നായകനെന്ന നിലയില്‍ ഈ റെക്കോര്‍ഡും ഇനി കോഹ്‌ലിക്ക്; ഗാംഗുലിയെ മറികടന്നു, ധോനിക്കൊപ്പമെത്തി

വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതോടെ കോഹ്‌ലി ഇപ്പോള്‍ മറ്റൊരു നേട്ടത്തിലെത്തിയിരിക്കുകയാണ്
നായകനെന്ന നിലയില്‍ ഈ റെക്കോര്‍ഡും ഇനി കോഹ്‌ലിക്ക്; ഗാംഗുലിയെ മറികടന്നു, ധോനിക്കൊപ്പമെത്തി

പോര്‍ട് ഓഫ് സ്‌പെയിന്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ നായകനെന്ന നിലയിലുള്ള പ്രകടനത്തെ സംബന്ധിച്ച് അഭിപ്രായങ്ങള്‍ സമ്മിശ്രമാണ്. ഇഷ്ടപ്പെടുന്നവരും സംശയത്തോടെ വീക്ഷിക്കുന്നവരുമുണ്ട്. 

വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതോടെ കോഹ്‌ലി ഇപ്പോള്‍ മറ്റൊരു നേട്ടത്തിലെത്തിയിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റിലെ വിജയക്കുതിപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാന്‍മാരായ ക്യാപ്റ്റന്‍മാരെയെല്ലാം കോഹ്‌ലി പിന്തള്ളിയിരിക്കുകണിപ്പോള്‍. വിദേശത്തെ ടെസ്റ്റ് വിജയങ്ങളുടെ എണ്ണത്തില്‍ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയ കോഹ്‌ലി, നാട്ടിലും വിദേശത്തുമായുള്ള ടെസ്റ്റ് വിജയങ്ങളുടെ എണ്ണത്തില്‍ മഹേന്ദ്ര സിങ് ധോനിക്കൊപ്പമെത്തി.

നായകനെന്ന നിലയില്‍ കോഹ്‌ലിക്കു കീഴില്‍ ഇന്ത്യ നേടുന്ന വിദേശ മണ്ണിലെ 12ാം ടെസ്റ്റ് വിജയമാണ് വെസ്റ്റിന്‍ഡീസിനെതിരെ സ്വന്തമാക്കിയത്. കോഹ്‌ലിയുടെ നായകത്വത്തിന് കീഴില്‍ 26 ടെസ്റ്റുകളില്‍ നിന്നാണ്  ഇന്ത്യ 12ാം വിജയം കുറിച്ചത്. വിദേശത്ത് ഇന്ത്യന്‍ ടീമിനെ 28 ടെസ്റ്റുകളില്‍ നയിച്ച ഗാംഗുലിയുടെ പേരില്‍ 11 വിജയങ്ങളാണുള്ളത്. മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി- 30 ടെസ്റ്റില്‍ ആറ് ജയം, രാഹുല്‍ ദ്രാവിഡ്- 17 ടെസ്റ്റില്‍ അഞ്ച് ജയം എന്നിവരാണ് വിദേശ മണ്ണിലെ വിജയക്കണക്കില്‍ കോഹ്‌ലിക്കു പിന്നിലുള്ളത്.

അതേസമയം, നായകനെന്ന നിലയില്‍ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ സമ്മാനിച്ച താരമെന്ന മഹേന്ദ്ര സിങ് ധോനിയുടെ റെക്കോര്‍ഡിന് ഒപ്പമെത്താനും കോഹ്‌ലിക്ക് സാധിച്ചു. 60 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച ധോണി 27 മത്സരങ്ങളിലാണ് വിജയിച്ചത്. കോഹ്‌ലിയാകട്ടെ വെറും 47 ടെസ്റ്റുകളില്‍ നിന്നുതന്നെ ഈ റെക്കോര്‍ഡിനൊപ്പമെത്തി. കോഹ്‌ലിക്കു കീഴില്‍ ഇന്ത്യ നേടുന്ന 27ാം ടെസ്റ്റ് ജയമാണ് ഇന്നലെ ആന്റിഗ്വയിലേത്. 49 മത്സരങ്ങളില്‍ നിന്ന് 21 ജയം സമ്മാനിച്ച് ഗാംഗുലി മൂന്നാമതും 47 ടെസ്റ്റുകളില്‍ നിന്ന് 14 ജയം സമ്മാനിച്ച് മുഹമ്മദ് അസ്ഹറുദ്ദീന്‍ നാലാം സ്ഥാനത്തുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com