മലിം​ഗ വിരമിക്കാനൊരുങ്ങുന്നു? ഇനി ​ഗ്രൗണ്ടിൽ കാണില്ലെന്നും പിന്തുണച്ചവർക്ക് നന്ദി പറഞ്ഞും സന്ദേശം

ഏകദിന ലോകകപ്പ് അടുത്തിരിക്കെ ക്രിക്കറ്റ് ആരാധകരെ ഞെട്ടിക്കുന്ന തീരുമാനത്തിന് ഒരുങ്ങി ലസിത് മലിംഗ
മലിം​ഗ വിരമിക്കാനൊരുങ്ങുന്നു? ഇനി ​ഗ്രൗണ്ടിൽ കാണില്ലെന്നും പിന്തുണച്ചവർക്ക് നന്ദി പറഞ്ഞും സന്ദേശം

കൊളംബോ: ഏകദിന ലോകകപ്പ് അടുത്തിരിക്കെ ക്രിക്കറ്റ് ആരാധകരെ ഞെട്ടിക്കുന്ന തീരുമാനത്തിന് ഒരുങ്ങി ലസിത് മലിംഗ. മലിംഗ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കളിക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. 

മലിംഗയെ മാറ്റി ദിമുത് കരുണരത്‌നയെ ആണ് പുതിയ ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്. ഇതിൽ താരം അസ്വസ്ഥനായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ലോകകപ്പിനുള്ള 15 ടീമിൽ മലിം​ഗ ഉൾപ്പെട്ടിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് കളിക്കാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വിരമിക്കല്‍ സൂചന നല്‍കുന്ന സന്ദേശം മലിംഗ അയച്ചത്. 'ഗ്രൗണ്ടില്‍ വെച്ച് ഇനി നമ്മള്‍ കാണില്ല, ഇത്രയും കാലം എന്നെ പിന്തുണച്ചവര്‍ക്കും എന്റെ കൂടെ നിന്നവര്‍ക്കും നന്ദി' സിംഹള ഭാഷയില്‍ അയച്ച സന്ദേശത്തില്‍ മലിംഗ പറയുന്നു. ബുധനാഴ്ച്ച രാവിലെ 11.22നാണ് ഗ്രൂപ്പില്‍ മലിംഗ സന്ദേശം അയച്ചത്. 

അതേസമയം ലങ്കന്‍ ടീമിന്റെ മുഖ്യ സെലക്ടറായ അശാന്ത ഡി മെല്‍ ഇതിന് ഒരു മണിക്കൂര്‍ മുമ്പ് മലിംഗയെ വിളിച്ചിരുന്നു. ക്യാപ്റ്റനല്ലെങ്കിലും ലോകകപ്പില്‍ കളിക്കാന്‍ മലിംഗയുണ്ടാകുമോ എന്ന് അന്വേഷിക്കാനായിരുന്നു വിളിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മലിംഗയെ ഉള്‍പ്പെടുത്തി ടീമിനെ പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാല്‍ ഇതിന് ഒരു മണിക്കൂറിന് ശേഷമാണ് മലിംഗ സന്ദേശം അയച്ചത്. ഇതോടെ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ക്യാപ്റ്റന്‍ സ്ഥാനത്തേക്കാള്‍ ലോകകപ്പില്‍ കളിക്കുന്ന എന്നതാണ് പ്രധാനമെന്നും ഇത്തരം ഒരു സന്ദേശം അയച്ചതുകൊണ്ട് മലിംഗ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അറിയില്ലെന്നും ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com