കന്നി ടെസ്റ്റ് സെഞ്ച്വറിയുമായി ബേണ്‍സ്; ആഷസില്‍ ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക്

ഓസ്‌ട്രേലിയക്കെതിരായ ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക്
കന്നി ടെസ്റ്റ് സെഞ്ച്വറിയുമായി ബേണ്‍സ്; ആഷസില്‍ ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക്

ബിര്‍മിങ്ഹാം: ഓസ്‌ട്രേലിയക്കെതിരായ ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ അവര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെന്ന നിലയില്‍. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 284 റണ്‍സില്‍ അവസാനിപ്പിച്ചിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ പത്ത് റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയത്. 

കന്നി ടെസ്റ്റ് സെഞ്ച്വറിയുമായി പുറത്താകാതെ നില്‍ക്കുന്ന ഓപണര്‍ റോറി ബേണ്‍സിന്റെ ബാറ്റിങാണ് ഇംഗ്ലണ്ടിന് കരുത്തായത്. പുറത്താകാതെ നില്‍ക്കുന്ന താരം 109 റണ്‍സെടുത്തിട്ടുണ്ട്. 14 ഫോറുകളും ഇന്നിങ്‌സിന് തൊങ്ങല്‍ ചാര്‍ത്തി. 

ക്യാപ്റ്റന്‍ ജോ റൂട്ട് (57) അര്‍ധ സെഞ്ച്വറി നേടി പുറത്തായി. ജോ ഡെന്‍ലി (18), ജോസ് ബട്‌ലര്‍ (അഞ്ച്), ജാസന്‍ റോയ് (10) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍. ബേണ്‍സിന് കൂട്ടായി 20 റണ്‍സുമായി ബെന്‍ സ്റ്റോക്‌സാണ് ക്രീസില്‍. ഓസീസിനായി പാറ്റിൻസൻ രണ്ട് വിക്കറ്റുകളും സിഡിൽ, കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് നേടിയ മാസ്റ്റര്‍ ക്ലാസ് സെഞ്ച്വറിയുടെ ബലത്തിലാണ് 284ല്‍ എത്തിയത്. 219 പന്തുകള്‍ നേരിട്ട് 16 ഫോറുകളും രണ്ട് സിക്‌സും പറത്തി സ്മിത്ത് 144 റണ്‍സെടുത്തു. വാലറ്റത്ത് പീറ്റര്‍ സിഡില്‍ (44), മധ്യനിരയില്‍ ട്രാവിസ് ഹെഡ്ഡ് (35) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റ് താരങ്ങള്‍. 

ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ് അഞ്ച് വിക്കറ്റുകളും ക്രിസ് വോക്‌സ് മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ബെന്‍ സ്‌റ്റോക്‌സ്, മോയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com