ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം; യൂറോപ്യന്‍ വമ്പന്‍ തലകള്‍ തമ്മില്‍ പോര്‌

ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകുവാന്‍ ലക്ഷ്യം വെയ്ക്കുന്ന ബംഗളൂരു എഫ്‌സിയുടെ മുന്‍ പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്കയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാക്കിയാണ് വമ്പന്‍ തലകള്‍ വരുന്നത്
ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം; യൂറോപ്യന്‍ വമ്പന്‍ തലകള്‍ തമ്മില്‍ പോര്‌

ബംഗളൂരു: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് യൂറോപ്യന്‍ വമ്പന്മാരുടെ പേരുകളുമെത്തുന്നു. ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകുവാന്‍ ലക്ഷ്യം വെയ്ക്കുന്ന ബംഗളൂരു എഫ്‌സിയുടെ മുന്‍ പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്കയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാക്കിയാണ് വമ്പന്‍ തലകള്‍ വരുന്നത്. 

ഇറ്റാലിയന്‍ താരം ജാന്നി ദെ ബയാസിയാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്കായി ഉയര്‍ന്നു കേള്‍ക്കുന്ന ഒരുപേര്. അല്‍ബേനിയന്‍ ഫുട്‌ബോള്‍ ടീം ആദ്യമായി ഒരു വലിയ ടൂര്‍ണമെന്റിലേക്ക് ക്വാളിഫൈ ചെയ്യുന്നത് ജാന്നിയുടെ കീഴിലായിരുന്നു. 2016ല്‍ യൂറോ കപ്പിലേക്കായിരുന്നു അല്‍ബേനിയയെ ജാന്നി എത്തിച്ചത്. 

സ്വീഡന്റെ ഹകന്‍ എറിക്‌സനാണ് പരിഗണിക്കപ്പെടുന്നവരില്‍ മറ്റൊരു താരം. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്കായി അപേക്ഷിക്കുന്നതിനുള്ള സമയം കഴിഞ്ഞു. വന്നിരിക്കുന്ന അപേക്ഷകളില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇപ്പോള്‍. റോക്ക, ജാന്നി, എറിക്‌സണ്‍ എന്നിവര്‍ക്ക് പുറമെ, റോബര്‍ട്ട് ജാര്‍ണി, ഇഗര്‍ സ്റ്റിമഗ്, മാസിമിലാനോ മഡലോനി,ആഷ്‌ലി വെസ്റ്റ്വുഡ്, എലകോഷട്ടോരി എന്നിവരും അപേക്ഷിച്ചവരില്‍ ഉള്‍പ്പെടുന്നു. 

40 അപേക്ഷകളാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. രണ്ട് കോടിക്കടുത്ത് രൂപയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകന് പ്രതിവര്‍ഷം പ്രതിഫലമായി ലഭിച്ചിരുന്നത്. ഇനി വരുന്ന പരിശീലകന് രണ്ടര കോടിയിലേക്ക് പ്രതിവര്‍ഷ പ്രതിഫലം ഉയരും. സ്വന്‍ ഗോറന്‍ എറിക്‌സന്‍, സാം അല്ലാര്‍ഡൈസ് എന്നീ പേരുകള്‍ നേരത്തെ ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നു എങ്കിലും അതില്‍ സ്ഥിരീകരണമായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com