‍ അഹമ്മദിനെ കൂടാതെ ചഹല്‍ മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റുകള്‍ നേടി.

ആദ്യ മത്സരത്തില്‍ പാകിസ്താനോടും പരാജയപ്പെട്ട ഹോങ് കോങ് ഇതോടെ ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്തായി. ഇന്ത്യ രണ്ടാം മത്സരത്തില്‍ ബുധാഴ്ച പാകിസ്താനുമായി ഏറ്റുമുട്ടും.

നേരത്തെ ധവാന്റെ സെഞ്ചുറി മികവില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സടിക്കുകയായിരുന്നു. 120  പന്തില്‍ 15 ഫോറും രണ്ട് സിക്‌സുമടക്കം 127 റണ്‍സാണ് ധവാന്‍ നേടിയത്. അവസാന പത്ത് ഓവറില്‍ ഇന്ത്യക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഹോങ്കോങ് ബൗളര്‍മാര്‍ ഇന്ത്യയെ പിടിച്ചുകെട്ടി. ആ പത്ത് ഓവറിനിടയില്‍ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ ഇന്ത്യ ആകെ നേടിയത് 45 റണ്‍സാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com