ബംഗ്ലാദേശിനെ പിടിച്ചുകെട്ടി ഇന്ത്യന്‍ ബൗളര്‍മാര്‍, 223 റണ്‍സ് വിജയലക്ഷ്യം; ലിറ്റണ്‍ ദാസിന് സെഞ്ചുറി, കുല്‍ദീപ് യാദവിന് മൂന്ന് വിക്കറ്റ് 

ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 223 റണ്‍സ് വിജയലക്ഷ്യം
ബംഗ്ലാദേശിനെ പിടിച്ചുകെട്ടി ഇന്ത്യന്‍ ബൗളര്‍മാര്‍, 223 റണ്‍സ് വിജയലക്ഷ്യം; ലിറ്റണ്‍ ദാസിന് സെഞ്ചുറി, കുല്‍ദീപ് യാദവിന് മൂന്ന് വിക്കറ്റ് 

ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 223 റണ്‍സ് വിജയലക്ഷ്യം. ഒരുഘട്ടത്തില്‍ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുമെന്ന് കരുതിയിരുന്ന ബംഗ്ലാദേശിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു.48.3 ഓവറില്‍ ബംഗ്ലാദേശിന്റെ മുഴുവന്‍ ബാറ്റ്‌സ്മാന്മാരും പുറത്തായി.ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും, കെ എം ജാദവ് രണ്ട് വിക്കറ്റും വീഴ്ത്തി.

ഓപ്പണര്‍ ലിറ്റണ്‍ ദാസിന്റെ സെഞ്ചുറിയാണ് ബംഗ്ലാദേശ് ബാറ്റിങില്‍ എടുത്തുപറയേണ്ടത്. 117 പന്തില്‍ 121 റണ്‍സ് നേടിയ ലിറ്റണ്‍ 12 ഫോറുകളുടെയും രണ്ട് സിക്‌സുകളുടെയും അകമ്പടിയോടെയാണ് ഇന്നിംഗ്‌സ് പടുത്തുയര്‍ത്തിയത്. മെഹ്ദി ഹസനുമായി ചേര്‍ന്ന് മികച്ച ഓപ്പണിങ് കൂട്ടുകെട്ടിനാണ് ലിറ്റണ്‍ ദാസ് തുടക്കമിട്ടത്. എന്നാല്‍ ഇത് മുതലാക്കാന്‍ ബംഗ്ലാദേശിന് സാധിച്ചില്ല. മറുവശത്ത് വിക്കറ്റുകള്‍ ഓരോന്നായി വീഴുന്നതിന് ലിറ്റണ്‍ ദാസ് സാക്ഷിയായി. 20-ാമത്തെ ഓവറിലാണ് ബംഗ്ലാദേശിന്റെ ആദ്യ വിക്കറ്റ് വീണത്. ആ സമയം 120 റണ്‍സായിരുന്നു ബംഗ്ലാദേശിന്റെ സ്‌കോര്‍ബോര്‍ഡില്‍. 40-ാമത്തെ ഓവറിലാണ് ലിറ്റണ്‍ ദാസിനെ അവര്‍ക്ക് നഷ്ടമായത്.

കഴിഞ്ഞ മല്‍സരത്തില്‍ വിശ്രമം അനുവദിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തി. ഇതോടെ അഫ്ഗാനെതിരെ കളിച്ച ലോകേഷ് രാഹുല്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, മനീഷ് പാണ്ഡെ, സിദ്ധാര്‍ഥ് കൗള്‍ എന്നിവര്‍ പുറത്തായി. ബംഗ്ലദേശ് നിരയില്‍ മോമിനുല്‍ ഹഖിനു പകരം നാസ്മുല്‍ ഇസ്‌ലാം ടീമില്‍ ഇടം പിടിച്ചു. ഏഴാം തവണ കിരീടത്തില്‍ മുത്തമിടാന്‍ ഇന്ത്യയും മൂന്നാം ഫൈനലിലെങ്കിലും കിരീടത്തില്‍ ആദ്യ മുത്തമിടാന്‍ ഭാഗ്യം തേടി ബംഗ്ലാദേശും കളത്തിലിറങ്ങിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com